ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 06, 2022

നിക്ഷേപസമാഹരണത്തില്‍ ബൈജൂസിനെ മറികടന്ന് ഡെയ്‌ലി ഹണ്ട്- ജോഷ് ആപ്പ് മാതൃകമ്പനി

സിരീസ് ജെ ഫണ്ടിംഗില്‍ 805 മില്യണ്‍ ഡോളര്‍ സമാഹരിച്ച് വെര്‍സെ ഇന്നൊവേഷന്‍. ഡെയ്‌ലി ഹണ്ട് ജോഷ് ആപ്പ് മാതൃകമ്പനിയായ സ്റ്റാര്‍ട്ടപ്പ് ഇതോട് കൂടി സ്റ്റാര്‍ട്ടപ്പുകള്‍ ഒറ്റ റൗണ്ടില്‍ സമാഹരിക്കുന്ന ഏറ്റവു വലിയ തുകയായ 800 മില്യണ്‍ എന്ന ബൈജൂസ് ആപ്പിന്റെ റെക്കോര്‍ഡ് ആണ് മറികടന്നത്. പുതിയ റൗണ്ടില്‍ ഏകദേശം 5 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൂല്യനിര്‍ണയം. ഇത് എട്ട് മാസം മുമ്പ് ഏകദേശം 3 ബില്യണ്‍ ഡോളറായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ സഹസ്ഥാപകര്‍ അറിയിച്ചു.
ഈ മേഖലയില്‍ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം സ്വീകരിച്ച റൗണ്ട് - സീരീസ് ജെ - നയിച്ചത്കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡാണ് (സിപിപി ഇന്‍വെസ്റ്റ്മെന്റ്) നയിച്ചത്. ഒന്റാറിയോ ടീച്ചേഴ്സ് പെന്‍ഷന്‍ പ്ലാന്‍ ബോര്‍ഡ് (ഒന്റാറിയോ ടീച്ചേഴ്സ്), ലക്സര്‍ ക്യാപിറ്റല്‍, സുമേരു വെഞ്ചേഴ്സ് എന്നിവരും നിലവിലുള്ള പിന്തുണക്കാരായ സോഫിന ഗ്രൂപ്പ്, ബെയ്ലി ഗിഫോര്‍ഡ് എന്നിവരും റൗണ്ടില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഏഴര ശതമാനം വളര്‍ച്ച പ്രവചിച്ച് എ ഡി ബി
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എ ഡി ബി) 2022-ലെ സമ്പദ് വ്യവസ്ഥ വളര്‍ച്ച പ്രവചിക്കുന്ന ഏഷ്യന്‍ ഡെവലപ്മെന്റ് ഔട്ട്ലുക്ക് (എഡിഒ) 2022 പുറത്തിറക്കി. ദക്ഷിണേഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഏഴ് ശതമാനം സമഗ്ര വളര്‍ച്ചയാണ് എ ഡി ബി പ്രവചിച്ചത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച നേടുകയും അടുത്ത വര്‍ഷം എട്ട് ശതമാനത്തിലേക്ക് ഉയരുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പണനയ സമിതി (എംപിസി) യോഗം തുടങ്ങി, പലിശ നിരക്ക് വെള്ളിയാഴ്ച പുറത്തുവിടും
പുതിയ സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബാങ്കിന്റെ ആദ്യ പണനയ സമിതി (എംപിസി) യോഗം ഇന്ന് ആരംഭിച്ചു. പലിശനിരക്ക് സംബന്ധിച്ച മാറ്റങ്ങളുണ്ടെങ്കില്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പത്തു തവണയായി പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ പലിശനിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ബാങ്കുകളുടെ വായ്പ നിക്ഷേപ പലിശ നിരക്കുകള്‍ ഇപ്പോഴത്തെ നിലയില്‍ തുടരും.
ഇന്ധനവില വീണ്ടും കൂട്ടി
ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 117 രൂപ 19 പൈസ ആയി. ഡീസലിന് 103 രൂപ 94 പൈസയും. കൊച്ചിയില്‍ പെട്രോള്‍ 115 രൂപ 07 പൈസ, ഡീസല്‍ 101 രൂപ 95 പൈസ. കോഴിക്കോട് പെട്രോള്‍ 115 രൂപ 36 പൈസ, ഡീസല്‍ 102 രൂപ 26 പൈസ. 17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയുമാണ്.
ലോക്‌സഭയിലും രാജ്യസഭയിലും ഇന്നും പാചകവാതക ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധമുയരും. കോണ്‍ഗ്രസ് ,ടി എം സി , സിപിഎം, ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് പ്രതിഷേധത്തിന് മുന്‍ നിരയില്‍ ഉള്ളത്. ധന ബില്ലിന്റെ സമയത്ത് വിഷയം ഉയര്‍ത്തിയതിനാല്‍ ഇനിയും ചര്‍ച്ച അനുവദിക്കില്ലെന്ന നിലപാടിലാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. ഇന്നലെ ലോക്‌സഭയില്‍ രണ്ടുതവണ സഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം യുക്രൈന്‍ ചര്‍ച്ചയില്‍ ആണ് സഹകരിക്കാന്‍ തയ്യാറായത്.
സ്വര്‍ണം മാറ്റമില്ലാതെ തുടരുന്നു
സംസ്ഥാനത്ത് രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4780 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 38240 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വില നിലവാരത്തില്‍ വലിയ മാറ്റം ഉണ്ടാകാത്തത് സംസ്ഥാന തലത്തെ വിലയിലും പ്രതിഫലിച്ചു. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 3950 രൂപയാണ് ഒരു ഗ്രാമിന് വില. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില.
സിഎന്‍ജി വിലയും ഉയര്‍ത്തി
ഡല്‍ഹിയില്‍ സിഎന്‍ജിയുടെ വില കിലോഗ്രാമിന് 2.5 രൂപ വര്‍ധിപ്പിച്ച് 66.62 രൂപയായി. ഏപ്രില്‍ 1 മുതല്‍ ഗ്യാസ് വിലയില്‍ 6.6 രൂപയായി വര്‍ധനവ്. ഏപ്രില്‍ നാലിനാണ് അവസാനമായി കിലോയ്ക്ക് 2.5 രൂപ വര്‍ധിപ്പിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ 69.18 രൂപയും 74.94 രൂപയുമാണ് വില നിലവാരം.
ഓട്ടോ, ബാങ്ക്, ഐറ്റി ഓഹരികള്‍ നിറം മങ്ങി; സൂചികകളില്‍ ഇടിവ്
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്സ് 566.09 പോയ്ന്റ് ഇടിഞ്ഞ് 59610.41 പോയ്ന്റിലും നിഫ്റ്റി 149.70 പോയ്ന്റ് ഇടിഞ്ഞ് 17807.70 പോയ്ന്റിലും ക്ലോസ് ചെയ്തു. ആഗോള വിപണിയുടെ ദുര്‍ബലമായ പ്രകടനത്തിനൊപ്പം ഓട്ടോ, ബാങ്ക്, ഐറ്റി ഓഹരികള്‍ നിക്ഷേപകര്‍ വ്യാപകമായി വിറ്റൊഴിഞ്ഞതും ഇടിവിന് കാരണമായി. 2094 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 1229 ഓഹരികളുടെ വിലയിടിഞ്ഞു. 92 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും ഇ്ന്ന് നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്സ് (15.75 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (11.08 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (2.87 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.84 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.49 ശതമാനം), ഇന്‍ഡിട്രേഡ് (2.33 ശതമാനം) തുടങ്ങി 17 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it