'മാറുന്ന ലോകത്ത് ഇന്ത്യ എങ്ങോട്ട്': ആശയങ്ങളും ആശങ്കകളും പങ്കുവച്ച് സിഎംഎ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍

കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആനുവല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ പങ്കാളിത്തം കൊണ്ടും പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി. 'മാറുന്ന ലോകത്ത് ഇന്ത്യ എങ്ങോട്ട്' എന്ന പ്രമേയത്തില്‍ ഓഗസ്റ്റ് 27,28 തിയതികളിലായി കോഴിക്കോട് ഐഐഎമ്മില്‍ നടന്ന സംഗമം എഴുത്തുകാരനും നയതന്ത്ര വിദഗ്ധനും മുന്‍ യുഎസ് അംബാസഡറുമായ ടി.പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

അസ്ഥിരതയും അനിശ്ചിതത്വവും സ്വാര്‍ത്ഥത നിറഞ്ഞ ലോകക്രമത്തിലേക്ക് നയിക്കുന്നുവെന്നും ഏകാധിപത്യ മനോഭാവം ലോകത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ മുന്‍ കേന്ദ്ര ഐടി സെക്രട്ടറി അരുണാ സുന്ദരരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ലോകത്തിന് മാതൃകയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവം. ഇത് ഡിജിറ്റല്‍ ലോകത്ത്
നമ്മെ മുന്നോട്ടുനയിക്കുമെന്ന് അവര്‍ പറഞ്ഞു. സിഎംഎ പ്രസിഡന്റ് ആനന്ദമണി അധ്യക്ഷനായി. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ഷിബുലാന്‍ എസ്ഡി മുഖ്യാതിഥിയായി.
വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിദഗ്ധരായ ഒഎന്‍ഡിസി സിഇഒ തമ്പി കോശി, സെലെസ്റ്റ ക്യാപിറ്റല്‍ എംഡി അരുണ്‍ കുമാര്‍, ആള്‍ട്ടിവിസ്റ്റ് അഡൈ്വസര്‍ സ്ഥാപകന്‍ വിവേക് ശര്‍മ, മാന്‍കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്സ് സിഇഒ ജീമോന്‍ കോര, റാന്‍സ്റ്റഡ് ഇന്ത്യ എംഡി വിശ്വനാഥ് പിഎസ്, കാലിക്കറ്റ് എന്‍ഐടി ഡയറക്ടര്‍ ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, മുന്‍ കെല്‍ട്രോണ്‍ സിഎംഡി ക്യാപ്റ്റന്‍ ഒപി ദുവ, ടൈ കേരള പ്രസിഡന്റ് അനിഷ ചെറിയാന്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ സംബന്ധിച്ച് സംസാരിച്ചു.
സമാപന ചടങ്ങില്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മാനിച്ചു. പാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ മുഹമ്മദലി, മാതൃഭൂമി ഡയറക്ടര്‍-ഡിജിറ്റല്‍ ബിസിനസ്, മയൂര ശ്രേയാംസ്
കുമാര്‍, സ്മാര്‍ട്ട് പാര്‍ക്‌സ് ചെയര്‍മാന്‍ വിനയ് ജെയിംസ് കൈനടി എന്നിവരാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്.
ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തികശക്തി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആനുവല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തികമുന്നേറ്റത്തിന്റെ പാതയിലാണ്.
ഇന്ത്യ 15 വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യമായി മാറും. ലോകം പ്രതിസന്ധിയിലായ കോവിഡ് കാലത്ത് പോലും ഇന്ത്യ സാമ്പത്തികരംഗത്ത് വളര്‍ച്ച നേടി. ഇന്ത്യയുടെ യുവജനങ്ങളും വൈവിധ്യവല്‍ക്കരണവും സാങ്കേതിക വിദ്യയുമാണ് ഈ വളര്‍ച്ച
യ്ക്ക് സഹായകമായത്. കേരളത്തിലെ നഗരങ്ങളും നിക്ഷേപം ആകര്‍ഷിക്കാനും വികസിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it