ഉല്‍സവ സീസണില്‍ കോളടിച്ച് റെയില്‍വെ ജീവനക്കാര്‍; ബോണസ് ലഭിക്കുന്നത് 78 ദിവസത്തെ ശമ്പളം


ദീപാവലി ഉള്‍പ്പടെയുള്ള ഉല്‍സവ സീസണ്‍ അടുത്തുവരുന്നതിനിടെ റെയില്‍വെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് വലിയ ബോണസ് ആനുകൂല്യം. ഗസറ്റഡ് അല്ലാത്ത ജീവനക്കാര്‍ക്ക് ഉല്‍പാദനക്ഷമതയെ അടിസ്ഥാനമാക്കി 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിവിധ തസ്തികകളിലുള്ള 11.72 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനപ്പെടും. 2,028.57 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചിലവിടുന്നത്. ഓരോ ജീവനക്കാര്‍ക്കും ലഭിക്കുന്ന പരമാവധി ബോണസ് 18,000 രൂപയോളമാണ്. ഇതോടൊപ്പം രാജ്യത്തെ തുറമുഖങ്ങളിലെയും ഡോക് ലേബര്‍ ബോര്‍ഡിലെയും ജീവനക്കാരുടെ ഉല്‍പ്പാദന ബന്ധിത റിവാഡ് പദ്ധതി പുതുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ലഭിക്കുന്നത് ആര്‍ക്കെല്ലാം

ഗസറ്റഡ് റാങ്കിലല്ലാത്ത വിവിധ തസ്തികകളിലുള്ള ജീവനക്കാര്‍ക്കാണ് ബോണസ്. ട്രാക് മെയിന്റനന്‍സ് വിഭാഗം, ലോക്കോ പൈലറ്റ്, ഗാര്‍ഡ്, സ്റ്റേഷന്‍ മാസ്റ്റര്‍, സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍, പോയിന്റ്‌സ്മാന്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, ഗ്രൂപ്പ് സി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആനുകൂല്യം. കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനക്ഷമത അടിസ്ഥാനമാക്കി വ്യത്യസ്ത നിരക്കുകളായിരിക്കും. അതേസമയം, ഉല്‍പ്പാദനക്ഷമത കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അറിയിപ്പുകളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ബോണസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദീപാവലി, ദസറ ആഘോഷങ്ങള്‍ക്ക് മുമ്പായി വിതരണം ചെയ്യുമെന്നാണ് സൂചന.

Related Articles
Next Story
Videos
Share it