ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 28, 2022

ചൈനീസ് കൂട്ടുകെട്ടുള്ള എന്‍ബിഎഫ്സികളെ നിരോധിക്കണമെന്ന് ഇഡി

ചൈനീസ് ബന്ധമുള്ള നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടാണ് ഇഡി ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ 40 എന്‍ഫിഎഫ്സികളുടെ പട്ടികയും ഇഡി തയ്യാറാക്കിയിട്ടുണ്ട്. വായ്പ നല്‍കല്‍, വീണ്ടെടുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എന്‍ബിഎഫ്സികളുടെ മേല്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്‍ബിഎഫ്സികളുമായി സഹകരിക്കുന്ന ഫിന്‍ടെക്കുകളാണ് വായ്പ വീണ്ടെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചൈനക്കാരോ, ഹോങ്കോംഗ് ആസ്ഥാനമായി ചൈനീസ് പൗരന്മാരോ ആണ് ഇത്തരം ഫിന്‍ടെക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇഡി പറയുന്നു.

2022 സാമ്പത്തിക വര്‍ഷം നടന്ന ഐപിഒകളിലൂടെ കമ്പനികള്‍ സമാഹരിച്ചത് 1.1 ട്രില്യണ്‍ രൂപ

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത് 'ഐപിഒ മാമാങ്ക'ത്തിന്. 2021 ഏപ്രില്‍ ഒന്നിനുശേഷം ഇതുവരെയായി 1.11 ട്രില്യണ്‍ രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചത്. 52 കമ്പനികളാണ് ഇക്കാലയളവില്‍ ഓഹരി വിപണിയില്‍ പുതുതായി കടന്നെത്തിയത്. ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഒരു സാമ്പത്തിക വര്‍ഷം ഐപിഒയിലൂടെ സമാഹരിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ജോയ് ആലുക്കാസ് ഐപിഒയും ഉടന്‍; സെബിയില്‍ രേഖകള്‍ സമര്‍പ്പിച്ചു

പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡ് ജോയ് ആലുക്കാസ് ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡി ആര്‍ എച്ച് പി ഫയല്‍ ചെയ്തു. ഐപിഒയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള രേഖകള്‍ ശനിയാഴ്ചയാണ് ജോയ് ആലുക്കാസ് സമര്‍പ്പിച്ചത്. 2300 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ വഴി ജോയ് ആലുക്കാസ് ഗ്രൂപ്പിനെ കടരഹിത കമ്പനിയാക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബെഞ്ച്മാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജോയ്ആലുക്കാസ് ഗ്രൂപ്പിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുകയെന്ന് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.

മുന്‍ സിഎജി വിനോദ് റായ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ ചെയര്‍മാനായി

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ചെയര്‍മാനായി വിനോദ് റായ്. ഇന്ത്യയുടെ മുന്‍ സിഎജിയും ഐക്യരാഷ്ട്രസഭയുടെ എക്സ്റ്റേണല്‍ ഓഡിറ്റേര്‍സ് പാനലിന്റെ മുന്‍ അധ്യക്ഷനുമായിരുന്നു.

മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് ലക്ഷം കോടിയിലേറെ രൂപ

മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 1,14,855.97 കോടി രൂപയുടെ നിക്ഷേപം. പണപ്പെരുപ്പത്തെ സംബന്ധിച്ച ആശങ്കകളാണ് നിക്ഷേപകര്‍ പിന്നോട്ടടിക്കാന്‍ പ്രധാന കാരണം. മാര്‍ച്ചില്‍ ഇതു വരെ ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 48261.65 കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് വിറ്റത്. പണപ്പെരുപ്പത്തിനൊപ്പം റഷ്യ-യുക്രൈന്‍ യുദ്ധമടക്കമുള്ള ആഗോള പ്രശ്നങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വര്‍ണവില (Today Gold Price) കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് ഗ്രാമിന് 4795 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 38360 രൂപയാണ്.

