കാനഡയില്‍ വാടക വീടുകള്‍ കിട്ടാനില്ല, വിദ്യാര്‍ത്ഥി വീസ നിയന്ത്രിച്ചേക്കും
വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവാഹം മൂലമുണ്ടായ വാടക വീടുകളുടെ ദൗര്‍ലഭ്യം കാരണം, വീസ അനുവദിക്കുന്നതില്‍ നിയന്ത്രണം വരുത്തിയേക്കുമെന്ന് കാനഡയിലെ ഭവന വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍. കാനഡയിലെത്തുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടേയുള്ള വിദ്യാര്‍ത്ഥികളുടേയും ജോലിക്കെത്തുന്നവരുടേയും എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ വീടുകള്‍ക്കുള്ള വാടക കുത്തനെ ഉയര്‍ന്നു. ചെറിയൊരു വീടിനോ മുറിക്കോ പോലും വാടക വളരെ കൂടുതലാണ്.
മാത്രമല്ല ഇപ്പോള്‍ ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് ആനുപാതികമായ വാടകവീടുകള്‍ കാനഡയിലെ പല മേഖലകളിലും ഇല്ലെന്നുള്ളതും മറ്റൊരു പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ഭവന ചെലവിന്റെ സമ്മര്‍ദ്ദം വര്‍ധിച്ചുവരികയാണ്. ഈ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് വിദ്യാര്‍ത്ഥികളുടെ വീസകള്‍ക്ക് കാനഡ പരിധി നിശ്ചയിക്കുന്ന കാര്യം പരിഗണിക്കാനൊരുങ്ങുന്നത്. അതേസമയം സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി ഇതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സീന്‍ ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു.
എട്ട് ലക്ഷത്തില്‍ അധികം പേര്‍
2022ല്‍ എട്ട് ലക്ഷത്തില്‍ അധികം വിദേശ വിദ്യാര്‍ത്ഥികള്‍ കാനഡയിലുള്ളതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ല്‍ ഇത് 2.75 ലക്ഷമായിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ കാനഡയിലേക്ക് വലിയ തോതില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്കുണ്ടായി. വര്‍ക്ക് പെര്‍മിറ്റ് നേടുന്നത് താരതമ്യേന എളുപ്പമായതിനാല്‍ കാനഡ വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു ജനപ്രിയ ലക്ഷ്യസ്ഥാനമാണ്.