പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ₹1,873.89 കോടിയുടെ നഷ്ടം! മുന്നില്‍ ആനവണ്ടി, 8 വര്‍ഷമായി ഓഡിറ്റ് ഇല്ലെന്ന് സി.എ.ജി; 87% സ്ഥാപനങ്ങള്‍ക്കും കണക്കില്ല, ഗുരുതര കണ്ടെത്തല്‍

654 കോടി രൂപയായിരുന്ന ലാഭം 2022-23ല്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, ലാഭത്തില്‍ ഒന്നാമന്‍ കെ.എസ്.ഇ.ബി
a Man in Shock looking computer screen
Canva
Published on

കേരളത്തിലെ 66 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1,873.89 കോടി രൂപയുടെ നഷ്ടത്തിലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി ആന്‍ഡ് എ.ജി.) ഓഡിറ്റ് റിപ്പോര്‍ട്ട്. തൊട്ടുമുന്‍വര്‍ഷം 4,065 കോടി രൂപയായിരുന്നു മൊത്ത നഷ്ടം. 58 സ്ഥാപനങ്ങള്‍ 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 1,368.72 കോടി രൂപയുടെ ലാഭമുണ്ടാക്കി. തൊട്ടുമുന്‍വര്‍ഷം 654 കോടി രൂപയായിരുന്നു ലാഭം. ഇരട്ടി വര്‍ധന. നാലെണ്ണം ലാഭത്തിലോ നഷ്ടത്തിലോ അല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 87 ശതമാനവും കൃത്യ സമയത്ത് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറില്ലെന്ന ഗുരുതര കണ്ടെത്തലും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

ലാഭക്കണക്കില്‍ മുന്നില്‍ കെ.എസ്.ഇ.ബി

സി.എ.ജി റിപ്പോര്‍ട്ട് അനുസരിച്ച് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിയത് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡാണ്(കെ.എസ്.ഇ.ബി). 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 736.27 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ പലിശ, നികുതി എന്നിവക്ക് ശേഷമുള്ള മൊത്ത ലാഭം. കേരളത്തിലെ 58 പൊതുമേഖലാ സ്ഥാപനങ്ങള്‍ മൊത്തത്തില്‍ നേടിയ ലാഭത്തിന്റെ പകുതിയില്‍ കൂടുതലും (53.79 ശതമാനം) വൈദ്യതി ബോര്‍ഡിന്റെ വക. തൊട്ടുമുന്‍വര്‍ഷം 1,822 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചുവരവ്. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡാണ്(കെ.എസ്.എഫ്.ഇ) ലാഭത്തിലെ രണ്ടാമന്‍. 105.49 കോടി രൂപയാണ് കെ.എസ്.എഫ്.ഇയുടെ ലാഭം. 100 കോടിക്ക് മുകളില്‍ ലാഭമുണ്ടാക്കിയ രണ്ട് കമ്പനികള്‍ കെ.എസ്.ഇ.ബിയും കെ.എസ്.എഫ്.ഇയും മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ നഷ്ടത്തിലായിരുന്ന ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ്, കെ.എസ്.ഇ.ബി, കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ ഇക്കുറി ലാഭത്തിലായെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

നഷ്ടത്തിലാക്കിയ ആനവണ്ടി

1,873.89 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതില്‍ സിംഹഭാഗവും രണ്ട് സ്ഥാപനങ്ങളുടെ സംഭാവനയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി 1,007.18 കോടി രൂപയും കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡ് 106.81 കോടി രൂപയും നഷ്ടമുണ്ടാക്കി. കെ.എസ്.ആര്‍.ടി.സിയുടെ 2015-16 വര്‍ഷത്തെയും സപ്ലൈക്കോയുടെ 2017-18 വര്‍ഷത്തെയും കണക്കുകളാണ് പരിശോധിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ 2016-17 സാമ്പത്തിക വര്‍ഷം മുതലുളള ഓഡിറ്റിംഗ് ബാക്കിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

സര്‍ക്കാരിന് ₹22,318 കോടി നിക്ഷേപം

2023 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 149 പൊതുമേഖലാ സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 130 എണ്ണം സര്‍ക്കാര്‍ കമ്പനികളും 15 എണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും 4 എണ്ണം സ്റ്റാറ്റിയൂട്ടറി കോര്‍പറേഷനുകളുമാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 131 സ്ഥാപനങ്ങളിലെ കേരള സര്‍ക്കാരിന്റെ നിക്ഷേപം 22,318.09 കോടി രൂപയാണ്. 2022 മാര്‍ച്ചിലെ കണക്ക് പ്രകാരം ഇത് 20,349 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 56 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 12,302 കോടി രൂപയുടെ വായ്പ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷം 10,621 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വായ്പ. 2022-23 കാലയളവില്‍ 25 സ്ഥാപനങ്ങള്‍ക്കായി 1,696 കോടി രൂപയുടെ വായ്പ അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ തുടരുന്നു.

നിര്‍ദ്ദേശങ്ങള്‍

  • കേരളത്തിലെ 149 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 18 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവ 1986-87 വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കാത്തവയോ ലിക്വിഡേഷന്റെ വിവിധ ഘട്ടത്തിലുള്ളവയോ ആണ്. പൊതുഖജനാവില്‍ കൂടുതല്‍ നഷ്ടമുണ്ടാകാതിരിക്കാന്‍ ഈ കമ്പനികള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കണം

  • നഷ്ടത്തിലായ സ്ഥാപനങ്ങളുടെ ബിസിനസ് മോഡല്‍ പരിശോധിച്ച് നഷ്ടത്തിന്റെ മൂലകാരണം സര്‍ക്കാര്‍ കണ്ടെത്തണം. അപ്രായോഗികമെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണം.

  • സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഇക്വിറ്റി, വായ്പ, ഗ്യാരന്റി തുടങ്ങിയ കാര്യങ്ങളിലുള്ള തര്‍ക്കം സമയബന്ധിതമായി പരിഹരിക്കണം

റിപ്പോര്‍ട്ട് കൊടുത്തത് 12 ശതമാനം കമ്പനികള്‍ മാത്രം

ഓരോ സാമ്പത്തിക വര്‍ഷത്തെയും സാമ്പത്തിക റിപ്പോര്‍ട്ട് അതത് വര്‍ഷത്തെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ അവതരിപ്പിക്കണമെന്നും ഓഡിറ്റിംഗിന് വിധേയമാക്കണമെന്നുമാണ് 2013ലെ കമ്പനി നിയമം പറയുന്നത്. ഇത് ലംഘിച്ചാല്‍ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ശക്തമായ നിയമം ഉണ്ടായിട്ടും സാമ്പത്തിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും സമര്‍പ്പിക്കുന്നതിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വന്‍വീഴ്ചയുണ്ടായെന്ന് സി.എ.ജി ചൂണ്ടിക്കാട്ടി. സി.എ.ജിയുടെ ഓഡിറ്റിംഗിന് വിധേയമാക്കേണ്ട 131 കമ്പനികളില്‍ 16 എണ്ണം മാത്രമാണ് കൃത്യസമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആകെ സ്ഥാപനങ്ങളുടെ 12.21 ശതമാനം മാത്രമാണിത്. 2022-23 വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ 115 സ്ഥാപനങ്ങളും വീഴ്ച വരുത്തി. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ഏഴ് സ്ഥാപനങ്ങള്‍ 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നു. 29 സ്ഥാപനങ്ങള്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയും 32 സ്ഥാപനങ്ങള്‍ രണ്ട് വര്‍ഷത്തിന് മുകളിലും റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സാമ്പത്തിക കണക്കുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കാന്‍ എല്ലാ സ്ഥാപനങ്ങളുടെയും മേലധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നിക്ഷേപമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ സാമ്പത്തിക റിപ്പോര്‍ട്ട് കൃത്യസമയത്ത് സമര്‍പ്പിക്കാത്തത് ഗുരുതര പ്രശ്‌നമാണ്. സര്‍ക്കാരിന്റെ നിയന്ത്രണവും ഓഡിറ്റും ഇല്ലെങ്കില്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കും അഴിമതിക്കും വഴിവെക്കുമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കൃത്യമായ നടപടിയെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് തുടരുന്നു.

റിപ്പോര്‍ട്ടുണ്ടെങ്കിലേ ജോലിയുള്ളൂ

കൃത്യസമയത്ത് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കാന്‍ ചില നിര്‍ദ്ദേശങ്ങളും സി.എ.ജി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ചുമതല സ്ഥാപനമേധാവിയെ എല്‍പ്പിക്കണം. റിപ്പോര്‍ട്ട് വൈകിയാല്‍ സ്ഥാപനമേധാവിക്ക് കാലാവധി നീട്ടിനല്‍കാനോ മറ്റൊരു കമ്പനിയില്‍ ചേരാനോ അനുവദിക്കരുത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പാക്കാനും റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് ലഭിക്കാനും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനം നടപ്പിലാക്കണം. കൃത്യസമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കമ്പനി മേധാവികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com