2029ല്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച്?
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കാന്‍ മോദിസര്‍ക്കാര്‍ ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു. മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സമിതി തയാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. രാജ്യവ്യാപകമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനും തുടര്‍ന്ന് 100 ദിവസങ്ങള്‍ക്കകം പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിക്കുന്നതാണ് റിപ്പോര്‍ട്ട്. 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനുള്ള മുന്നൊരുക്കമാണ് മന്ത്രിസഭ തീരുമാനത്തില്‍ തെളിയുന്നത്.
ബി.ജെ.പിയുടെ പ്രധാന വാഗ്ദാനം
ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്. ഇത് സമയം ലാഭിക്കാനും കേന്ദ്ര-സംസ്ഥാനങ്ങളിലെ ഭരണ സ്ഥിരത ഉറപ്പാക്കാനും അതുവഴി രാജ്യം മെച്ചപ്പെട്ട വളര്‍ച്ചയും വികസനവും കൈവരിക്കാനും സഹായിക്കുമെന്നാണ് കാഴ്ചപ്പാട്. മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ 100 പ്രവൃത്തി ദിവസങ്ങള്‍ക്കിടയില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ അടുത്ത പടിയിലേക്ക് സര്‍ക്കാര്‍ കടന്നതിനൊപ്പം പ്രതിപക്ഷ നിരയില്‍ നിന്ന് എതിര്‍പ്പുകളും ഉയര്‍ന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനക്കു വിരുദ്ധവും വൈവിധ്യമാര്‍ന്ന ചിന്താഗതി അനുവദിക്കാത്തതുമാണ് ഒറ്റ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു. ഭരണത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നീക്കം ജനം അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. സര്‍ക്കാര്‍-പ്രതിപക്ഷ പോരിലേക്കു കൂടിയാണ് മന്ത്രിസഭ തീരുമാനം വഴി തുറക്കുന്നത്.
ഒറ്റ വോട്ടര്‍ പട്ടിക മാത്രം
ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താന്‍ പാകത്തില്‍ നിയമസഭകളുടെയും സര്‍ക്കാറുകളുടെയും കാലാവധി ക്രമീകരിക്കാന്‍ രാംനാഥ് കോവിന്ദ് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. തൂക്കു സഭകള്‍, അവിശ്വാസ പ്രമേയം, കൂറുമാറ്റം തുടങ്ങിയ പ്രശ്‌നവിഷയങ്ങള്‍ക്കുള്ള മാര്‍ഗരേഖയും റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ദേശീയ തലത്തില്‍ ഒറ്റ വോട്ടര്‍പട്ടികയായിരിക്കും. മന്ത്രിസഭ റിപ്പോര്‍ട്ട് അംഗീകരിച്ച സാഹചര്യത്തില്‍ ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ഭരണഘടന, ജനപ്രാതിനിധ്യ നിയമഭേദഗതി ബില്ലുകള്‍ ദേശീയ തലത്തില്‍ വിശദ കൂടിയാലോചനകള്‍ക്കു ശേഷം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കേണ്ടതുണ്ട്. ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പിന് വ്യാപക പിന്തുണ രാജ്യത്ത് ഉണ്ടെന്നാണ് മന്ത്രിസഭ യോഗത്തിനു ശേഷം മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചത്.