68 ലക്ഷം കോടി രൂപ വില വരുന്ന ചൈനീസ് ഓഹരികള്‍ കൈവശം വെച്ച് അമേരിക്കക്കാര്‍ തല പുകയ്ക്കുകയാണ്, വില്‍ക്കണോ സൂക്ഷിക്കണോ? വിറ്റു തുലച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്‌

ട്രംപിന്റെ തീരുവ ഭീഷണി കാര്യമാക്കില്ലെന്ന് ചൈനീസ് മറുപടി
us president donald trump chinese president xi jinping
canva , Facebook
Published on

യു.എസ്.എ-ചൈന വ്യാപാര യുദ്ധം വേറെ തലങ്ങളിലേക്ക് പോയാല്‍ യു.എസ് നിക്ഷേപകരുടെ കൈവശമുള്ള ചൈനീസ് ഓഹരികള്‍ കൂട്ടത്തോടെ വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഏതാണ്ട് 800 ബില്യന്‍ ഡോളര്‍ (ഏകദേശം 68.47 ലക്ഷം കോടി രൂപ) മൂല്യമുള്ള ചൈനീസ് ഓഹരികള്‍ യു.എസ് നിക്ഷേപകരുടെ പക്കലുണ്ട്. യു.എസ്.എ-ചൈന സാമ്പത്തിക ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ ഈ ഓഹരികള്‍ യു.എസ് നിക്ഷേപകര്‍ വിറ്റൊഴിക്കുമെന്നാണ് പ്രമുഖ നിക്ഷേപക സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ മുന്നറിയിപ്പ്.

ചൈനീസ് കമ്പനികളെ യു.എസ് ഓഹരി വിപണിയില്‍ നിന്നും ഒഴിവാക്കാനുള്ള (ഡീലിസ്റ്റ് ) സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. ചൈനീസ് കമ്പനികളുടെ അമേരിക്കന്‍ ഡിപോസിറ്ററി റസീറ്റുകളുടെ (ADRs) മൊത്തം മൂല്യത്തിന്റെ 7 ശതമാനം യു.എസ് സ്ഥാപനങ്ങളുടെ കൈവശമാണുള്ളത്. ഒരുപക്ഷേ ചൈനീസ് കമ്പനികളെ ഡീലിസ്റ്റ് ചെയ്താല്‍ ഈ നിക്ഷേപകര്‍ക്ക് ചൈനീസ് വിപണിയില്‍ ഇടപാടുകള്‍ നടത്താനും കഴിയില്ല. നിര്‍ബന്ധിത ഡീലിസ്റ്റിംഗിന്റെ സാഹചര്യത്തില്‍ എ.ഡി.ആറിന്റെ മൂല്യത്തില്‍ 9 ശതമാനവും എം.എസ്.സി.ഐ (MSCI ) ചൈന ഇന്‍ഡക്‌സിന്റെ മൂല്യത്തില്‍ 4 ശതമാനവും ഇടിവ് സംഭവിക്കാമെന്ന് അവര്‍ കണക്കാക്കുന്നു

ചൈനീസ് വിഷയത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിന്റെ പ്രസ്താവന ചൈനീസ് കമ്പനികളെ ഡിലിസ്റ്റ് ചെയ്യാനുള്ള സൂചനയാണെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

എന്താണ് എ.ഡി.ആര്‍

യു.എസ് ഓഹരി വിപണിയില്‍ വിദേശ കമ്പനികളുടെ ഓഹരികള്‍ എളുപ്പത്തില്‍ വാങ്ങാന്‍ യു.എസ് നിക്ഷേപകരെ സഹായിക്കുന്ന ഉപകരണമാണിത്. യു.എസ് ബാങ്കുകള്‍ വിദേശത്ത് നിന്നും ഓഹരികള്‍ വാങ്ങുകയും അതിന് പകരം യു.എസ് ഡോളറില്‍ തുല്യമൂല്യമുള്ള എ.ഡി.ആറുകള്‍ സൃഷ്ടിക്കുകയും ചെയ്യും. യു.എസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ഇവ സാധാരണ ഓഹരികള്‍ പോലെ വാങ്ങാനും വില്‍ക്കാനും കഴിയും.

