കെ ഫോണ്‍ കരാറില്‍ ₹36 കോടി നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്

സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണില്‍ വീണ്ടും വിവാദം. ആരംഭിച്ചത് മുതല്‍ തന്നെ വിവാദത്തില്‍പെട്ട പദ്ധതിയുടെ കരാറില്‍ സര്‍ക്കാരിന് 36 കോടി രൂപ നഷ്ടമുണ്ടായതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ബെല്‍ കണ്‍സോര്‍ഷ്യത്തിന് പലിശരഹിത മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതുവഴിയാണ് ഇത്രയും തുക സര്‍ക്കാരിന് നഷ്ടമായത്. പര്‍ച്ചേസ്, സി.വി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യവസ്ഥ പാലിച്ചില്ല

മൊബിലൈസേഷന്‍ അഡ്വാന്‍സ് വ്യവസ്ഥകള്‍ മറികടന്ന് നഷ്ടമുണ്ടാക്കി എന്ന് കണ്ടെത്തലില്‍ സി.എ.ജി സര്‍ക്കാരിനോട് വിശദീകരണവും തേടി. കെ.എസ്.ഇ.ബി ഫിനാന്‍സ് ഓഫീസറുടെ നിര്‍ദ്ദേശം പോലും അവഗണിച്ചാണ് കരാറുമായി മുന്നോട്ട് പോയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആദ്യ കരാറില്‍ ഇല്ലാതിരുന്നിട്ടും എം. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദ്ദേശം പരിഗണിച്ചാണ് 10% മൊബിലൈസ്ഷന്‍ അഡ്വാന്‍സ് നല്‍കാന്‍ കെ.എസ്.ഐ.ടി.എല്‍ തയ്യാറായതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

1,531 കോടിക്കായിരുന്നു പദ്ധതിയുടെ ടെണ്ടര്‍ ഉറപ്പിച്ചത്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാന്‍സ് നല്‍കിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് സി.എ.ജി വ്യക്തമാക്കുന്നത്. 2013 ലെ സ്റ്റോര്‍ പര്‍ചേസ് മാന്വലനുസരിച്ച് മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ കൂടി ഉള്‍പ്പെട്ടതാണ്. പലിശ ഒഴിവാക്കി നല്‍കണമെങ്കില്‍ ആരാണോ കരാര്‍ കൊടുത്തത് അവരുടെ ബോര്‍ഡ് യോഗത്തിന്റെ അനുമതി വേണമെന്നാെണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും വ്യവസ്ഥ. കെ ഫോണിന്റെ ടെണ്ടറില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സിനെ കുറിച്ച് പറയുന്നില്ലെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു.

നടത്തിപ്പ് ടെന്‍ഡറിലും വിവാദം

കെഫോണ്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ടെന്‍ഡറിലും വിവാദമുയര്‍ന്നിരുന്നു. സ്വകാര്യകമ്പനിയുടെ സൗകര്യത്തിനു വേണ്ടി ടെന്‍ഡര്‍ നടപടികള്‍ തിരുത്തി എഴുതി എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍സോര്‍ഷ്യത്തില്‍ പങ്കാളിയായ എസ്.ആര്‍.ഐ.ടിയുടെ സേവന ദാതാക്കളായ റെയില്‍ ടെല്‍ കോര്‍പറേഷന് ടെന്‍ഡര്‍ ലഭിച്ചു. ആദ്യം ടെന്‍ഡര്‍ നേടിയ സിറ്റ്‌സ കമ്പനി നിയമപോരാട്ടം തുടരുന്നതിനിടെയാണ് ടെന്‍ഡര്‍ റെയില്‍ ടെല്ലിന് ലഭിച്ചത്.

രണ്ട് തവണ നടത്തിയ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കിയ കെ-ഫോണ്‍ എസ്.ആര്‍.ഐ.ടിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ അനുകൂലമായി മാറ്റിയെഴുതിയെന്നായിരുന്നു വിവാദം. എസ്.ആര്‍.ഐ.ടി.യുടെ സോഫ്ട്‌വെയറായ ആര്‍ കണ്‍വേര്‍ജ് ഉപയോഗിക്കുന്നവരെ മാത്രമേ പരിഗണിക്കൂവെന്ന് എസ്.ആര്‍.ഐടി.യുടെ പേരെടുത്ത് പറഞ്ഞ് വ്യവസ്ഥ തിരുത്തിയായിരുന്നു പുതിയ ടെന്‍ഡര്‍ വിളിച്ചത്. ഇതിലൂടെയാണ് റെയില്‍ടെലിന് കരാര്‍ ലഭിച്ചത്. 27 കോടി രൂപയ്ക്കാണു റെയില്‍ടെല്‍ കെ-ഫോണിന് സേവനങ്ങള്‍ നല്‍കുക.

ഒന്നാംഘട്ടത്തിലും ആശങ്ക

ഒന്നാംഘട്ട സൗജന്യ കണക്ഷന്‍ നടപടികളും ഗാര്‍ഹിക-വാണിജ്യ കണക്ഷനുകളും ഓണത്തിന് മുമ്പ് നല്‍കുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പ്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

Related Articles

Next Story

Videos

Share it