ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 04, 2022

റിപ്പോ നിരക്ക് കൂട്ടി ആര്‍ബിഐ

രാജ്യത്തെ പണപ്പെരുപ്പം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പിടിച്ചുകെട്ടാന്‍ നീക്കവുമായി ആര്‍ബിഐ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ധിപ്പിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്. ഇതോടെ 2020 മെയ് മുതല്‍ 4 ശതമാനമായി തുടരുകയായിരുന്ന റിപ്പോ നിരക്ക് 4.40 ശതമാനമായി. പണനയസമിതിയുടെ അസാധാരണ യോഗത്തിലാണ് തീരുമാനം. സമിതി ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്.

ജൂണ്‍ എട്ട് മുതല്‍ നടക്കാനിരുന്ന പണനയസമിതിയില്‍ റിപ്പോ നിരക്ക് വര്‍ധിപ്പിക്കുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. റീട്ടെയ്ല്‍ പണപ്പെരുപ്പം തുടര്‍ച്ചയായി മൂന്ന് മാസമായി ആര്‍ബിഐയുടെ കംഫര്‍ട്ട് ലെവലിന് മുകളിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള പ്രഖ്യാപനം. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതോടെ മാര്‍ച്ചിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഏകദേശം ഏഴ് ശതമാനത്തിലെത്തിയിരുന്നു.


മാര്‍ച്ച് പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ അറ്റാദായത്തില്‍ 16 ശതമാനം ഉയര്‍ച്ച

മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ മുന്നേറ്റവുമായി അദാനി ഗ്രീന്‍ എനര്‍ജി. ഏകീകൃത അറ്റാദായം മാര്‍ച്ച് പാദത്തില്‍ 121 കോടി രൂപയായി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിലധികം ഉയര്‍ന്നു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 104 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനവും 1,587 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,082 കോടി രൂപയായിരുന്നു.

എല്‍ഐസി ഐപിഒ: പോളിസി ഹോള്‍ഡര്‍മാര്‍ 1.9 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു

ഇന്ത്യന്‍ ഓഹരിവിപണി കണ്ട ഏറ്റവും വലിയ ഐപിഒ ആയ എല്‍ ഐസി ഐപിഒ യുടെ (LIC IPO) ആദ്യ ദിനം പിന്നിടുമ്പോള്‍ വൈകുന്നേരം 5.57 വരെ 64 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍. ഇതില്‍ എല്‍ഐസി പോളിസി ഹോള്‍ഡര്‍മാരില്‍ നിന്നാണ് മികച്ച പ്രതികരണം നേടിയത്. 1.9 മടങ്ങാണ് പോളിസി ഉടമകള്‍ക്കായി മാറ്റി വച്ചിട്ടുള്ള ഭാഗം ഇത് വരെ സബ്‌സ്‌ക്രൈബ് ചെയ്തത്.

ഇന്ത്യന്‍ വിപണികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ), എന്നാല്‍ യോഗ്യതയുള്ള സ്ഥാപന വാങ്ങലുകാര്‍ക്കിടയില്‍ തണുത്ത പ്രതികരണമാണ് നേടിയത്. യോഗ്യതയുള്ള സ്ഥാപന വാങ്ങലുകാര്‍ക്കായി ഇതുവരെ അനുവദിച്ച 3.95 കോടി ഓഹരികളുടെ 33 ശതമാനം മാത്രമാണ് ഇതുവരെ വാങ്ങിയത്.

റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ വിപണി വീണു, സെന്‍സെക്‌സ് 2.29 ശതമാനം താഴ്ന്നു

ഫെഡ് തീരുമാനത്തെ ഉറ്റുനോക്കിയ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് 'സര്‍പ്രൈസ്' നല്‍കിയ റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ വിപണി വീണു. റിപ്പോ നിരക്ക് 4.40 ശതമാനമാക്കി ഉയര്‍ത്താനുള്ള ആര്‍ബിഐയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണി രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചു. 50 ബിപിഎസ് നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വിപണികള്‍ ഇതിനകം തന്നെ അനിശ്ചിതത്വത്തിലും ആശങ്കയിലുമാണ് മുന്നോട്ടുപോകുന്നത്. അതിനിടെയാണ് ആര്‍ബിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1306 അഥവാ 2.26 ശതമാനം ഇടിഞ്ഞ് 55,669 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 2.29 ശതമാനം അഥവാ 391 പോയ്ന്റ് ഇടിഞ്ഞ് 16,677 പോയ്ന്റിലും ക്ലോസ് ചെയ്തു. ഇന്ത്യന്‍ ഓഹരി വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എല്‍ഐസിയുടെ ഐപിഒ ഇന്ന് തുറന്നെങ്കിലും വിപണിക്ക് നേട്ടമായില്ല. ബാങ്കിംഗ്, എന്‍ബിഎഫ്സി, ഹൗസിംഗ് ഫിനാന്‍സ്, ഓട്ടോ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി.

