ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 29, 2021
പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ക്കൊപ്പം ഒമിക്രോണും വെല്ലുവിളി; ആര്‍ബിഐ
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം മുതല്‍ സമ്പദ്വ്യവസ്ഥ ക്രമാനുഗതമായി വളര്‍ച്ച പ്രാപിക്കുകയും പ്രതിരോധശേഷി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ക്കൊപ്പം ഒമിക്രോണ്‍ വകഭേദം വളര്‍ച്ചയ്ക്ക് പ്രധാന വെല്ലുവിളിയെന്ന് ആര്‍ബിഐ. റിസര്‍വ് ബാങ്ക് അതിന്റെ ബുധനാഴ്ച പുറത്തിറക്കിയ രണ്ടാമത്തെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്.
ഇന്‍കം ടാക്‌സ് ഇ-ഫയലിംഗ് വേരിഫിക്കേഷന്‍; ഫെബ്രുവരി വരെ സമയം നീട്ടി
2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാവാത്ത നികുതിദായകര്‍ക്ക് സമയം നീട്ടി നല്‍കി ഇന്‍കം ടാക്‌സ് വകുപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 2022 ഫെബ്രുവരി 28-നകം വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയും. ആദായനികുതി മൂല്യനിര്‍ണ്ണയക്കാര്‍ക്ക് ഒറ്റത്തവണ ഇളവ് ലഭ്യമാകും.
ഇ-കൊമേഴ്സ് മേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ 28 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്
ഇ-കൊമേഴ്സ്, അനുബന്ധ വ്യവസായ മേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ 2021-ല്‍ 28 ശതമാനം കുതിച്ചുചാട്ടം കുറിച്ചതായി റിപ്പോര്‍ട്ട്. ഈ സെഗ്മെന്റിലെ റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക വീണ്ടെടുക്കലും വാക്സിനേഷന്‍ ഡ്രൈവും വഴി ഇനിയും ആക്കം കൂടുമെന്ന് ടീംലീസ് സര്‍വീസസ് പറയുന്നു.
പെട്രോള്‍ ലിറ്ററിന് 25 രൂപ ഇളവ് നല്‍കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍
മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കും പെട്രോള്‍ ലിറ്ററിന് 25 രൂപ ഇളവ് നല്‍കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബുധനാഴ്ച പറഞ്ഞു.
ഡിസംബര്‍ 27-ന് മാത്രം 15.49 ലക്ഷത്തിലധികം ഐടി റിട്ടേണ്‍ ഫയലിംഗ്
ആദായനികുതി വകുപ്പിന്റെ പുതിയ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ 2021 ഡിസംബര്‍ 27 വരെ 4.67 കോടി ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്തതായി ആദായ നികുതി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. 2021 ഡിസംബര്‍ 27-ന് 15.49 ലക്ഷത്തിലധികം ITRകള്‍ ഫയല്‍ ചെയ്തു, 2021 ഡിസംബര്‍ 31-ന്റെ അവസാന തീയതി അടുത്തുവരുന്നതിനാല്‍ ഈ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ഡിസംബര്‍ 31 ന് ജിഎസ്ടി കൗണ്‍സില്‍ യോഗം
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷയായ ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 ന് യോഗം ചേരും. മറ്റ് കാര്യങ്ങള്‍ക്കൊപ്പം നിരക്ക് യുക്തി സഹമാക്കല്‍ സംബന്ധിച്ച സംസ്ഥാന മന്ത്രിമാരുടെ സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ഇതൊരു ഫിസിക്കല്‍ മീറ്റിംഗ് ആയിരിക്കും, ചില സാധനങ്ങളുടെ ഡ്യൂട്ടി ഇന്‍വേര്‍ഷനിലെ തിരുത്തലുകളും ചര്‍ച്ചയായേക്കും.
രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഒമിക്രോണ്‍ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന്റെ ആശങ്ക ഓഹരി വിപണിയിലും പ്രതിഫലിച്ചു. വ്യാപാര ആരംഭം മുതല്‍ കയറി ഇറങ്ങി നിന്ന സൂചികകള്‍ നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായി രംഗത്തുണ്ടെന്നതാണ് ഇന്നത്തെ വിപണി നല്‍കുന്ന ശുഭ സൂചന.
കേരള കമ്പനികളുടെ പ്രകടനം
13 ഓളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഇടിഞ്ഞു. സ്‌കൂബിഡേ ഓഹരി വില 6.45 ശതമാനം ഇടിവ് രേഖപ്പെടുത്തി. വണ്ടര്‍ല ഓഹരി വില രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. ഈസ്റ്റേണ്‍ ട്രെഡ്സ് ഓഹരി വില ഇന്ന് 5.96 ശതമാനം കൂടി. സിഎസ്ബി ബാങ്ക് ഓഹരി വില 2.28 ശതമാനം ഉയര്‍ന്നു.