

300 ജീവനക്കാരെ പിരിച്ചുവിട്ട് എഡ്‌ടെക് ഭീമനായ ബൈജൂസിന് കീഴിലെ ഓണ്‍ലൈന്‍ കോഡിംഗ് (Online Coding) പ്രൊവൈഡറായ വൈറ്റ്ഹാറ്റ് ജൂനിയര്‍ (WhiteHat Jr). ഏപ്രില്‍-മെയ് മാസങ്ങളില്‍ ഓഫീസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ കമ്പനിയില്‍നിന്ന് 1,000-ലധികം ജീവനക്കാര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 300 ജീവനക്കാരുടെ പിരിച്ചുവിടല്‍. പിരിച്ചുവിടപ്പെട്ട ജീവനക്കാരില്‍ ഭൂരിഭാഗവും കോഡ്-ടീച്ചിംഗ്, സെയില്‍സ് ടീമുകളില്‍നിന്നുള്ളവരാണ്.
'ഞങ്ങളുടെ ബിസിനസ് പുനഃസ്ഥാപിക്കുന്നതിനും ഫലങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ദീര്‍ഘകാല വളര്‍ച്ചയ്ക്കായി ബിസിനസിനെ മികച്ച രീതിയില്‍ സ്ഥാപിക്കുന്നതിനും ഞങ്ങള്‍ ഞങ്ങളുടെ ടീമിനെ ഒപ്റ്റിമൈസ് ചെയ്യുന്നു' കമ്പനി പിരിച്ചുവിടില്‍ വ്യക്തമാക്കി കൊണ്ട് പ്രസ്താവനയില്‍ പറഞ്ഞു. 2020 ജൂലൈയിലാണ് ഏകദേശം 300 മില്യണ്‍ ഡോളറിന് ബൈജൂസ് വൈറ്റ്ഹാറ്റ് ജൂനിയറിനെ സ്വന്തമാക്കിയത്.
കമ്പനി 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,690 കോടി രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറ്റ്ഹാറ്റ് ജൂനിയര്‍ സ്‌കൂള്‍ ഡിവിഷനും കമ്പനി അടച്ചുപൂട്ടി. പിരിച്ചുവിടുന്നതിന്റെ ഭാഗമായി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായി കമ്പനി അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine