10,000 പുതിയ വൈദ്യുത ബസുകള്‍; 58,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം

രാജ്യത്തെ നഗരങ്ങളിലുടനീളം 10,000 ല്‍ അധികം വൈദ്യുത ബസുകള്‍ വിന്യസിക്കാനൊരുങ്ങി കേന്ദ്രം. വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച 1.18 ലക്ഷം കോടി രൂപയില്‍ ഹരിത ഗതാഗതം വര്‍ധിപ്പിക്കാനും സിറ്റി ബസ് സർവീസുകൾ വര്‍ധിപ്പിക്കാനുമുള്ള പി.എം ഇ-ബസ് (PM-eBus) സേവയ്ക്ക് 57,613 കോടി രൂപ വകയിരുത്തി.

പൊതു-സ്വകാര്യ പങ്കാളിത്ത (public-private partnership) മാതൃകയില്‍ 169 നഗരങ്ങളിലായി വിന്യസിക്കുന്ന 10,000 പുതിയ വൈദ്യുത ബസുകള്‍ വാങ്ങുന്നതിനാണ് തുക ചെലവഴിക്കുക. 57,613 കോടി രൂപ ചെലവ് വരുന്ന പി.എം ഇ-ബസ് സേവാ പദ്ധതിക്ക് കേന്ദ്രം 20,000 കോടി രൂപ നല്‍കും. ഇത് 10 വര്‍ഷത്തേക്ക് ബസ് സര്‍വീസുകളുടെ ചെലവിലേക്കാണ്.

പദ്ധതി രണ്ട് വിഭാഗങ്ങളിലായി

രണ്ട് വിഭാഗങ്ങളിലായി പദ്ധതി നടപ്പാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 169 നഗരങ്ങളില്‍ 10,000 ഇ-ബസുകള്‍ വിന്യസിക്കുമ്പോള്‍ മറ്റ് 181 നഗരങ്ങളില്‍ ഹരിത നഗര ഗതാഗത സംരംഭങ്ങള്‍ക്ക് കീഴില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കും.ആദ്യ വിഭാഗത്തിലെ നഗരങ്ങള്‍ക്കായി സബ്സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെ പുതിയ ഇ-ബസുകള്‍ക്കായി ഡിപ്പോ വികസിപ്പിക്കുകയോ നവീകരിക്കുകയോ ചെയ്യും.

രണ്ടാം വിഭാഗത്തിലെ നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഓട്ടോമേറ്റഡായി ടിക്കറ്റ് എടുക്കാനുള്ള സംവിധാനങ്ങള്‍, ചാര്‍ജിംഗ് സംവിധാനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മൂന്ന് ലക്ഷവും അതില്‍ കൂടുതലും ജനസംഖ്യയുള്ള നഗരങ്ങള്‍ പദ്ധതിയുടെ പരിധിയില്‍ വരും. ഈ പദ്ധതിയിലൂടെ 45,000 മുതല്‍ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാരിസ്ഥിതിക നേട്ടങ്ങള്‍ ഏറെ

വൈദ്യുത യാത്ര സേവനങ്ങള്‍ സ്വീകരിക്കുന്നത് നഗരങ്ങളിലെ ശബ്ദ-വായു മലിനീകരണം കുറയ്ക്കുന്നതിനും കാര്‍ബണ്‍ എമിഷന്‍ തടയുന്നതിനും സഹായിക്കും. ശുദ്ധവായു കുറയുന്നത്, കാര്‍ബണ്‍ പറന്തള്ളല്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കെതിരെ പോരാടുന്നതിനുള്ള ഒരു പ്രധാന ചവിട്ടുപടിയാണ് ഇത്തരം ഗതാഗത സംവിധാനങ്ങള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it