ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 10, 2022

വോഡഫോണ്‍ ഐഡിയ അറ്റനഷ്ടം 6,563 കോടി രൂപയായി കുറഞ്ഞു

വോഡഫോണ്‍ ഐഡിയയുടെ അറ്റനഷ്ടം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,563.1 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിൽ 7,022.8 കോടി രൂപയായിരുന്നു നഷ്ടം. പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 9647.8 കോടി രൂപയില്‍ നിന്ന് 6.46 ശതമാനം വര്‍ധിച്ച് 10,271.8 കോടി രൂപയായി. 2021 നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്ന താരിഫ് വര്‍ധനയാണ് വരുമാന വളര്‍ച്ചയെ പിന്തുണച്ചതെന്ന് കമ്പനി അറിയിച്ചു.

ഏഷ്യന്‍ പെയ്ന്റ്‌സിന്റെ അറ്റാദായത്തില്‍ ഇടിവ്

ഏഷ്യന്‍ പെയിന്റ്‌സിന്റെ ഏകീകൃത അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ 850.42 കോടി രൂപയായി കുറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 18.66 ശതമാനം വര്‍ധിച്ച് 7,892.67 കോടി രൂപയായി. ഏകീകൃത വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20.6 ശതമാനം വര്‍ധിച്ച് 7,890 കോടി രൂപയായി വര്‍ധിച്ചതായി കമ്പനി അറിയിച്ചു.

മെട്രോ നഗരങ്ങളിലെ ജീനി സേവനം താല്‍ക്കാലികമായി നിര്‍ത്തലാക്കി സ്വിഗ്ഗി

പ്രധാന മെട്രോകളിലുടനീളം സ്വിഗ്ഗി അതിന്റെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സേവനമായ ജീനി താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. വിതരണ തൊഴിലാളികളുടെ കുറവാണ് ഈ സേവനം താല്‍ക്കാലികമായി സ്വിഗ്ഗി നിര്‍ത്തലാക്കാന്‍ കാരണം. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ സ്വിഗ്ഗി ജീനി സേവനങ്ങളെ ഇത് ബാധിച്ചു. ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ ഏഴ് ദിവസമായി ഇവിടങ്ങളില്‍ ജിനിയുടെ സേവനം ലഭ്യമല്ല.

എസ്‌ഐപി നിക്ഷേപങ്ങളില്‍ ഇടിവ് :നെറ്റ് ഇന്‍ഫ്‌ളോ 72,847കോടി

വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയിലും പുതിയ സാമ്പത്തിക വര്‍ഷം രാജ്യത്തെ മുച്വല്‍ ഫണ്ട് മേഖലയ്ക്ക് മികച്ച തുടക്കം. 72,847 കോടി രൂപയുടെ നെറ്റ് ഇന്‍ഫ്‌ലോ ആണ് ഏപ്രില്‍ മാസം മേഖലയില്‍ ഉണ്ടായത്. എന്നാല്‍ എസ്‌ഐപി നിക്ഷേപങ്ങളില്‍ മാര്‍ച്ചിലേതിനെ അപേക്ഷിച്ചു 464.82 കോടി രൂപയുടെ കുറവുണ്ടായി. 11,863.09 കോടിയാണ് ഏപ്രിലില്‍ എസ്‌ഐപി ഇനത്തില്‍ ലഭിച്ചത്

ക്രിപ്റ്റോകള്‍ക്ക്‌മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താന്‍ നീക്കം

ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ ചരക്ക് സേവന നികുതി കൗണ്‍സില്‍ (ജിഎസ്ടി) 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചേക്കും. ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് മേല്‍ നേരത്തെ കേന്ദ്രം നപ്പാക്കിയ 30 ശതമാനം നികുതിക്ക് പുറമെയാണ് 28 ശതമാനം ജിഎസ്ടി എന്നാണ് വിവരം.

രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയിലും സ്വര്‍ണ വില ഇടിഞ്ഞു

ഉയര്‍ന്ന പണപ്പെരുപ്പത്തില്‍ ഞെങ്ങിഞെരുങ്ങിയ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ മോശം വാര്‍ത്തകള്‍ നല്‍കി തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. രൂപയുടെ മൂല്യം 51 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന 77.41 എന്ന നിലയിലെത്തിയിരിക്കുകയാണ്. അതേ സമയം രൂപയുടെ മൂല്യത്തകര്‍ച്ചയിലും സ്വര്‍ണം പിടിച്ചു നിന്നു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില (goldprice) വര്‍ധിച്ചില്ല. ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ കുറയുകയാണ് ചെയ്തത്. ഒരു ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണ വില 320 രൂപ കുറഞ്ഞു. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 37,680 രൂപയായി ഒരു പവന്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു.

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണിയില്‍ നേരിയ ഇടിവ്, ടാറ്റ സ്റ്റീല്‍ ഏഴ് ശതമാനം താഴ്ന്നു

വാങ്ങലുകള്‍ ശക്തമായതിന് പിന്നാലെ ചാഞ്ചാടിയ ഓഹരി വിപണി നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് നഷ്ടം തിരിച്ചുപിടിച്ച് 54,857 എന്ന ഉയര്‍ന്ന നിലയിലേക്ക് കുതിച്ചെങ്കിലും 106 പോയ്ന്റ് താഴ്ന്ന് 54,364 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 62 പോയിന്റ് താഴ്ന്ന് 16,240 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍ ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. സണ്‍ ഫാര്‍മ, എന്‍ടിപിസി, ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രധാന ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ശതമാനം ഉയര്‍ന്ന് നേട്ടമുണ്ടാക്കി. ഏഷ്യന്‍ പെയ്ന്റ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നിവ രണ്ട് ശതമാനം വീതവും നേട്ടമുണ്ടാക്കി.

വിശാല വിപണി കനത്ത നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ട് ശതമാനം വീതം ഇടിഞ്ഞു. മേഖലാതലത്തില്‍ ബിഎസ്ഇ മെറ്റല്‍ സൂചിക 5.6 ശതമാനം ഇടിഞ്ഞു. പവര്‍ സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. എനര്‍ജി, റിയാലിറ്റി സൂചികകള്‍ 2-3 ശതമാനം വീതം ഇടിഞ്ഞു.

വിപണിയിലെ അരങ്ങേറ്റക്കാരനായ റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയറിന്റെ (ആര്‍സിഎംഎല്‍) ഓഹരികള്‍ ബിഎസ്ഇയില്‍ 506 രൂപയിലാണ് ഇന്ന് ലിസ്റ്റ് ചെയ്തത്. അതിന്റെ ഇഷ്യു വിലയായ 542 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7 ശതമാനം ഇടിവോടെയാണ് ലിസ്റ്റിംഗ്.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ കേരള കമ്പനികളില്‍ ഏഴ് എണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അപ്പോളോ ടയേഴ്സ് (2.51 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (6.56 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.92 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (2.08 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.

അതേസമയം ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, ഹാരിസണ്‍സ് മലയാളം, കിറ്റെക്സ്, നിറ്റ ജലാറ്റിന്‍, പാറ്റ്സ്പിന്‍ ഇന്ത്യ, സ്‌കൂബീ ഡേ ഗാര്‍മന്റ്സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ വലിയ ഇടിവുണ്ടായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it