ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 22, 2021


ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കോവിഡിന് മുമ്പുള്ള തലങ്ങളിലേക്ക്; നോമൂറ
ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പ്രീ-പാന്‍ഡെമിക് തലത്തിലേക്ക് തിരിച്ചെത്തിയതായി നോമൂറ. ഫെബ്രുവരി 21 ന് അവസാനിച്ച ആഴ്ചയില്‍ നോമുറ ഇന്ത്യ ബിസിനസ് റിസംപ്ഷന്‍ സൂചിക (എന്‍ഐബിആര്‍ഐ) 99.3 ല്‍ എത്തിയതായി റിപ്പോര്‍ട്ട്.ഒരാഴ്ച മുമ്പ് സൂചിക 98.5 ല്‍ നിന്ന് ഉയര്‍ന്നപ്പോള്‍, മഹാരാഷ്ട്രയിലെ കോവിഡ് -19 കേസുകളുടെ വര്‍ധനവ് വരും ആഴ്ചകളില്‍ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ട്.

സിഎഫ്ഒ ജി ആര്‍ അരുണ്‍ കുമാര്‍ വേദാന്തയില്‍ നിന്നും രാജിവച്ചു

കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ (സിഎഫ്ഒ) ജി ആര്‍ അരുണ്‍ കുമാര്‍ രാജിവച്ചതായി വേദാന്ത ലിമിറ്റഡ് അറിയിച്ചു. അരുണ്‍ കുമാര്‍ എത്രനാള്‍ തുടരുമെന്നുള്ള വിവരവും പിന്‍ഗാമിയുടെ വിശദാംശങ്ങളും കമ്പനി യഥാസമയം പ്രഖ്യാപിക്കുമെന്ന് വേദാന്ത ബി.എസ്.ഇക്ക് സമര്‍പ്പിച്ച ഫയലില്‍ പറഞ്ഞു.

ഫ്യൂച്ചര്‍ - റിലയന്‍സ് റീറ്റെയ്ല്‍ ഇടപാട് വൈകാനിട
കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 340 കോടി ഡോളറിന്റെ മൂല്യമുള്ള ചെറുകിട വ്യാപാര മേഖലയിലെ ആസ്തികള്‍ വില്‍പ്പന സംബന്ധിച്ച ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ അന്തിമ ഉത്തരവ് ഈ വിഷയത്തില്‍ ആമസോണ്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള കേസ്സില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതുവരെ പാടില്ല. തിങ്കളാഴ്ച ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, ബി ആര്‍ ഗവായി എന്നിവരടങ്ങുന്ന സുപ്രീം കോട തിയുടെ ഡിവിഷന്‍ ബഞ്ച് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

ബോണ്ട് ഇഷ്യു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് ഭാരതി എയര്‍ടെല്‍
ഫെബ്രുവരി 23-നോ അതിനുശേഷമോ ബോണ്ട് ഇഷ്യു ചെയ്യുന്നത് തീരുമാനിക്കുമെന്ന് എയര്‍ടെല്‍. ഒന്നോ അതിലധികമോ തവണ ഡിബഞ്ചറുകളും ബോണ്ടുകളും വഴി 7,500 കോടി രൂപ വരെ ധനസമാഹരണ പദ്ധതിക്ക് ഭാരതി എയര്‍ടെല്‍ ബോര്‍ഡ് ഈ മാസം ആദ്യം അംഗീകാരം നല്‍കിയിരുന്നു.
മഞ്ഞുരുക്കമായി; ഇന്ത്യ- ചൈന വ്യവസായ ഉടമ്പടികളില്‍ ചിലത് ഇന്ത്യ ഒപ്പിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്
മാസങ്ങള്‍ക്കു ശേഷം ചൈനയുമായുള്ള വ്യവസായ ഉടമ്പടികള്‍ ഇന്ത്യ ഒപ്പിടാന്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ട്. ഗ്രേറ്റ് വാള്‍ മോട്ടോര്‍, എസ് ഐ സി മോട്ടോര്‍ കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്നുള്ള 45 നിക്ഷേപ നിര്‍ദേശങ്ങള്‍ ഇന്ത്യ ക്ലിയര്‍ ചെയ്യാന്‍ തയ്യാറാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരെ പ്രതികാരമായി രാജ്യത്ത് ചൈനീസ് നിക്ഷേപം നിയന്ത്രിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുകയായിരുന്നു. 2 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ചൈനയില്‍ നിന്നുള്ള 150 ഓളം നിക്ഷേപ നിര്‍ദേശങ്ങള്‍ പൈപ്പ്‌ലൈനിലായിരിക്കവെയായിരുന്നു നിരോധനം.

പെട്രോള്‍ ഡീസല്‍ നികുതി വെട്ടിച്ചുരുക്കി നാല് സംസ്ഥാനങ്ങള്‍
ആസ്സാം, മേഘാലയ, പശ്ചിമ ബംഗാള്‍,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചു. പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതല്‍ കുറച്ചത് മേഘാലയയാണ്. പെട്രോള്‍ ലിറ്ററിന് 7.40 രൂപയും ഡീസല്‍ 7.10 രൂപയും.

700 കോടി രൂപയുടെ ഭവന വായ്പകള്‍ നല്‍കാനൊരുങ്ങി മുത്തൂറ്റ് ഹോംഫിന്‍

മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ സബ്‌സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്‍ 2021-22 സാമ്പത്തിക വര്‍ഷം 700 കോടി രൂപയുടെ ഭവന വായ്പകള്‍ നല്‍കാനൊരുങ്ങുന്നു. 2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷം കൊണ്ട് 2600 കോടി രൂപയിലേറെ ഭവന വായ്പ നല്‍കിയ മുത്തൂറ്റ് ഹോംഫിന്‍ ഇപ്പോള്‍ 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 22,000 ത്തില്‍ ഏറെ ഉപഭോക്താക്കള്‍ക്കാണു സേവനം നല്‍കുന്നത്.

കോവിഡ് വൈറസ് കേസുകളുടെ വര്‍ധനവിനെ തുടര്‍ന്നുള്ള സാമ്പത്തിക നിയന്ത്രണങ്ങളും ആഗോള വിപണിയില്‍ നിന്നുള്ള ദുര്‍ബലമായ സൂചനകളും ആഭ്യന്തര വിപണിയെ പിന്നോട്ട് നയിച്ചു. ഇതേ തുടര്‍ന്ന് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി സൂചികകള്‍ താഴ്ന്നു. സെന്‍സെക്സ് 1145.44 പോയ്ന്റ് താഴ്ന്ന് 49744.32 പോയ്ന്റിലും നിഫ്റ്റി 306.10 പോയ്ന്റ് താഴ്ന്ന് 14675.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1030 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1942 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it