Begin typing your search above and press return to search.
കോഴിക്കോട് വിമാനത്താവളത്തില്‍ ഇനി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചെലവേറും; പുതിയ നിരക്കുകള്‍ ഇങ്ങനെ
കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് ഫീസ് വര്‍ധിപ്പിച്ചു. നാലിരട്ടി വരെ വർധനയാണ് പാര്‍ക്കിങ് ഫീസില്‍ വരുത്തിയിട്ടുളളത്. ഏഴ് സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് 50 രൂപയാക്കിയാണ് കൂട്ടിയത്. അരമണിക്കൂർ കഴിഞ്ഞാൽ ഇത് 65 രൂപയായിരിക്കും. നേരത്തെ 20 രൂപയായിരുന്ന പാർക്കിങ് നിരക്കാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
മിനി ബസുകളുടെ പാർക്കിങ് ഫീസ് 80 രൂപയാക്കി
7 സീറ്റിന് മുകളിലുള്ള എസ്.യു.വി കൾക്കും മിനി ബസുകൾക്കും ആദ്യത്തെ അരമണിക്കൂർ പാർക്കിങ് ചെയ്യുന്നതിന് 80 രൂപ വരെയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. അരമണിക്കൂർ കഴിഞ്ഞാല്‍ ഇത് 130 രൂപയായി വർധിക്കും. നേരത്തെ ഇത്തരം വാഹനങ്ങള്‍ അരമണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 20 രൂപയാണ് നല്‍കേണ്ടിയിരുന്നത്.
ഇരുചക്ര വാഹനങ്ങൾക്ക് പത്തുരൂപയാണ് പാര്‍ക്കിങ് ഫീസ്. അരമണിക്കൂർ കഴിഞ്ഞാൽ ഇത് 15 രൂപയാകും. വിമാനത്താവളത്തിൽ പാർക്ക് ചെയ്യാതെ പുറത്ത് കടക്കുന്ന വാഹനങ്ങൾക്ക് നൽകിയിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആക്കിയും ഉയർത്തിട്ടുണ്ട്.
ടാക്സി വാഹനങ്ങളുടെ പാര്‍ക്കിങ് നിരക്കിലും വര്‍ധന
എയര്‍പോര്‍ട്ട് അതോരിറ്റിയുടെ അംഗീകാരമുള്ള ടാക്സി വാഹനങ്ങൾക്ക് പുതിയ നിരക്ക് അനുസരിച്ച് 20 രൂപ നല്‍കണം. നേരത്തെ ഇവയ്ക്ക് സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. അംഗീകാരമില്ലാത്ത വാഹനങ്ങൾ അര മണിക്കൂര്‍ പാര്‍ക്കിങ്ങിന് 226 രൂപ നൽകണം.
2 മണിക്കൂർ വരെയാണ് പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ 276 രൂപയാണ് നല്‍കേണ്ടത്. പാർക്കിങ് സ്ഥലത്തുനിന്ന് നിശ്ചിത സമയത്തിനകം വാഹനം പുറത്തു കടന്നില്ലെങ്കിൽ വീണ്ടും 226 രൂപ നൽകേണ്ടതുണ്ട്.
അംഗീകാരമില്ലാത്ത വാഹനങ്ങൾ അര മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് നേരത്തെ 40 രൂപയായിരുന്നു ഫീസ്. പാർക്കിങ് ഏരിയയിൽ പ്രവേശിക്കാതെ യാത്രക്കാരനെ ടെർമിനലിനു മുൻപിൽ ഇറക്കിയോ കയറ്റിയോ നിശ്ചിത സമയം കഴിഞ്ഞ് പുറത്തേക്കു പോയാൽ 283 രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
Next Story
Videos