

സാമ്പത്തിക പ്രതിസന്ധിയിലായ എഡ്‌ടെക് പ്ലാറ്റ്‌ഫോം- ബൈജൂസിന് ടേം ലോണ്‍ നല്‍കിയവരെ കമ്പനി കബളിപ്പിച്ചെന്ന് യു.എസ് കോടതി. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍, സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍, അമേരിക്കന്‍ ഹെഡ്ജ് ഫണ്ട് സ്ഥാപനമായ കാംഷാഫ്റ്റ് കാപിറ്റല്‍ എന്നിവരാണ് ഇതിന് പിന്നില്‍. ടേം ലോണ്‍ സ്വീകരിക്കാനായി അമേരിക്കയില്‍ സ്ഥാപിച്ച ബൈജൂസ് ആല്‍ഫ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഡയറക്ടര്‍ എന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ബൈജു രവീന്ദ്രന്‍ പരാജയപ്പെട്ടതായും പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്ന യു.എസ് കോടതി നിരീക്ഷിച്ചു.
ആല്‍ഫക്ക് നല്‍കിയ ടേം ലോണില്‍ നിന്നും കാണാതായ 533 മില്യന്‍ ഡോളര്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് വായ്പ നല്‍കിയവര്‍ കോടതിയെ സമീപിച്ചത്. കമ്പനിയും ബൈജു രവീന്ദ്രനും ചേര്‍ന്ന് പണം ഒളിച്ചുവച്ചിരിക്കുകയാണെന്നും ഇത് കണ്ടെത്താന്‍ നിയമപരമായ ഇടപെടല്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആല്‍ഫ കമ്പനിക്ക് നല്‍കിയ വായ്പ ആദ്യം ഇന്‍സ്പിലേണ്‍ എന്ന കമ്പനിയിലേക്കും പിന്നീട് മറ്റൊരു അജ്ഞാത കമ്പനിയിലേക്കും വകമാറ്റിയെന്നാണ് പരാതി. ടേം ലോണായി നല്‍കിയ പണത്തില്‍ നിന്നും 533 മില്യന്‍ കാണാതായത് മോഷണമാണെന്നും വായ്പ്പക്കാര്‍ ആരോപിക്കുന്നു. ഇത്രയും പണം വകമാറ്റിയത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കാംഷാഫ്റ്റിനോട് അമേരിക്കന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇടപാടുകാരുടെ സ്വകാര്യതയെ മാനിക്കേണ്ടതിനാല്‍ ഇതിന് കഴിയില്ലെന്നായിരുന്നു കാംഷാഫ്റ്റിന്റെ മറുപടി.
ചിലര്‍ ചേര്‍ന്ന് തന്നെയും കമ്പനിയെയും ചതിച്ചതായും ശക്തമായി തിരിച്ചുവരുമെന്നും ബൈജു രവീന്ദ്രന്‍ ലിങ്ക്ഡിനില്‍ (LinkedIn) പോസ്റ്റിട്ടതിന് പിന്നാലെയാണ് യു.എസ് കോടതിയുടെ കണ്ടെത്തലുകള്‍ വായ്പക്കാര്‍ പരസ്യമാക്കിയത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ.വൈ, വായ്പ സ്ഥാപനമായ ഗ്ലാസ് ട്രസ്റ്റ്, മുന്‍ ജീവനക്കാരന്‍ പങ്കജ് ശ്രീവാസ്തവ എന്നിവര്‍ ബൈജൂസിനെതിരെ രഹസ്യധാരണയുണ്ടാക്കി പ്രവര്‍ത്തിച്ചുവെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ബൈജുവിന്റെ ആവശ്യം.
ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള തെളിവ് തനിക്കും ചില ജീവനക്കാര്‍ക്കും ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയാല്‍ ശരിക്കുള്ള കുറ്റവാളികളെ പിടികൂടാന്‍ കഴിയുമെന്നും ബൈജു പറയുന്നു. ഇതിലും നേരത്തെ താന്‍ പൊതുരംഗത്ത് വരേണ്ടതായിരുന്നെന്നും എന്നാല്‍ ഇതുവരെ കമ്പനി കെട്ടിപ്പടുക്കുന്നതിലും അതിനെ സംരക്ഷിക്കുന്നതിന്റെയും തിരക്കിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബൈജു രവീന്ദ്രന്റെ ആരോപണങ്ങള്‍ ഇ.വൈ നിഷേധിച്ചു. ബൈജു രവീന്ദ്രന്റെ പോസ്റ്റ് നീക്കം ചെയ്ത ലിങ്ക്ഡിന്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചതായും ഭാര്യ ദിവ്യ ഗോകുല്‍നാഥ് പ്രതികരിച്ചു. ബൈജുവിനെതിരെ ഗ്ലാസ് ട്രസ്റ്റുമായി ചേര്‍ന്ന് ഇ.വൈ കരുക്കള്‍ നീക്കിയെന്ന മുന്‍ ജീവനക്കാരന്റെ പോസ്റ്റും ഇതിനിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.
2022ല്‍ 22 ബില്യന്‍ (ഏകദേശം 1.9 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന ബൈജൂസ് ആഗോള നിക്ഷേപകരുടെ ഇഷ്ട കമ്പനികളിലൊന്നായിരുന്നു. നിലവില്‍ ഇന്ത്യയിലും യു.എസിലുമായി നിക്ഷേപകര്‍ക്ക് 1 ബില്യന്‍ ഡോളര്‍ (ഏകദേശം 8,700 കോടി രൂപ) ബൈജൂസ് തിരിച്ചുനല്‍കാനുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍സറായ വകയില്‍ 158 കോടി രൂപ നല്‍കാനുണ്ടെന്ന് കാട്ടി 2024ല്‍ ബി.സി.സി.ഐ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തിയെങ്കിലും തീരുമാനത്തിനെതിരെ യു.എസ് ആസ്ഥാനമായ ഗ്ലാസ് ട്രസ്റ്റ് കമ്പനി കോടതിയിലെത്തി. മറ്റ് കടക്കാര്‍ക്ക് കോടികള്‍ കൊടുക്കാന്‍ ഉള്ളപ്പോള്‍ ബി.സി.സി.ഐക്ക് മാത്രം പണം നല്‍കുന്നതിനെ ചോദ്യം ചെയ്താണ് ഗ്ലാസ് ട്രസ്റ്റ് കോടതിയെ സമീപിച്ചത്. കേസ് നിലവില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine