ലോകത്തെ മികച്ച 10 തുറമുഖങ്ങളിലൊന്നാകാന്‍ വഡ്‌വാന്‍: 76,220 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ഇന്ത്യയിലെ ഏറ്റവും വലിയ ഡീപ്പ് ഡ്രാഫ്റ്റ് തുറമുഖം, 10 ലക്ഷം പേര്‍ക്ക് തൊഴില്‍
representational image . image credit : canva
representational image . image credit : canva
Published on

76,220 കോടി ചെലവിട്ട് മഹാരാഷ്ട്രയിലെ വഡ്‌വാന്‍ തുറമുഖം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ പദ്ധതിയാണ്. വരാനിരിക്കുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയിലെയും (ഐ.എം.ഇ.സി) ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇടനാഴിയിലെയും പ്രധാന തുറമുഖമാണിത്. വദാവന്‍ തുറമുഖ വികസനം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

പദ്ധതി ഇങ്ങനെ

എല്ലാ കാലാവസ്ഥയിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ മേജര്‍ തുറമുഖങ്ങളിലൊന്നാകും  വഡ്‌വാന്‍  തുറമുഖം. അടിസ്ഥാന സൗകര്യങ്ങള്‍, ടെര്‍മിനലുകള്‍, മറ്റ് വ്യാവസായിക സൗകര്യങ്ങള്‍ എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് (പി.പി.പി) നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയില്‍ സര്‍ക്കാര്‍ 38,000 കോടി രൂപ നിക്ഷേപിക്കും, ബാക്കി സ്വകാര്യ മേഖലയില്‍ നിന്നും കണ്ടെത്തും. ദേശീയ പാത, നിലവിലെ റെയില്‍വേ ലൈന്‍, വരാനിരിക്കുന്ന റെയില്‍ ചരക്ക് ഗതാഗത ഇടനാഴി എന്നിവയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന പദ്ധതിക്കും കേന്ദ്രം അനുമതി നല്‍കി.

ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് അതോറിറ്റിയും മഹാരാഷ്ട്ര മാരിടൈം ബോര്‍ഡും ചേര്‍ന്നുള്ള പ്രത്യേക ഉദ്ദേശത്തോടെ രൂപീകരിക്കുന്ന വിഭാഗമാണ് (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ -എസ്.പി.വി) പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖമായ ജവഹര്‍ ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും 150 കിലോമീറ്ററും മുംബയ് നഗരത്തില്‍ നിന്നും 130 കിലോമീറ്ററും അകലെയാണ് വഡ്‌വാന്‍ നിര്‍മിക്കുന്നത്.

പദ്ധതി വൈകിയത് വര്‍ഷങ്ങള്‍

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ച വഡ്‌വാന്‍ പോര്‍ട്ടിന് 2020ലാണ് കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ പാരിസ്ഥിതിക അനുമതി ലഭിക്കാത്തത് മൂലം പദ്ധതി നീണ്ടു പോയി.തുറമുഖം വരുന്നത് വന്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും ജീവിതോപാധി നഷ്ടപ്പെടുമെന്നും കാട്ടി മുപ്പതോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ സമരം ചെയ്തതും പദ്ധതി വൈകിപ്പിക്കാന്‍ ഇടയാക്കി. നാല് വര്‍ഷം മുമ്പ് നിശ്ചയിച്ചിരുന്നതിനേക്കാള്‍ പദ്ധതിച്ചെലവില്‍ 11,000 കോടി രൂപയുടെ വര്‍ധനയുമുണ്ടായി.

ഇന്ത്യയിലെ ഏറ്റവും വലിയ ഡീപ്പ് ഡ്രാഫ്റ്റ് തുറമുഖം

വലിയ ജലയാനങ്ങള്‍ക്കും കൂറ്റന്‍ ചരക്കുകപ്പലുകള്‍ക്കും അടുക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡീപ്പ് ഡ്രാഫ്റ്റ് തുറമുഖമാണ് വഡ്‌വാന്‍ (30 അടിയോ കൂടുതലോ ആഴമുള്ള തുറമുഖങ്ങളാണ് ഡീപ്പ് ഡ്രാഫ്റ്റ് തുറമുഖങ്ങള്‍). 1000 മീറ്റര്‍ നീളമുള്ള ഒമ്പത് കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍, നാല് വിവിധോദ്ദ്യേശ ബെര്‍ത്തുകള്‍, നാല് ലിക്വിഡ് കാര്‍ഗോ ബെര്‍ത്തുകള്‍, ഒരു റോ-റോ ബെര്‍ത്ത്, കോസ്റ്റ് ഗാര്‍ഡിന്റെ ബെര്‍ത്ത് എന്നിവയാണ് തുറമുഖത്തിന്റെ ഭാഗമായി നിര്‍മിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 തുറമുഖങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കുന്ന തുറമുഖമാണിത്.

10 ലക്ഷം തൊഴിലവസരങ്ങള്‍

പി.എം ഗതിശക്തി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുറമുഖം സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് സഹായിക്കുന്നതോടൊപ്പം നേരിട്ടും അല്ലാതെയും 10 ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com