ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 03,2022

എല്‍ഐസി ഐപിഒ നാളെ

ഇന്ത്യന്‍ മൂലധന വിപണിയില്‍ നടക്കുന്ന ഇതുവരെയുള്ള ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പന (Initial public offer) നാളെ. എല്‍ഐസിയുടെ (LIC) ഐപിഒ മെയ് 9 വരെയാണ് നടക്കുക. ഐപിഒ (IPO) യിലൂടെ 21000 കോടിയോളം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. 902-949 രൂപ വരെയാകും പ്രൈസ് ബാന്‍ഡ്. പോളിസി ഉടമകള്‍ക്കും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട് ുണ്ട്.

ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 5000 കോടിയിലധികം

ആങ്കര്‍ നിക്ഷേപകര്‍ക്കായി മെയ് 2ന് തുറന്ന എല്‍ഐസി ഐപിഒ പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. 5.92 കോടി ഓഹരികള്‍ 949 രൂപ നിരക്കിലാണ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന 5,627 കോടിയോളം രൂപയാണ് എല്‍ഐസി സമാഹരിച്ചത്. 5.92 കോടിയില്‍ 4.2 കോടി ഓഹരികളും (71 ശതമാനം) സ്വന്തമാക്കിയത് ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് കമ്പനികളാണ്. എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, യുടിഐ മ്യൂച്വല്‍ ഫണ്ട് തുടങ്ങി 15 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളാണ് ഐപിഒയില്‍ നിക്ഷേപം നടത്തിയത്.

ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നേരിയ ഇടിവ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ (Titan Company Limited) അറ്റാദായത്തില്‍ നേരിയ ഇടിവ്. 491 കോടി രൂപയാണ് ജനുവരി-മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇക്കാലയളവില്‍ 529 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്.

7 ശതമാനത്തിന്റെ ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായത്. ടാറ്റയുടെ കീഴിലുള്ള സ്ഥാപനം ജനുവരി-മാര്‍ച്ച് കാലയളവില്‍ 618 കോടി രൂപയോളം ലാഭം നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. ഭാഗീകമായ ലോക്ക്ഡൗണുകള്‍, സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, യുക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍ക്കിടയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെന്ന് ടൈറ്റന്‍ അറിയിച്ചു.

ജുവല്‍റി രംഗത്ത് വരുമാനം കുറഞ്ഞതാണ് അറ്റാദായത്തെ ബാധിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 265 കോടി രൂപ ഇടിഞ്ഞ് 6,132 കോടിയായിരുന്നു ജുവല്‍റി മേഖലയില്‍ നിന്നുള്ള വരുമാനം. അതേ സമയം വരുമാനത്തില്‍ ടൈറ്റന്റെ വാച്ചസ് & വെയറബിള്‍സ് ബിസിനസ് 12 ശതമാനവും ഐകെയര്‍ ബിസിനസ് 6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

രാജ്യത്തിന്റെ കയറ്റുമതിയില്‍ വര്‍ധനവ്

ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഏപ്രില്‍ മാസത്തില്‍ 24.22% ഉയര്‍ന്ന് 38.19 ബില്യണ്‍ ഡോളറിലെത്തിയതായി ചൊവ്വാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ മികച്ച പിന്തുണയോടെയാണിത്. ഇറക്കുമതിയില്‍ 26.55% ഉയര്‍ന്ന 58.26 ബില്യണ്‍ ഡോളറിലെത്തി.

ജിയോജിത്തിന് 154 കോടി രൂപ അറ്റാദായം, ലാഭവിഹിതം 300 ശതമാനം

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 501 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തെ 427 കോടി രൂപയില്‍ നിന്ന് 17 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിലെ വര്‍ദ്ധന. നികുതിക്ക് മുന്‍പുള്ള ലാഭം 165 കോടി രൂപയായിരുന്നത് 22 ശതമാനം വര്‍ദ്ധിച്ച് 202 കോടി രൂപയിലെത്തി. അറ്റാദായം 127 കോടിരൂപയായിരുന്നത് 21 ശതമാനം ഉയര്‍ന്ന് 154 കോടിയിലെത്തി.

2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 123 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷവും 123 കോടി രൂപയായിരുന്നു നാലാം പാദത്തിലെ മൊത്തം വരുമാനം. നികുതിക്ക് മുന്‍പുള്ള ലാഭം നാലാം പാദത്തില്‍ 48 കോടിയില്‍ നിന്ന് 46 കോടിയായി. അറ്റാദായം 37 കോടി രൂപയായിരുന്നത് 36 കോടിയായി.

ടാറ്റ സ്റ്റീലിന് അറ്റാദായത്തില്‍ 47 ശതമാനം വര്‍ധനവ്

2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ടാറ്റ സ്റ്റീല്‍ 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ മികച്ച അറ്റാദായം. അറ്റാദായം 46.83 ശതമാനം വര്‍ധിച്ച് 9,756.20 കോടി രൂപയായതായി കമ്പനി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ ലാഭം 6,644.15 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ഷം തോറും 38.6 ശതമാനം വര്‍ധിച്ച് 69,323.5 കോടി രൂപയായി.



......ഇന്ന് ഓഹരി വിപണി അവധി.....

Related Articles
Next Story
Videos
Share it