ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 05, 2022

എല്‍ഐസി ഐപിഒ; രണ്ടാം ദിവസം പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു

രാജ്യം കണ്ട ഏറ്റവും വലിയ ഐപിഒ ആയ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഐപിഒ രണ്ടാം ദിവസമായ ഇന്ന് (വെള്ളിയാഴ്ച) പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 20,557 കോടി രൂപയ്ക്കുള്ള ഓഹരിയാണ് ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 21000 കോടി രൂപയാണ് സമാഹരണ ലക്ഷ്യത്തുക. എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന മെയ് 9 വരെയാണ് നടക്കുന്നത്. റീറ്റെയ്ല്‍ ലേലക്കാര്‍ക്ക് ശനിയാഴ്ചയും ഇഷ്യുവിനായി ലേലം വിളിക്കാം. 45 രൂപയാണ് ഓരോ ഓഹരിക്കും കിഴിവുള്ളത്.


ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊമേഷ്യല്‍ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, 13 ശതമാനം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായാണ് രാജ്യത്തുടനീളമായി ബ്രാഞ്ചുകള്‍ പൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 മാര്‍ച്ച് അവസാനത്തോടെ നഷ്ടത്തിലായ 600 ശാഖകള്‍ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തുകൊണ്ട് ശാഖകളുടെ എണ്ണം കുറയ്ക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

പണമിടപാട് മെച്ചപ്പെടുത്താന്‍ ബാങ്ക് സ്വീകരിച്ച ഏറ്റവും കടുത്ത നടപടിയാണിതെന്നും റിയല്‍ എസ്റ്റേറ്റ് പോലുള്ള പ്രധാനമല്ലാത്ത ആസ്തികള്‍ വില്‍ക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ബാങ്കിന് നിലവില്‍ 4,594 ശാഖകളുടെ ശൃംഖലയുണ്ട്.

100 പുതിയ ഫോര്‍ച്യൂണ്‍ സ്‌റ്റോറുകള്‍ തുറക്കാനൊരുങ്ങി അദാനി വില്‍മര്‍

അദാനി ഗ്രൂപ്പിന് കീഴിലുള്ള എഫ്എംസിജി വിഭാഗം അദാനി വില്‍മര്‍, 100 പുതിയ റീറ്റെയ്ല്‍ സ്റ്റോറുകള്‍ തുറക്കും. 2023 സാമ്പത്തിക വര്‍ഷിത്തിലാകും പുതിയ ലക്ഷ്യത്തിലേക്ക് കമ്പനി നീങ്ങുക. ഇക്കഴിഞ്ഞ ദിവസമാണ് കോഹിനൂര്‍ റൈസ് ബ്രാന്‍ഡിനെ അദാനി വില്‍മര്‍ ഏറ്റെടുത്തത്.

ടാറ്റ എയ്‌സിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്സ് അതിന്റെ ജനപ്രിയ ചെറുകിട വാണിജ്യ വാഹനമായ Ace EV യുടെ ഇലക്ട്രിക് പതിപ്പ് വ്യാഴാഴ്ച പുറത്തിറക്കി. പുതിയ എയ്സ് ഇവി, വൈവിധ്യമാര്‍ന്ന ഇന്‍ട്രാ-സിറ്റി ആപ്ലിക്കേഷനുകള്‍ നല്‍കുന്നതിന് തയ്യാറായ ഒരു ഗ്രീന്‍, സ്മാര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷനാണെന്നാണ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞത്. ടാറ്റ എയ്സ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വാണിജ്യ വാഹനങ്ങളിലൊന്നാണെന്ന നിലയില്‍ ഈ പുതിയ പതിപ്പും ശ്രദ്ധേയമായേക്കും.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 320 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,920 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഏപ്രില്‍ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു.

പവര്‍, ഐറ്റി ഓഹരികള്‍ തിളങ്ങി, ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍

വന്‍ ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 33.20 പോയ്ന്റ് ഉയര്‍ന്ന് 55702.23 പോയ്ന്റിലും നിഫ്റ്റി 5.10 പോയ്ന്റ് ഉയര്‍ന്ന് 16682.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1491 ഓഹരികളുടെ വില കൂടിയപ്പോള്‍ 1771 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 116 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രാ ടെക് സിമന്റ്, നെസ്ലെ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കാനാവാതെ പോയ ഓഹരികളില്‍ പെടുന്നു. ടെക് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജി, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കി.

പവര്‍, കാപിറ്റല്‍ ഗുഡ്സ്, ഐറ്റി സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു. അതേസമയം റിയല്‍റ്റി, എഫ്എംസിജി, ഫാര്‍മ സൂചികകള്‍ 0.5-1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകളില്‍ നേരിയ ഇടിവുണ്ടായി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.85 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (3.95 ശതമാനം), ആസ്റ്റര്‍ ഡി എം (2.73 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്സ് (2.53 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.03 ശതമാനം), കിറ്റെക്സ് (1.68 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.

അതേസമയം ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എവിറ്റി, മുത്തൂറ്റ് ഫിനാന്‍സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, വണ്ടര്‍ലാ ഹോളിഡേയ്സ്, നിറ്റ ജലാറ്റിന്‍ തുടങ്ങി 13 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.




Related Articles
Next Story
Videos
Share it