

21 രാജ്യങ്ങളിലേക്ക് അതിവേഗം വളരാന്‍ ശ്രമിച്ചപ്പോള്‍ ബിസിനസില്‍ തെറ്റുകള്‍ സംഭവിച്ചെന്ന് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. ഒരിക്കല്‍ 22 ബില്യന്‍ ഡോളര്‍ (ഏകദേശം 1.8 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന കമ്പനി ഇന്ന് സാമ്പത്തിക പരാധീനതയും നിയമപോരാട്ടങ്ങളും കാരണം വലിയ പ്രതിസന്ധിയിലാണ്.
ലഭ്യമായിരുന്ന ഇക്വിറ്റി സാധ്യതകള്‍ ഉപയോഗിക്കാതെ 2021ല്‍ 1.2 ബില്യന്‍ ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) ടേം ലോണ്‍ എടുക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ബൈജു പറയുന്നു. എല്ലാറ്റിലേക്കും നയിച്ചത് ആ തെറ്റാണ്. നമ്മുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് മുമ്പ് 5 ബില്യന്‍ ഡോളറാണ് (ഏകദേശം 42,000 കോടി രൂപ) ഞങ്ങള്‍ സമാഹരിച്ചതെന്നും ബൈജു പറയുന്നു.
ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും വളരാന്‍ ശ്രമിച്ചപ്പോഴും ബിസിനസില്‍ തെറ്റുവരുത്തി. ഒരു പക്ഷേ ഇത് കുറച്ച് പതിയെ മതിയായിരുന്നു. വളരെ വേഗത്തില്‍ വളരാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഇന്ത്യയില്‍ നിന്നും 21 പുതിയ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പക്ഷേ 2019-21വരെയുള്ള കൊവിഡ് കാലത്ത് ഞങ്ങള്‍ക്ക് മികച്ച 160 നിക്ഷേപകരുണ്ടായിരുന്നു. എന്നാല്‍ റഷ്യ-യുക്രെയിന്‍ യുദ്ധം അടക്കമുള്ള ചില ഘടകങ്ങള്‍ കാരണം പലരും വാഗ്ദാനം ചെയ്ത നിക്ഷേപത്തില്‍ നിന്നും പിന്മാറി. ഇത് കമ്പനിയുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് വലിയൊരു നഷ്ടമാണ് ബൈജൂസിന്റെ തകര്‍ച്ചയിലൂടെ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. 10 ലക്ഷം അധ്യാപക ജോലിസാധ്യത ഉണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതൊരു വലിയ ആഗ്രഹമല്ലേ എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നും. എന്നാല്‍ 40,000 അധ്യാപക തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ ബൈജൂസിന് കഴിഞ്ഞതായും ബൈജു രവീന്ദ്രന്‍ വിശദീകരിച്ചു.
ബൈജൂസിന്റെ പ്രവര്‍ത്തനം നിലച്ചതോടെ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളോട് മാപ്പുചോദിക്കുന്നതായും അദ്ദേഹം പറയുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനത്തുടര്‍ച്ച നഷ്ടപ്പെട്ടു. ഇത് ഒരു വിദ്യാര്‍ത്ഥിക്കാണെങ്കിലും സംഭവിക്കാന്‍ പാടില്ല. 2023ല്‍ പാപ്പര്‍ നടപടികള്‍ തുടങ്ങിയതോടെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെ ആയതോടെയാണ് ക്ലാസുകള്‍ മുടങ്ങിയത്. എന്നാല്‍ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ തന്റെ ആപ്പിലൂടെ കഴിഞ്ഞതായും ബൈജു പറയുന്നു.
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ബൈജൂസ് 3.0 പ്ലാറ്റ്‌ഫോമിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിലവില്‍ ബൈജുവും അണിയറ പ്രവര്‍ത്തകരും. എ.ഐ അധ്യാപകര്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്ന ടൂളാണെന്നും ഒരു വിദ്യാര്‍ത്ഥിക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുമെന്നും ബൈജു പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ നിലവില്‍ ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. നിലവില്‍ 25 കോടി യൂസര്‍മാര്‍ ആപ്പിലുണ്ടെന്നും ബൈജു രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കമ്പനിയുടെ പേരില്‍ എടുത്ത വായ്പകള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ബൈജൂസ് സഹസ്ഥാപകയും ബൈജു രവീന്ദ്രന്റെ ഭാര്യയുമായ ദിവ്യ ഗോകുല്‍നാഥും പറഞ്ഞു. അങ്ങനെ കുറേ പണമുണ്ടായിരുന്നെങ്കില്‍ നിയമപോരാട്ടം നടത്താന്‍ വേറെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നു. യു.എസിലെ കേസുകളില്‍ ഹാജരാകുന്നതിന് വലിയ തുകയാണ് അഭിഭാഷകര്‍ ചോദിക്കുന്നത്. ഇന്ന് കോടതികള്‍ ഞങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വിധി പറയുകയാണ്. ആവശ്യത്തിന് പണമില്ലാത്തതിന്റെ പേരിലാണ് അഭിഭാഷകരെ വെക്കാന്‍ കഴിയാത്തത്. വായ്പയെടുത്ത പണം ഞങ്ങളുടെ കൈവശമുണ്ടെങ്കില്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ. വ്യക്തിപരമായ ആക്രമണം നേരിടേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബൈജൂസിന്റെ സ്ഥാനം കോടതി മുറികളില്‍ അല്ലെന്നും ക്ലാസ് മുറികളിലാണെന്നും ദിവ്യ വിശദീകരിക്കുന്നു.
BYJU’s CEO Byju Raveendran attributes the company's dramatic fall from a $22 billion valuation to near insolvency to a single strategic misstep
Read DhanamOnline in English
Subscribe to Dhanam Magazine