പാളയത്തില്‍ പട

ട്രംപിന്റെ തീരുവയുദ്ധം നിറുത്തിവെക്കണമെന്ന ആവശ്യവുമായി കാലിഫോര്‍ണിയ സ്‌റ്റേറ്റ് കോടതിയിലെത്തി. ഇതാദ്യമായാണ് ട്രംപിന്റെ തീരുവക്കെതിരെ ഒരു അമേരിക്കന്‍ സ്റ്റേറ്റ് കോടതിയിലെത്തുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്താനുള്ള തീരുമാനത്തിലൂടെ ട്രംപ് തന്റെ നിയമപരമായ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഫെഡറല്‍ കോടതിയില്‍ ആരോപിച്ചു. ട്രംപിന്റെ തീരുമാനം കാലിഫോര്‍ണിയയെും യു.എസ് സാമ്പത്തിക വ്യവസ്ഥയെയും സാരമായി ബാധിച്ചു. രാജ്യത്ത് വിലക്കയറ്റവും തൊഴില്‍ നഷ്ടവുമുണ്ടായെന്നും ഗാവിന്‍ ചൂണ്ടിക്കാട്ടി. ട്രംപിന്റെ തെറ്റായ തീരുമാനത്തിന്റെ തിക്തഫലം അനുഭവിക്കുന്ന അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് നിയമപോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് കാലിഫോര്‍ണിയ

ഒരു രാജ്യമായി പരിഗണിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ശേഷിയുള്ള സംസ്ഥാനമാണ് കാലിഫോര്‍ണിയ. ട്രംപിന്റെ തീരുമാനം വന്നതോടെ ചൈന, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള കാലിഫോര്‍ണിയയുടെ വ്യാപാര ബന്ധത്തെ സാരമായി ബാധിച്ചു. താരിഫ് യുദ്ധം തുടരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് കാലിഫോര്‍ണിയ വാദിക്കുന്നത്. താരിഫുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അടിയന്തരമായി നിറുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കാലിഫോര്‍ണിയക്ക് പുറമെ ലിബര്‍ട്ടി ജസ്റ്റിസ് സെന്റര്‍ എന്ന സംഘടനയും ഫ്‌ളോറിഡയിലെ വ്യവസായിയും ട്രംപിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

California sues to block Trump's tariffs; China may face $800 billion US outflows: Goldman Sachs warns of global market impact.

ഇന്ത്യന്‍ കയറ്റുമതി കൂടി

ട്രംപിന്റെ തത്തുല്യ തീരുവ നിലവില്‍ വരുന്നതിന് മുമ്പ് മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ നിന്നും യു.എസിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 35 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. തീരുവ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ ആവശ്യമായ സ്റ്റോക്ക് യു.എസിലെത്തിക്കാനുള്ള തിടുക്കമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ഏതാണ്ട് 1,014 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ മാര്‍ച്ച് മാസത്തില്‍ മാത്രം യു.എസിലെത്തിച്ചു. ഇതേകാലയളവില്‍ ചൈന, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി 25 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയ യു.എസ് നടപടി കാര്യമാക്കുന്നില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. കഴിഞ്ഞ ദിവസം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് പ്രതികരണം. ട്രംപിന്റെ തീരുമാനങ്ങളെ തമാശയായാണ് ചൈന കണക്കാക്കുന്നതെന്നും അവഗണിക്കാനാണ് തീരുമാനമെന്നും പ്രതികരണത്തില്‍ പറയുന്നു. അതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നാല്‍ ലോകവ്യാപാരത്തില്‍ 0.2 മുതല്‍ 1.5 ശതമാനം വരെ കുറവുണ്ടാകുമെന്ന് ലോക വ്യാപാര സംഘടനയും മുന്നറിയിപ്പ് നല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com