
ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പടിയിറങ്ങിയത് പാര്‍ട്ടിയിലും രാജ്യത്തിനകത്തും ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പേരിലായിരുന്നു. ഇന്ത്യയെ പിണക്കിയതും രാജ്യത്ത് കുടിയേറ്റ വിരുദ്ധത ശക്തിപ്പെട്ടതും സമ്പദ്‌വ്യവസ്ഥയില്‍ വിള്ളലുകളുണ്ടായതുമെല്ലാം ട്രൂഡോയുടെ നാണംകെട്ട തിരിച്ചിറക്കത്തിന് വഴിയൊരുക്കി. ട്രൂഡോയുടെ പകരക്കാരനായി പ്രധാനമന്ത്രി കസേരയിലെത്തിയ മാര്‍ക് കാര്‍ണിക്ക് (Mark Carney) പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷകരും വിലയിരുത്തി.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ദീര്‍ഘകാലത്തിനുശേഷം അധികാരത്തിലെത്തുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് ലിബറലുകള്‍ നാലാംവട്ടവും അധികാരത്തിലേക്ക് എത്താനൊരുങ്ങുന്നത്. പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ പ്രവര്‍ത്തനത്തേക്കാള്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് കനേഡിയന്‍ ജനതയെ സ്വാധീനിച്ചത്.
ട്രൂഡോയ്ക്കുള്ള കൂരമ്പുകളാണ് ട്രംപ് വര്‍ഷിച്ചത്. പക്ഷേ ഫലം ചെയ്തത് ട്രൂഡോയുടെ പാര്‍ട്ടിക്കു തന്നെയാണ്. എന്നിരുന്നാലും പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട ട്രൂഡോയ്ക്ക് പുതിയ സര്‍ക്കാരില്‍ വലിയ നിയന്ത്രണമൊന്നും ലഭിക്കില്ല.
കാനഡയെ യു.എസിന്റെ 51മത്തെ സംസ്ഥാനമാക്കുമെന്നായിരുന്നു അധികാരത്തിലേറിയ ശേഷം ട്രംപിന്റെ പരിഹാസം. തീരുവ യുദ്ധത്തില്‍ കാനഡയ്ക്കു മേല്‍ വലിയ നികുതി ഏര്‍പ്പെടുത്താനും ട്രംപ് മറന്നില്ല. ട്രംപ് ഉയര്‍ത്തുന്ന സാമ്പത്തിക, സാമൂഹിക വെല്ലുവിളികള്‍ നേരിടാന്‍ ശക്തമായ ജനപിന്തുണ വേണമെന്ന് കാര്‍ണി തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ കേന്ദ്രബാങ്ക് ഗവര്‍ണറായ കാര്‍ണിയെ വിശ്വസിക്കാന്‍ വോട്ടര്‍മാര്‍ തയാറായി.
ഒക്ടോബര്‍ വരെ സര്‍ക്കാരിന് കാലാവധിയുണ്ടായിരുന്നെങ്കിലും ട്രംപ് ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ വിളവെടുക്കാന്‍ കാര്‍ണി തീരുമാനിക്കുകയായിരുന്നു. കണ്‍സര്‍വേറ്റീവുകളുടെയും കുടിയേറ്റ വിരുദ്ധരുടെയും പ്രതീക്ഷകളെ താറുമാറാക്കിയാണ് ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നത്.
കുടിയേറ്റക്കാര്‍ക്കായി കാനഡയുടെ അതിര്‍ത്തി തുറന്നു കൊടുക്കുന്ന സമീപനക്കാരാണ് ലിബറലുകള്‍. ട്രൂഡോയുടെ കാലത്ത് വലിയ തോതില്‍ കുടിയേറ്റം നടക്കുകയും ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശികളാണ് കാനഡയില്‍ പഠിക്കാനും സ്ഥിരതാമസത്തിനുമായി എത്തുന്നത്. കെട്ടിട വാടക കൂടിയതും തൊഴിലില്ലായ്മ വര്‍ധിച്ചതും തദ്ദേശീയരില്‍ കുടിയേറ്റ വിരുദ്ധത വ്യാപകമായതും ഇക്കാലത്തു തന്നെയാണ്.
ലിബറല്‍ സര്‍ക്കാര്‍ തന്നെ കാനഡ ഭരിക്കുന്നതാണ് കുടിയേറ്റക്കാര്‍ക്ക് നല്ലത്. കുടിയേറ്റ വിഷയങ്ങളില്‍ ട്രൂഡോയുടെ അയഞ്ഞ നിലപാടുകള്‍ കാര്‍ണിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും അത്ര തീവ്രമാകാനിടയില്ല.
ജസ്റ്റിന്‍ ട്രൂഡോയെ പോലെ ഇന്ത്യയെ ശത്രുപക്ഷത്തു നിര്‍ത്തണമെന്ന നിലപാടുകാരനല്ല കാര്‍ണി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് ഉറപ്പാണ്. യു.എസ് തങ്ങളോട് ചെയ്ത ചതി ഒരിക്കലും മറക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കാര്‍ണി പ്രതികരിച്ചത്. ട്രംപുമായി ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കാമെന്ന വാക്കുകള്‍ അടിവരയിടുന്നു.
കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ക്ക് വലിയ സ്വാധീനമുള്ള ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (New Democratic Party) വലിയ തിരിച്ചടിയാണ് സംഭവിച്ചത്. ട്രൂഡോ സര്‍ക്കാരില്‍ വലിയ സ്വാധീനം ഈ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലപ്പത്ത് സിക്ക് വംശജനായ ജഗ്മീത് സിംഗ് (Jagmeet Singh) ആയിരുന്നു. തിരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ജയിക്കാനായത്.
കഴിഞ്ഞ പാര്‍ലമെന്റില്‍ 24 അംഗങ്ങളുമായി നിര്‍ണായക സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടിക്ക വെറും ആറു ശതമാനം വോട്ടാണ് കിട്ടിയത്. സ്ഥാനം ഒഴിയുകയാണെന്ന് ജഗ്മീത് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പാര്‍ട്ടിയെന്ന ലേബല്‍ കൂടി നഷ്ടമാക്കിയാണ് സിംഗിന്റെ പടിയിറക്കം.
Read DhanamOnline in English
Subscribe to Dhanam Magazine