ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 25, 2022

നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്ക് അവധി

ശനിയാഴ്ച മുതല്‍ നാലുനാള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ അവധിയാണ്. തുടര്‍ന്നുവരുന്ന 28, 29 തീയതികളില്‍ ദേശീയ പണിമുടക്ക് കാരണം ബാങ്ക് പ്രവര്‍ത്തിക്കില്ല. പിന്നീട് വരുന്ന 30, 31 തീയതികളാണ് ആശ്വാസം. ഏപ്രില്‍ ഒന്നിന് വാര്‍ഷിക കണക്കെടുപ്പ് നടക്കുന്നതിനാല്‍ അന്നും ബാങ്ക് അവധിയാണ്.

സ്‌പെക്ട്രം ലേലം കഴിഞ്ഞാലുടന്‍ 5 ജി സേവനം അവതരിപ്പിക്കുമെന്ന് എയര്‍ടെല്‍

രാജ്യത്ത് നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലം കഴിഞ്ഞാലുടന്‍ 5ജി സേവനം അവതരിപ്പിക്കുമെന്ന് എയര്‍ടെല്‍. ഒരു ടെക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാരതി എയര്‍ടെല്‍ സി ടി ഒ ആയ രണ്‍ദീപ് ശെഖാനാണ് ഇക്കാര്യം പറഞ്ഞത്. സ്‌പെക്ട്രം ലേലം കഴിഞ്ഞാല്‍ 2 - 3 മാസത്തിനുള്ളില്‍ തന്നെ എയര്‍ടെലിന്റെ ഉപഭോക്താക്കള്‍ക്ക് 5ജി നെറ്റ്വര്‍ക്കിന്റെ വേഗതയും കാര്യക്ഷമതയും ആസ്വദിക്കാനാവും.

റിലയന്‍സ് ജിയോ ഈ രംഗത്ത് ഭാരതി എയര്‍ടെലിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഒരു മത്സരമായി കണ്ടുകൊണ്ടല്ല, മറിച്ച് വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം എത്തിക്കാനാണ് ശ്രമമെന്ന് ശെഖാന്‍ വ്യക്തമാക്കി.

2023 ഓടെ വനിതാ ഐപിഎല്‍ കൊണ്ടുവന്നേക്കുമെന്ന് ബിസിസിഐ

2023ഓടെ വനിതാ ഐപിഎല്‍ ആരംഭിക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നതായി ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി വെള്ളിയാഴ്ച അറിയിച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ സീസണില്‍ നാല് എക്സിബിഷന്‍ ഗെയിമുകള്‍ തിരിച്ചുവരുന്നതായും ഗാംഗുലി അറിയിച്ചു. വനിതാ ഐപിഎല്‍ ആരംഭിക്കാത്തതിന് മുമ്പ് വിമര്‍ശിക്കപ്പെട്ട ബിസിസിഐക്ക് അടുത്ത സീസണില്‍ ലീഗ് കിക്ക്സ്റ്റാര്‍ട്ട് ചെയ്യുന്നതിന് എജിഎമ്മിന്റെ അനുമതി ആവശ്യമാണ്.

മൂന്നാംദിനവും പെട്രോള്‍ ഡീസല്‍ വില വര്‍ധന

മൂന്നാം ദിനവും പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസ വീതം വര്‍ധിപ്പിച്ചു, നാല് ദിവസത്തിനിടെ തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ദ്ധനവാണ് ഇന്ന്. ലിറ്ററിന് 2.4 രൂപയാണ് ഇപ്പോള്‍ കൂട്ടിയത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.81 രൂപയും ഡീസലിന് 89.07 രൂപയുമാണ്.

പഞ്ചസാര കയറ്റുമതിയില്‍ നിയന്ത്രണം വന്നേക്കും

പഞ്ചസാര കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് പഞ്ചസാര കയറ്റുമതി പരിമിതപ്പെടുത്താന്‍ ഇന്ത്യ തയാറെടുക്കുന്നത്. ആഭ്യന്തര വിലക്കയറ്റം തടയുന്നതിനായി കയറ്റുമതി 8 ദശലക്ഷം ടണ്ണായി കുറയ്ക്കുമെന്ന് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര കയറ്റുമതിക്കാരായ ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഇത് ആഗോളതലത്തില്‍ പഞ്ചസാര വില ഉയരാനിടയാക്കും.

പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി

ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ രണ്ടുദിവസത്തെ ദേശീയ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി. മാര്‍ച്ച് 28-29 തിയതികളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് സംഘടനകളും പണിമുടക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഓട്ടോ, എഫ്എംസിജി, ഫാര്‍മ, ഐറ്റി ഓഹരികള്‍ നിറം മങ്ങി; സൂചികകളില്‍ ഇടിവ്

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ ഇന്ന് ഇടിവോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 233.48 പോയ്ന്റ് ഇടിഞ്ഞ് 57362.20 പോയ്ന്റിലും നിഫ്റ്റി 69.80 പോയ്ന്റ് ഇടിഞ്ഞ് 17153 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1256 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1958 ഓഹരികളുടെ വിലയിടിഞ്ഞു. 91 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഡോ റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയ്ന്റ്സ്, എസ്ബിഐ, റിലയന്‍സ്, കൊട്ടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മഹീന്ദ്ര & മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എന്‍ടിപിസി, ഇന്‍ഫോസിസ്, സണ്‍ഫാര്‍മ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. ഓട്ടോ, എഫ്എംസിജി, കാപിറ്റല്‍ ഗുഡ്സ്, ഫാര്‍മ, ഐറ്റി തുടങ്ങിയ സെക്ടറല്‍ സൂചികകളില്‍ അര ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. അതേസമയം റിയല്‍റ്റി ഓഹരികള്‍ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

ഒന്‍പത് കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.63 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ (4.29 ശതമാനം), കെഎസ്ഇ (1.33 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.24 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (1.20 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം പാറ്റ്സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില ഇന്റര്‍നാഷണല്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കിറ്റെക്സ്, എഫ്എസിടി, ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍സ് മലയാളം തുടങ്ങി 19 ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

Related Articles
Next Story
Videos
Share it