ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 11, 2022

ഉല്‍പ്പാദനം കുറഞ്ഞു, ഏപ്രില്‍ മാസത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇടിവ്
രാജ്യത്തെ ഏപ്രില്‍ മാസത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇടിവ്. ആഗോളതലത്തിലെ സെമികണ്ടക്ടര്‍ ക്ഷാമം കാരണം ഉല്‍പ്പാദനം വെട്ടിക്കുറച്ചതാണ് പ്രാദേശിക വിപണിയില്‍ ശക്തമായ ഡിമാന്‍ഡ് ഉണ്ടായിരുന്നിട്ടും പാസഞ്ചര്‍ വാഹന വില്‍പ്പന കുറയാന്‍ കാരണം.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (എസ്‌ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം പാസഞ്ചര്‍ വാഹന വില്‍പ്പന നാല് ശതമാനം ഇടിഞ്ഞ് 251,581 യൂണിറ്റിലെത്തി. ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പന ഒഴികെയാണിത്. ടാറ്റാ മോട്ടോഴ്‌സ് പ്രതിമാസ അടിസ്ഥാനത്തില്‍ ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തലാക്കിയിരുന്നു.
ഇസാഫ് ബാങ്കിന്റെ അറ്റാദായത്തില്‍ 144 ശതമാനം വര്‍ധന
2022 ലെ മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 143.93 ശതമാനത്തിന്റെ വര്‍ധനവാണ് മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇസാഫ് ബാങ്ക് രേഖപ്പെടുത്തിയത്. അറ്റാദായം 43.29 കോടി രൂപയില്‍നിന്ന് 105.60 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷം 54.73 കോടി രൂപയാണ് ഇസാഫിന്റെ അറ്റാദായം. നാലാം പാദ പ്രവര്‍ത്തന ലാഭം 174.99 ശതമാനം വര്‍ധിച്ച് 158.09 കോടി രൂപയിലെത്തി.
യുപിഐ സേവനം നിര്‍ത്തിയത് ആര്‍ബിഐ സമ്മര്‍ദ്ദം മൂലമെന്ന് കോയിന്‍ബേസ് സിഇഒ
പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബേസ് യുപിഐ സൗകര്യം പിന്‍വലിച്ചത് ആര്‍ബിഐയുടെ സമ്മര്‍ദ്ദം മൂലം. കോയിന്‍ബേസ് സിഇഒ ബ്രിയാന്‍ ആംസ്ര്ട്രോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ സേവനം ആരംഭിച്ച് ഏതാനും ദിവങ്ങള്‍ക്കുള്ളില്‍ യുപിഐ വഴി ഇടപാട് നടത്താനുള്ള സൗകര്യം കമ്പനി പിന്‍വലിച്ചിരുന്നു.
തുടര്‍ച്ചയായ നാലാം ദിനത്തിലും ഓഹരി സൂചികകള്‍ താഴോട്ട്
തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 276.46 പോയ്ന്റ് ഇടിഞ്ഞ് 54088.39 പോയ്ന്റിലും നിഫ്റ്റി 72.90 പോയ്ന്റ് ഇടിഞ്ഞ് 16167.10 പോയ്ന്റിലും ക്ലോസ് ചെയ്തു. 787 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2531 ഓഹരികളുടെ വില താഴ്ന്നു. 116 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ശ്രീസിമന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്. എന്നാല്‍ ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സിപ്ല, എച്ച്ഡിഎഫ്സി തുടങ്ങിയവ നേട്ടമുണ്ടാക്കി. ബാങ്ക്, റിയല്‍റ്റി സെക്ടറല്‍ സൂചികകള്‍ 0.5 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേസമയം ഐറ്റി, ഓട്ടോ, എഫ്എംസിജി, ഫാര്‍മ, പവര്‍, കാപിറ്റല്‍ ഗുഡ്സ് സൂചികകളില്‍ 0.5 മുതല്‍ ഒരു ശതാനം വരെ ഇടിവുണ്ടായി.
നെക്സോണ്‍ ഇവി മാക്സ് ടാറ്റ അവതരിപ്പിച്ചു
പൂര്‍ണ ചാര്‍ജില്‍ മികച്ച ദുരപരിധി വാഗ്ദാനം ചെയ്യുന്ന നെക്സോണ്‍ ഇവി മാക്സുമായി ടാറ്റ മോട്ടോഴ്സ്. നെക്‌സോണ്‍ ഇവിയുടെ പുതിയ പതിപ്പ് ഇന്ന് പുറത്തിറക്കി. XZ+, XZ+ Lux എന്നീ രണ്ട് വേരിയന്റുകളിലാണ് നെക്സോണ്‍ ഇവിയുടെ പുതിയ പതിപ്പ് വിപണിയിലെത്തുന്നത്. രണ്ട് വേരിയന്റുകളും രണ്ട് ചാര്‍ജര്‍ ഓപ്ഷനുകളിലാണ് വരുന്നത്.
17.74 ലക്ഷം രൂപ (എക്സ്-ഷോറൂം) വില വരുന്ന നെക്സോണ്‍ ഇവി മാക്സ് XZ+ പതിപ്പില്‍ 3.3 kW ചാര്‍ജര്‍ ഓപ്ഷനാണുള്ളത്. 7.2 kW എസി ഫാസ്റ്റ് ചാര്‍ജര്‍ ഓപ്ഷനുള്ള അതേ മോഡല്‍ 18.24 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. 3.3 kW ചാര്‍ജര്‍ ഓപ്ഷനോടെ വരുന്ന നെക്സോണ്‍ ഇവി XZ+ Lux ന് 18.74 ലക്ഷം രൂപയാണ് വില. 7.2 kW എസി ഫാസ്റ്റ് ചാര്‍ജറിന് 19.24 ലക്ഷം രൂപയും നല്‍കേണ്ടി വരും. Intensi-Teal (Max-v മാത്രം), ഉമ്യീേിമ Grey, Pristine White മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് നെക്സോണ്‍ ഇവിയുടെ പുതിയ പതിപ്പെത്തുന്നത്.
ഐപോഡ് യുഗത്തിന് അന്ത്യം; അവസാന മോഡലും വിടപറയുന്നു
20 വര്‍ഷത്തോളം നീണ്ട ഐപോഡുകളുടെ (ipode) ഐതിഹാസിക യാത്ര അവസാനിക്കുന്നു. വില്‍പ്പനയുണ്ടായിരുന്ന ഏക മോഡല്‍ ഐപോഡ് ടച്ച് പിന്‍വലിക്കുന്നതായി ആപ്പിള്‍ (Apple) പ്രഖ്യാപിച്ചു. നിലവിലെ സ്റ്റോക്ക് തീരും വരെ ഐപോഡ് ടച്ചിന്റെ വില്‍പ്പന തുടരും.



Related Articles
Next Story
Videos
Share it