സി. ബാലഗോപാല്‍: പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന പുതിയ ദൗത്യം
വ്യവസായ സംരംഭകന്‍, ഐ.എ.എസ് ഓഫീസര്‍, എഴുത്തുകാരന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ ആഴത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സി. ബാലഗോപാലിന് പുതിയ ദൗത്യം.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) ചെയര്‍മാനായി നിയമിതനായിരിക്കുകയാണ് ഫെഡറല്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ സി ബാലഗോപാല്‍.
സിവില്‍ സര്‍വീസില്‍ നിന്ന് സംരംഭകത്വത്തിലേക്ക്
സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് കേരളത്തില്‍ അധികം വേരോട്ടമില്ലാത്ത അതിനൂതന ബയോമെഡിക്കല്‍ ഉപകരണ നിര്‍മാണ രംഗത്ത് ധൈര്യപൂര്‍വ്വം സംരംഭം തുടങ്ങിയ വ്യക്തിയാണ് സി ബാലഗോപാല്‍. 1983ലാണ് സി ബാലഗോപാല്‍ ഐ.എ.എസ് പദവി വിട്ടൊഴിഞ്ഞ് പെനിന്‍സുല പോളിമേഴ്‌സ് (പെന്‍പോള്‍) എന്ന കമ്പനി സ്ഥാപിക്കുന്നത്. ബ്ലഡ് ബാഗ് നിര്‍മാണ രംഗത്ത് ലോകത്തിലെ തന്നെ പ്രമുഖ കമ്പനികളിലൊന്നായി പെന്‍പോളിനെ ബാലഗോപാല്‍ വളര്‍ത്തിയെടുത്തു.
പിന്നീട് ജാപ്പനീസ് കമ്പനിയായ ടെറുമോയുമായി പെന്‍പോള്‍ ലയിച്ചു. ഇന്ന് ടെറുമോ പെന്‍പോള്‍ ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിര്‍മാണ കമ്പനികളിലൊന്നാണ്.
ബ്യൂറോക്രാറ്റ് എന്ന നിലയിലും ഒന്നുമില്ലായ്മയില്‍ നിന്നും സംരംഭം കെട്ടിപ്പടുത്ത സംരംഭകന്‍ എന്ന നിലയിലുമുള്ള ബാലഗോപാലിന്റെ അനുഭവ സമ്പത്ത് സംസ്ഥാനത്തിന്റെ വ്യവസായ വികസന രംഗത്ത് ഉപയോഗപ്പെടുത്താന്‍ ഈ നിയമനം ഉപകരിക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സി. ബാലഗോപാലിന്റെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനശൈലികളും സംരംഭകത്വ പ്രോത്സാഹന രംഗത്തും സംരംഭകര്‍ക്ക് അനുകൂല പരിതസ്ഥിതി സൃഷ്ടിക്കുന്നതിലും ദിശാബോധം പകരാനും സഹായകരമാകും.
പോസിറ്റീവ് കാഴ്ചപ്പാടുള്ള ക്രാന്തദര്‍ശി
കേരളത്തിന്റെ സാധ്യതകളെ പറ്റി പോസിറ്റീവ് കാഴ്ചപ്പാടുകള്‍ എന്നും പങ്കുവെയ്ക്കുന്ന സി. ബാലഗോപാല്‍ സംസ്ഥാനത്തെ വ്യാവസായ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന ആശയപ്രചരണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എക്കാലവും ഖണ്ഡിക്കാറുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനം നേടി കേരളം മുന്നോട്ട് പോകുമ്പോള്‍ ഇത്തരം നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കെ.എസ്.ഐ.ഡി.സിയുടെ നേതൃനിരയിലേക്ക് സി. ബാലഗോപാലിന്റെ വരവിനെ ഏറെ പ്രതീക്ഷകളോടെയാണ് വ്യവസായ സമൂഹം നോക്കുന്നത്.
കരുത്തുറ്റ നേതൃനിര
11 പേരുള്‍പ്പെടുന്ന ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോര്‍, ധനകാര്യ (എക്‌സ്‌പെന്‍ഡിച്ചര്‍) സെക്രട്ടറി കേശവേന്ദ്രകുമാര്‍, വ്യവസായ വകുപ്പ് ഡയറക്റ്റര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവരാണ് സര്‍ക്കാര്‍ പ്രതിനിധികള്‍.
ഐ.ബി.എസ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ വി.കെ മാത്യൂസ്, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് എം.ഡി പി.കെ മായന്‍ മുഹമ്മദ്, സിന്തൈറ്റ് എം.ഡി അജു ജേക്കബ്, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി മുന്‍ ചെയര്‍മാന്‍ എസ്. പ്രേംകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എം.ഡി സി.ജെ ജോര്‍ജ്, ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ് ദീപ വര്‍ഗീസ് എന്നിവരാണ് മറ്റംഗങ്ങള്‍. മൂന്നുവര്‍ഷമാണ് കാലാവധി.