

കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ (Permanent Residency/PR) ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് ആശ്വാസത്തിന് വകയൊരുക്കി പുതിയ എക്‌സ്പ്രസ് എന്‍ട്രി (Express Entry) അവസരം. നവംബര്‍ 26-ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 1,000 അപേക്ഷകര്‍ക്കാണ് കനേഡിയന്‍ സര്‍ക്കാര്‍ ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്.
രാജ്യത്ത് നിലവില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാര്‍ക്ക് സ്ഥിരതാമസത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നറുക്കെടുപ്പുകള്‍ നടന്നത്.
കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (CEC) വിഭാഗത്തിലുള്ളവര്‍ക്കാണ് ഇത്തവണ പ്രധാനമായും അവസരം നല്‍കിയിട്ടുള്ളത്. കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോര്‍ 531 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന നറുക്കെടുപ്പുകളേക്കാള്‍ നേരിയ കുറവാണിത്.
കാനഡയില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വൈദഗ്ധ്യമുള്ള ജോലി ചെയ്ത വിദേശ തൊഴിലാളികളെയാണ് കനേഡിയന്‍ എക്‌സ്പീരിയന്‍ ക്ലാസ് വിഭാഗമായി പരിഗണിക്കുന്നത്. ഈ വിഭാഗക്കാര്‍ക്ക് തുടര്‍ച്ചയായി ക്ഷണം ലഭിക്കുന്നത് പിആര്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
പൊതുവായ നറുക്കെടുപ്പുകള്‍ക്ക് പുറമെ, രാജ്യത്തിന്റെ തൊഴില്‍പരമായ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി വിവിധ വിഭാഗ അടിസ്ഥാനത്തിലുള്ള (Category-Based) നറുക്കെടുപ്പുകള്‍ക്ക് കാനഡ ഈ വര്‍ഷം കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
നവംബര്‍ 14-ന് നടന്ന ഹെല്‍ത്ത്‌കെയര്‍ & സോഷ്യല്‍ സര്‍വീസസ് നറുക്കെടുപ്പില്‍ 3,500 പേരെ ക്ഷണിച്ചപ്പോള്‍, ആവശ്യമായ CRS സ്‌കോര്‍ 462 മാത്രമായിരുന്നു.
ആരോഗ്യമേഖല കൂടാതെ, ട്രേഡ് (Trade), ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നിവയുള്ളവര്‍ക്കും എക്‌സ്പ്രസ് എന്‍ട്രി വഴി പ്രത്യേക ക്ഷണം ലഭിക്കുന്നുണ്ട്.
ഇതിനിടെ നവംബര്‍ 25-ന് നടന്ന പ്രാദേശിക നോമിനി പ്രോഗ്രാം (PNP)നറുക്കെടുപ്പില്‍ 777 പേര്‍ക്ക് ക്ഷണം ലഭിച്ചു. പ്രവിശ്യകളില്‍ നിന്ന് നോമിനേഷന്‍ ലഭിക്കുന്ന അപേക്ഷകര്‍ക്ക് അവരുടെ CRS സ്‌കോറില്‍ 600 അധിക പോയിന്റുകള്‍ ലഭിക്കും. ഇത് പിആര്‍ നേടാനുള്ള സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine