ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 29, 2022

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക കരാര്‍ മെയ് ഒന്നിനു നിലവില്‍ വരും

ഇന്ത്യയും യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) 2022 മെയ് 1-ന് നിലവില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. തിങ്കളാഴ്ച ദുബായില്‍ നടന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച ഇന്ത്യ - യുഎഇ, ബിസിനസ് - ടു - ബിസിനസ് (B2B) മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഫ്രിക്ക, ജി സി സി രാജ്യങ്ങള്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, സി ഐ എസ് രാജ്യങ്ങള്‍, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കവാടമായാണ് ഇന്ത്യ യു എ ഇയെ നോക്കിക്കാണുന്നതെന്ന് ഗോയല്‍ പറഞ്ഞു.

പണിമുടക്കില്‍ കേരളത്തിന് നഷ്ടം 4380 കോടി രൂപ

രണ്ട് ദിവസത്തെ പൊതു പണിമുടക്കില്‍ 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കൊവിഡ് വ്യാപനത്തിന്റെ തിരിച്ചടിയില്‍ നിന്നും കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസം കേരളം സ്തംഭിച്ചത്. 2021ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്.

ഇന്‍ഡസ് ടവേഴ്സിന്റെ ഓഹരികളില്‍ നിക്ഷേപിച്ച് ഭാരതി എയര്‍ടെല്‍

ഭാരതി എയര്‍ടെലും അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയും വോഡഫോണ്‍ ഗ്രൂപ്പിന്റെ അഫിലിയേറ്റ് ആയ യൂറോ പസഫിക് സെക്യൂരിറ്റീസില്‍ നിന്ന് ഇന്‍ഡസ് ടവേഴ്സിന്റെ ഏകദേശം 4.7 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് ചൊവ്വാഴ്ച അറിയിച്ചു. ഒരു ഓഹരി 187.88 രൂപ നിരക്കിലാണ് ഏറ്റെടുക്കല്‍ നടത്തിയിരിക്കുന്നത്.

ഖനന മന്ത്രാലയത്തിന് കീഴിലുള്ള ഖനിജ് ബിദേശ് ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ കരാര്‍

ഖനന മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം ഖനിജ് ബിദേശ് ഇന്ത്യയും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ക്രിട്ടിക്കല്‍ മിനറല്‍ ഫെസിലിറ്റേഷന്‍ ഓഫീസും പുതിയ കരാറില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ ലിഥിയം, കൊബാള്‍ഡ് ശേഖരം തിരിച്ചറിയുകയും ഖനനം നടത്തുകയുമാണ് ലക്ഷ്യം. ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് കരാറില്‍ ഒപ്പിട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നേരത്തെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സര്‍ക്കാര്‍ തലത്തില്‍ ഈ മേഖലയിലുള്ള തുടര്‍ സഹകരണത്തിന് കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ളതാണ് പുതിയ കരാര്‍.

ഹേമാനി ഇന്‍ഡസ്ട്രീസ് ഐപിഒയ്ക്ക്

വിള സംരക്ഷണം, മരം സംരക്ഷണം, വെറ്ററിനറി സയന്‍സ്, ഗാര്‍ഹിക ആരോഗ്യ, പൊതുജനാരോഗ്യ വ്യവസായം തുടങ്ങിയ മേഖലകള്‍ക്കുവേണ്ടിയുള്ള അഗ്രോകെമിക്കല്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഉല്‍പാദകരായ ഹേമാനി ഇന്‍ഡസ്ട്രീസ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 500 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍, പ്രമോട്ടര്‍ ഗ്രൂപ്പില്‍ നിന്നുള്ള നിലവിലെ ഓഹരി ഉടമകളുടെ 1,500 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

പുതിയ എസ് യു വി മെറിഡിയന്‍ അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ

ജീപ്പ് ഇന്ത്യ ചൊവ്വാഴ്ച പുതിയ എസ്യുവി മെറിഡിയന്‍ അവതരിപ്പിച്ചു. ഡെലിവറി 2022 ജൂണില്‍ ആരംഭിക്കും. ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കമ്പനിയുടെ ആദ്യത്തെ ത്രി- റോ എസ്യുവിയാണ് മെറിഡിയന്‍.

ഫാര്‍മ, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ തുണച്ചു; ഓഹരി സൂചികകളില്‍ മുന്നേറ്റം

ഓഹരി സൂചികകളില്‍ ഇന്ന് മുന്നേറ്റം. സെന്‍സെക്സ് 350.16 പോയ്ന്റ് ഉയര്‍ന്ന് 57943.65 പോയ്ന്റിലും നിഫ്റ്റി 103.30 പോയ്ന്റ് ഉയര്‍ന്ന് 17325.30 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകളും ക്രൂഡ് വില ദുര്‍ബലമായതും ആഗോള തലത്തില്‍ വിപണിക്ക് നേട്ടമായി.

1307 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1917 ഓഹരികളുടെ വിലയിടിഞ്ഞു. 89 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഐഷര്‍ മോട്ടോഴ്സ്, ഡിവിസ് ലാബ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച് ഡി എഫ് സി, അദാനി പോര്‍ട്ട്സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ഹീറോ മോട്ടോകോര്‍പ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐഒസി, ഐറ്റിസി തുടങ്ങിയവയുടെ വിലിയിടിഞ്ഞു.

ഓയ്ല്‍ & ഗ്യാസ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. ഫാര്‍മ, റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. കാപിറ്റല്‍ ഗുഡ്സ് സൂചിക 0.65 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ സൂചികകള്‍ 0.6 ശതമാനം നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

13 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി (6.46 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.93 ശതമാനം), സ്‌കൂബീ ഡേ (4.48 ശതമാനം), എഫ്എസിടി(4.18 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (2.96 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (1.60 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഈസ്റ്റേണ്‍ ട്രെഡ്സ് (3.70 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.74 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.56 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.20 ശതമാനം), ആസ്റ്റര്‍ ഡി എം (1.95 ശതമാനം) തുടങ്ങി 16 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

ധനം ബി എഫ് എസ് ഐ സമിറ്റ് നാളെ

ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് സമിറ്റ് ധനത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ (മാര്‍ച്ച് 30) കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വീണ്ടും അരേങ്ങേറും. 2020 വരെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ്, കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംഘടിപ്പിക്കുന്നത്.

വൈകിട്ട് 3.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമിറ്റില്‍ രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്കൊരുങ്ങുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എം ആര്‍ കുമാര്‍, മാനേജിംഗ് ഡയറക്റ്റര്‍ മിനി ഐപ്പ് എന്നിവര്‍ പങ്കെടുക്കും. നിക്ഷേപ രംഗത്ത് വേറിട്ട കാഴ്ചപ്പാടുകളുള്ള, നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവും മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി മുഖ്യപ്രഭാഷണം നടത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it