സെന്‍സെക്സ് ഓഹരികളില്‍, ടൈറ്റന്‍, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവ നാല് ശതമാനം വീതം ഇടിഞ്ഞു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി എന്നിവയാണ് മൂന്ന് ശതമാനത്തോളം നഷ്ടം നേരിട്ട മറ്റ് കമ്പനികള്‍. പവര്‍ഗ്രിഡ് കോര്‍പ്പറേഷനും എന്‍ടിപിസിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചിക നാല് ശതമാനത്തോളം ഇടിഞ്ഞു. ഹെല്‍ത്ത് കെയര്‍, ടെലികോം, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, റിയാലിറ്റി സൂചികകളും 2-3 ശതമാനം വീതം ഇടിഞ്ഞു.

വിപണിയില്‍ നേട്ടമുണ്ടാക്കിയത് അഞ്ച് കേരള കമ്പനികള്‍ മാത്രം

വിപണി രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ച ഇന്ന് അഞ്ച് കേരള കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇന്‍ഡിട്രേഡ് (ജെആര്‍ജി) (0.32 ശതമാനം), കേരള ആയുര്‍വേദ (0.82 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (0.65 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (0.61 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.97 ശതമാനം) എന്നിവയാണ് ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഹാരിസണ്‍സ് മലയാളം, കിറ്റെക്സ്, കെഎസ്ഇ, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, വണ്ടര്‍ലാ ഹോളിഡേയ്സ് എന്നിവയുടെ ഓഹരിവില 2-5 ശതമാനം വരെ ഇടിഞ്ഞു. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.


ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സേവനം വിപുലീകരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് വീടുകളില്‍ സ്വര്‍ണ വായ്പ ലഭ്യമാക്കുന്ന ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സേവനം നിലവിലുള്ള 100ലധികം സ്ഥലങ്ങളില്‍ നിന്ന് രാജ്യമെമ്പാടുമുള്ള 5400ലധികം ശാഖകളിലേക്ക് അതിവേഗം വിപുലീകരിക്കുന്നു. ഇനി തെക്കേ ഇന്ത്യയിലെ എല്ലാ ഇടങ്ങളിലും വടക്കേ ഇന്ത്യയിലെ ഏതാണ്ട് എല്ലാ പ്രധാന നഗരങ്ങളിലും ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സൗകര്യം ലഭ്യമാകും.

സ്വര്‍ണവില കുറയുന്നു, മറ്റ് ലോഹങ്ങളും ഇടിവില്‍

കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില ഇടിയുന്നു. ഒരാഴ്ചയ്ക്കിടയില്‍ 1600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് ( ബുധനാഴ്ച) ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37600 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം 4700 രൂപയ്ക്കാണ് വില്‍പ്പന നടന്നത്.

ലോഹങ്ങള്‍ക്ക് വലിയ ഇടിവ്

വ്യാവസായിക ലോഹങ്ങള്‍ വീണ്ടും ഇടിഞ്ഞു. ചെമ്പ് മൂന്നു ശതമാനത്തിലധികം താഴ്ന്നു ടണ്ണിന് 9511 ഡോളര്‍ ആയി. അലൂമിനിയം 4.5 ശതമാനം ഇടിഞ്ഞ് 2911 ഡോളറിലായി. മാസങ്ങള്‍ക്കു ശേഷമാണ് അലൂമിനിയം വില ടണ്ണിനു 3000 ഡോളറിനു താഴെയാകുന്നത്. നിക്കല്‍ 4.7 ശതമാനം ഇടിഞ്ഞ് 30,900 ലെത്തി. സിങ്ക് 3.96 ശതമാനം താണു. ലഭ്യത കുറഞ്ഞതു സ്റ്റീല്‍ വിലയെ പിടിച്ചു നിര്‍ത്തി. പലിശവര്‍ധന സാമ്പത്തിക വളര്‍ച്ചയും ലോഹങ്ങളുടെ ആവശ്യവും കുറയ്ക്കുമെന്നു വിപണി വിലയിരുത്തുന്നു.

സ്വര്‍ണം തിരിച്ചുകയറ്റ ശ്രമത്തില്‍ വീണ്ടും പരാജയപ്പെടുന്നു. ചൊവ്വാഴ്ച 1850 ഡോളറില്‍ നിന്ന് 1877.7 ഡോളറിലേക്കു കയറിയെങ്കിലും 1865 ലേക്കു തിരിച്ചിറങ്ങി. ഇന്നു രാവിലെ 1865-1867 ലാണു വ്യാപാരം. അക്ഷയതൃതീയ ദിനമായ ഇന്നലെ കേരളത്തില്‍ വില മാറ്റം ഉണ്ടായില്ല.

Related Articles
Next Story
Videos
Share it