

കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. യുവജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമാന്ദ്യം പടരുന്നതിന്റെ സൂചനകളാണിതെന്ന ആശങ്കയാണ് വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. ജൂണിലെ ലേബര്‍ ഫോഴ്‌സ് സര്‍വേയിലെ കണ്ടെത്തല്‍ പ്രകാരം 2009ന് ശേഷമുള്ള ഏറ്റവും വലിയ തൊഴില്‍ മാന്ദ്യമാണിത്.
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പലപ്പോഴും സാമ്പത്തികമാന്ദ്യത്തിന്റെ സൂചനകളാകാമെന്നാണ് ടൊറാന്റോ മെട്രൊപൊളിറ്റിയന്‍ സര്‍വകലാശാലയിലെ പ്രെഫസര്‍ വിയെറ്റ് വു പറയുന്നത്. കഴിഞ്ഞ വര്‍ഷം 15 മുതല്‍ 24 വയസു വരെയുള്ള പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.8 ശതമാനമായിരുന്നു. ഈ വര്‍ഷം ജൂണില്‍ അത് 17.4 ശതമാനത്തിലേക്ക് ഉയര്‍ന്നു.
കോവിഡ് മഹാമാരി സമയത്ത് ഈ വിഭാഗത്തിലെ തൊഴിലില്ലായ്മ നിരക്ക് 33.1 ശതമാനമായി ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ നിരക്ക് കോവിഡ് കാലത്തേക്കാള്‍ ആശങ്ക പടര്‍ത്തുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 2023 ജൂണില്‍ തൊഴിലില്ലായ്മ നിരക്ക് 11.9 ശതമാനം മാത്രമായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് നിരക്കില്‍ നാലു ശതമാനത്തോളം വര്‍ധനയുണ്ടായി.
ഓരോ വര്‍ഷവും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമാകുന്നതിന്റെ തെളിവാണെന്നാണ് പലരുടെയും അഭിപ്രായം. യു.എസുമായുള്ള താരിഫ് യുദ്ധം ഉടലെടുത്തതും തൊഴില്‍ മേഖലയില്‍ തിരിച്ചടിക്ക് വഴിയൊരുക്കിയിട്ടുണ്ട്.
കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക കമ്പനികളും പുതിയ റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിച്ചിട്ടുണ്ട്. വ്യാപാര കരാറിന്റെ ഭാവിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാണ് കമ്പനികളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങള്‍ കാനഡയിലെ വ്യവസായ ലോകത്തിന് വലിയ തിരിച്ചടിയാകും. പല കമ്പനികളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താനും സാധ്യതയുണ്ട്.
കാനഡയ്ക്കുമേല്‍ ചുമത്തിയ 35 ശതമാനം താരിഫുമായി ട്രംപ് മുന്നോട്ടു പോയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ തൊട്ടരികിലാണെങ്കിലും ട്രംപിന്റെ അടുത്ത നീക്കത്തെ ആശ്രയിച്ചിരിക്കും കാനഡയുടെ ഭാവി.
കോവിഡിനു ശേഷം കാനഡയിലേക്ക് പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളാണ് വിമാനം കയറിയത്. പഠനത്തിനായിട്ടാണ് പോയതെങ്കിലും പലരുടെയും ലക്ഷ്യം തുടക്കത്തില്‍ പാര്‍ട്ട്‌ടൈം ജോലിയും പിന്നെ സ്ഥിരതാമസമാക്കുക എന്നതുമായിരുന്നു. മലയാളികള്‍ അടക്കം വിദേശ വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള വിന്‍ഡ്‌സര്‍, ഒന്റാരിയോ എന്നിവിടങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine