2023ല്‍ നിരസിച്ചു, ഇപ്പോള്‍ കേന്ദ്രത്തിന് മനംമാറ്റം! ടെസ്‌ലയുടെ ശത്രുവുമായി കൈകോര്‍ക്കാന്‍ സൗത്ത് ഇന്ത്യന്‍ കമ്പനി, ബി.വൈ.ഡി ഇന്ത്യയിലെത്തുമ്പോള്‍ എന്താണ് മാറ്റം?

2023ല്‍ 8,500 കോടി രൂപ നിക്ഷേപിക്കാന്‍ ഇരുകമ്പനികള്‍ ഒരുങ്ങിയെങ്കിലും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല
2023ല്‍ നിരസിച്ചു, ഇപ്പോള്‍ കേന്ദ്രത്തിന് മനംമാറ്റം! ടെസ്‌ലയുടെ ശത്രുവുമായി കൈകോര്‍ക്കാന്‍ സൗത്ത് ഇന്ത്യന്‍ കമ്പനി, ബി.വൈ.ഡി ഇന്ത്യയിലെത്തുമ്പോള്‍ എന്താണ് മാറ്റം?
Published on

ചൈനീസ് ഇലക്ട്രിക് വാഹന കമ്പനിയായ ബി.വൈ.ഡി ഹൈദരാബാദ് കേന്ദ്രമായ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ (MEIL) ഇന്ത്യന്‍ പങ്കാളിയാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കാര്‍, ബാറ്ററി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനൗദ്യോഗിക അനുമതി ബി.വൈ.ഡിക്ക് ലഭിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയും വിദേശത്തേക്കുള്ള കയറ്റുമതിയും കണക്കിലെടുത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. അതേസമയം, പങ്കാളിത്തം സംബന്ധിച്ച വാര്‍ത്തകളോട് എം.ഇ.ഐ.എല്ലോ ബി.വൈ.ഡിയോ പ്രതികരിച്ചിട്ടില്ല.

രണ്ടുവര്‍ഷം മുമ്പ് നിരാകരിച്ചു

ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 8,500 കോടി രൂപ) മുടക്കി ഹൈദരാബാദില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി മേഘ-ബി.വൈ.ഡി കമ്പനികള്‍ 2023ല്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ചൈനീസ് നിക്ഷേപം സ്വീകരിക്കുന്നതിലെ നൂലാമാലകള്‍ കാരണം കേന്ദ്രം അനുമതി നിഷേധിച്ചു. കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തണമെങ്കില്‍ വ്യവസായ മന്ത്രാലയങ്ങള്‍ക്ക് പുറമെ ആഭ്യന്തര മന്ത്രാലയം അടക്കമുള്ളവയുടെയും അനുമതി ആവശ്യമാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷം സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ അനുമതി നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണ ഇരുകമ്പനികളുടെയും പങ്കാളിത്തത്തെ എതിര്‍ക്കേണ്ടതില്ലെന്നാണ് കേന്ദ്രനിലപാടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേഘ എഞ്ചിനീയറിംഗ്

അധികമാരും കേട്ടിട്ടില്ലാത്ത മേഘ എഞ്ചിനീയറിംഗ് വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞ വര്‍ഷം ഇലക്ടറല്‍ ബോണ്ട് സംഭാവനയുടെ കണക്കുകള്‍ പുറത്തുവന്നതോടെയാണ്. ബി.ജെ.പിക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ട് സംഭാവനയില്‍ 60 ശതമാനവും മേഘ എഞ്ചിനീയറിംഗ് വകയായിരുന്നു. 966 കോടി രൂപയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി കമ്പനി ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന ചെയ്തത്. കര്‍ഷകനായിരുന്ന പി.പി റെഡ്ഡിയാണ് 1989ല്‍ കമ്പനി ആരംഭിക്കുന്നത്. തുടക്കത്തില്‍ ചെറിയ കരാര്‍ ജോലികള്‍ ചെയ്‌തെങ്കിലും കമ്പനിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ശ്രീനഗര്‍-ലേ ബന്ധിപ്പിക്കുന്ന സോജിലാ തുരങ്കം നിര്‍മിക്കാനുള്ളത് അടക്കമുള്ള വമ്പന്‍ കരാറുകള്‍ കമ്പനിക്ക് ലഭിച്ചു. എല്‍ ആന്‍ഡ് ടി അടക്കമുള്ള വമ്പന്‍ കമ്പനികളെ മറികടന്നായിരുന്നു മേഘക്ക് കരാര്‍ ലഭിച്ചത്. നിലവില്‍ 40,000 ജീവനക്കാരുള്ള കമ്പനിക്ക് ഇരുപതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. മേഘ എഞ്ചിനീയറിംഗിന് കീഴിലുള്ള ഒലെക്ട്ര ഇലക്ട്രിക് നിലവില്‍ ബി.വൈ.ഡിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ ഇലക്ട്രിക് ബസുകള്‍ വില്‍ക്കുന്നുണ്ട്.

ബി.വൈ.ഡി ഇന്ത്യന്‍ വിപണിയില്‍ വരുമ്പോള്‍

യൂറോപ്യന്‍, യു.എസ് വിപണികളില്‍ ബി.വൈ.ഡിക്ക് നല്ല പേരുണ്ടെങ്കിലും ഉയര്‍ന്ന നികുതി അടക്കേണ്ടി വരുന്നത് മൂലം പ്രതിസന്ധിയിലാണ്.ചൈനീസ് കാറുകള്‍ക്ക് യു.എസില്‍ 100 ശതമാനവും യൂറോപ്യന്‍ വിപണിയില്‍ ശരാശരി 35 ശതമാനവും നികുതി അടക്കേണ്ടി വരും. ഇത് മറികടക്കാന്‍ ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങള്‍ ആഗോള വിപണികളില്‍ വില്‍ക്കാനാണ് ബി.വൈ.ഡിയുടെ ശ്രമം. ഒപ്പം ഇന്ത്യന്‍ ഇ.വി വിപണിയില്‍ താങ്ങാനാവുന്ന വിലയില്‍ വാഹനങ്ങള്‍ ഇറക്കുകയും വേണം. കേന്ദ്രസര്‍ക്കാരിന്റെ ഇവി ഇന്‍സെന്റീവ് പദ്ധതികള്‍ ഗുണമാകുമെന്നും കമ്പനി കരുതുന്നുണ്ട്. ഇന്ത്യന്‍ ഇ.വി വിപണി 43 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും ബി.വൈ.ഡിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ നിലവില്‍ ഇ.വി വിപണി അടക്കിവാഴുന്ന ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, എം.ജി മോട്ടോര്‍ തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com