Begin typing your search above and press return to search.
ബൈജുസ് കരകയറുമോ? ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് കമ്പനി
സാമ്പത്തിക പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി ബൈജൂസും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡും (ബി.സി.സി.ഐ) തമ്മിലുള്ള കുടിശിക തര്‍ക്കം ഒത്തുതീര്‍പ്പിലെത്തി. ആദ്യഗഡുവായി 50 കോടി രൂപ ബി.സി.സി.ഐയ്ക്ക് കൈമാറിയതായും ഇരുവിഭാഗത്തിന്റെയും അഭിഭാഷകര്‍ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിനെ (എന്‍.സി.എല്‍.എ.ടി) അറിയിച്ചു. ഇതിനോടകം പ്രതിസന്ധിയിലായ കമ്പനിക്ക് പാപ്പര്‍ നടപടികളില്‍ നിന്നും രക്ഷപ്പെടുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബൈജൂസിനെതിരെ ആരംഭിച്ച പാപ്പരത്ത നടപടികളും തത്ക്കാലത്തേക്ക് മരവിപ്പിക്കുമെന്നാണ് വിവരം.
പരസ്യയിനത്തില്‍ ബി.സി.സി.ഐക്ക് കൊടുക്കാനുള്ള പണത്തെച്ചൊല്ലിയുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലെത്തിയെന്നും കുടിശികയിലെ ഒരു ഭാഗം വൈകുന്നേരത്തിനുള്ളില്‍ അടക്കാമെന്നും കഴിഞ്ഞ ദിവസം ബൈജൂസിന്റെ അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഇക്കാര്യം ബി.സി.സി.ഐയുടെ അഭിഭാഷകനും ശരിവച്ചു. ജൂലൈ 30ന് തന്നെ 50 കോടി രൂപ ബി.സി.സി.ഐയ്ക്ക് കൈമാറിയെന്നാണ് വിവരം. കേസ് എന്‍.സി.എല്‍.എ.ടി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
158 കോടി രൂപ കുടിശിക
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ബൈജൂസ് 158 കോടി രൂപ കുടിശിക വരുത്തിയതിനെതിരെ ബി.സി.സി.ഐ നിയമനടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെട്ട എന്‍.സി.എല്‍.ടി ബൈജൂസിനെതിരെ പാപ്പരത്ത നടപടികള്‍ തുടങ്ങി. ബൈജൂസിന്റെ നിയന്ത്രണം നിലവിലുള്ള മാനേജ്‌മെന്റില്‍ നിന്നും മാറ്റുന്നതിനും താത്കാലിക നടത്തിപ്പിനുമായി പാപ്പരത്ത വിഷയ പരിഹാര പ്രൊഫഷണലിനെ നിയമിക്കുകയും ചെയ്തിരുന്നു. കിട്ടാക്കടം സംബന്ധിച്ച ഹര്‍ജിയിലെ നടപടികള്‍ എന്‍.സി.എല്‍.ടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നതിനാല്‍ ബൈജൂസിന് മുന്നില്‍ ഒത്തുതീര്‍പ്പല്ലാതെ മറ്റ് വഴികളില്ലായിരുന്നു.
ബൈജൂസിന് പുതുപ്രതീക്ഷ
അതേസമയം, പാപ്പരത്ത നടപടികള്‍ ഒഴിവായി കിട്ടുന്നത് പ്രതിസന്ധികള്‍ പരിഹരിക്കാമെന്ന ബൈജൂസിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കും. ഇതിന് പരാതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി കോടതിയെ അറിയിക്കണം. ഇക്കാര്യത്തില്‍ ബൈജൂസും ബി.സി.സി.ഐയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഒരുകാലത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മുഖമായിരുന്ന ബൈജൂസിനെതിരെ ഇന്ത്യയിലും വിദേശത്തുമുള്ള വ്യവഹാരങ്ങളും കമ്പനിയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിയും തിരിച്ചുവരവിന് വിലങ്ങുതടിയാണ്.
Next Story
Videos