സിംഗപ്പൂര്‍ ഷോപ്പിംഗ് ആപ്പ് ഷോപ്പീ ഇന്ത്യ വിടുന്നു

സിംഗപ്പൂരിലെ ഇ-കൊമേഴ്സ് സ്ഥാപനമായ ഷോപ്പി ഇന്ത്യയില്‍ പ്രവേശിച്ച് ഏകദേശം ആറ് മാസത്തിനുള്ളില്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. മീഷോ, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ എന്നിവയുമായി മത്സരിക്കുന്ന ഈടെയ്ലര്‍, പ്രത്യേകിച്ച് വിപണിയുടെ മോശം പ്രതികരണം മൂലം ഇന്ത്യയില്‍ പ്രവേശിച്ച് ഏകദേശം ആറ് മാസത്തിനുള്ളില്‍ ആണ് അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ചുവപ്പില്‍നിന്ന് പച്ചയിലേക്ക് കയറി വിപണി, സെന്‍സെക്സ് 231 പോയ്ന്റ് ഉയര്‍ന്നു

തുടക്കം മുതല്‍ ഇടിവിലേക്ക് വീണ ഓഹരി വിപണി ഉച്ചയോടെ പച്ചയിലേക്ക് തിരിച്ചുകയറി. ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്സ് 231 പോയ്ന്റ് ഉയര്‍ച്ചയോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകള്‍, ഓട്ടോ, മെറ്റല്‍ ഓഹരികള്‍ പോസിറ്റീവിലേക്ക് നീങ്ങിയതാണ് വിപണിക്ക് അനുകൂലമായത്. സെന്‍സെക്സ് 56,825 എന്ന താഴ്ന്ന നിലയില്‍ നിന്ന് 0.4 ശതമാനം ഉയര്‍ന്ന് 57,593.5 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,004 എന്ന താഴ്ന്ന നിലയില്‍ നിന്ന് തിരിച്ചുകയറുകയും 69 പോയ്ന്റ് അഥവാ 0.4 ശതമാനം ഉയര്‍ന്ന് 17,222 ല്‍ വ്യപാരം അവസാനിപ്പിക്കുകയും ചെയ്തു.

നിഫ്റ്റി 50 സൂചികയില്‍ 4 ശതമാനം ഉയര്‍ന്ന് ഭാരതി എയര്‍ടെല്ലാണ് മികച്ച നേട്ടം നേട്ടം കൈവരിച്ചത്. കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്യുഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ്. എന്നീ ഓഹരികള്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്‌സ്, നെസ്ലെ, എച്ച്ഡിഎഫ്‌സി, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്, അദാനി പോര്‍ട്ട്‌സ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.3 ശതമാനവും 0.5 ശതമാനവും താഴ്ന്നു.

കമ്പനികളില്‍ പിവിആറിന്റെയും Inox Leisure ന്റെയും ഓഹരികള്‍ തിങ്കളാഴ്ചത്തെ ഇന്‍ട്രാ-ഡേ ട്രേഡില്‍ 20 ശതമാനം വരെ ഉയര്‍ന്നു. രണ്ട് പ്രധാന മള്‍ട്ടിപ്ലക്‌സ് ഉടമകളായ പിവിആറും കിീഃ ഘലശൗെൃല ഉം ലയന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഈ ഓഹരികള്‍ കുതിച്ചുയര്‍ന്നത്. കൂടാതെ, 2022 മാര്‍ച്ച് 31 വ്യാഴാഴ്ച നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഓഹരികള്‍ തിരികെ വാങ്ങുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗെയില്‍ ഇന്ത്യ പ്രഖ്യാപിച്ചതിന് ശേഷം ഓഹരികള്‍ ബിഎസ്ഇയില്‍ 4 ശതമാനം ഉയര്‍ന്ന് 153.25 രൂപയിലെത്തി. മേഖലാതലത്തില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 1 ശതമാനത്തിലധികം ഉയര്‍ന്ന് മികച്ച മേഖലാ നേട്ടമുണ്ടാക്കി. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സൂചിക 0.9 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നെങ്കിലും കേരള കമ്പനികളില്‍ പലതും വിപണിയില്‍ തിരിച്ചടി നേരിട്ടു. 10 കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ആസ്റ്റര്‍ ഡിഎമ്മിന്റെ ഓഹരി വില 10.81 ശതമാനം ഉയര്‍ന്ന് നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചു. അപ്പോളോ ടയേഴ്‌സ് (0.75 ശതമാനം), എഫ്എസിടി (1.01 ശതമാനം), ഫെഡറല്‍ ബാങ്ക് (1.03 ശതമാനം), കേരള ആയുര്‍വേദ (2.29 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.80 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (4.69 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സിഎസ്ബി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, നിറ്റ ജലാറ്റിന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരിവിലകളില്‍ ഇടിവുണ്ടായി.

Related Articles
Next Story
Videos
Share it