Begin typing your search above and press return to search.
പാലക്കാട് ₹3,806 കോടിയുടെ വ്യവസായ സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്ര അനുമതി
കേരളത്തില്‍ പാലക്കാട് ഉള്‍പ്പെടെ 12 വ്യവസായ സ്മാർട്ട് സിറ്റികള്‍ തുടങ്ങാനുള്ള 28,602 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ദേശീയ വ്യവസായിക ഇടനാഴി പദ്ധതിയുടെ കീഴിലാണ് 12 ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്കുകള്‍ അനുവദിച്ചിരിക്കുന്നത്. 6 ഇടനാഴികളില്‍ കൂടി പരസ്പരം ബന്ധിപ്പിച്ചാണ് 10 സംസ്ഥാനങ്ങളില്‍ ഈ പാര്‍ക്കുകള്‍ വരിക. 1,52,757 കോടി രൂപയുടെ നിക്ഷേപമാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. പാലക്കാട് വ്യവസായ പാര്‍ക്കിന് കേന്ദ്രമന്ത്രി സഭ അനുമതി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ധനം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
28,602 കോടി രൂപ ഈ പാര്‍ക്കുകള്‍ക്കായി ചെലവിടുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. പാലക്കാട്, ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രജ്പുര-പട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യു.പിയിലെ ആഗ്ര, പ്രയാഗ്‌രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രാപ്രദേശിലെ ഒര്‍വക്കല്‍, കൊപ്പരത്തി, രാജസ്ഥാനിലെ ജോധ്പൂര്‍-പാലി എന്നിവിടങ്ങളിലാണ് പാര്‍ക്കുകള്‍ വരുന്നത്. ഇതിലൂടെ നേരിട്ടുള്ള 10 ലക്ഷം തൊഴിലവസരങ്ങളും 30 ലക്ഷം മറ്റ് തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയും.
വ്യവസായങ്ങള്‍ക്ക് നേട്ടമാകും
*വികസിത ഭാരതമെന്ന സ്വപ്‌നത്തിന്റെ ഭാഗമാണ് പദ്ധതി
*28,602 കോടി രൂപയുടെ 12 പദ്ധതികള്‍ ഇന്ത്യയുടെ വ്യാവസായിക പരിസ്ഥിതിയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കും
*1.5 ലക്ഷം കോടിയുടെ നിക്ഷേപം
*10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴില്‍
*പി.എം ഗതിശക്തി തത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം
*പ്ലഗ് ആന്‍ഡ് പ്ലേ രീതിയില്‍ നിര്‍മിക്കുന്ന പാര്‍ക്കുകളില്‍ ബിസിനസുകള്‍ എളുപ്പത്തില്‍ തുടങ്ങാം
*വിദേശ നിക്ഷേപം, പ്രാദേശിക ഉത്പാദനം, തൊഴിലവസരം എന്നിവ വര്‍ധിപ്പിക്കുന്നത് ലക്ഷ്യം
*റസിഡന്‍ഷ്യല്‍, കൊമേഷ്യല്‍ പ്രോജക്ടുകള്‍ ഒരുമിച്ച് വരുന്ന വ്യവസായ നഗരമെന്ന സങ്കല്‍പ്പമാണ് സര്‍ക്കാരിന്റെ മനസിലുള്ളത്.
Next Story
Videos