സ്ഥിര താമസക്കാരെ കുറയ്ക്കാന്‍ കാനഡ, ട്രൂഡോയ്‌ക്കെതിരേ വിമതനീക്കങ്ങള്‍ ശക്തം; ആശങ്ക മലയാളികള്‍ക്കും

കുടിയേറ്റ വിരുദ്ധ നിലപാടുകളിലൂന്നി മുന്നോട്ടു പോകുന്ന കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികളുടെയും താല്‍ക്കാലിക ജോലിക്കാരുടെയും എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ച കാനഡ ഇനി പിടിമുറുക്കാന്‍ പോകുന്നത് സ്ഥിര താമസക്കാരുടെ എണ്ണം നിയന്ത്രിക്കാനാണ്.

2027ഓടേ പെര്‍മനന്റ് റെസിഡന്റ്‌സിന്റെ എണ്ണം 3,65,000 ആക്കി ചുരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവിലിത് 4,85,000 ആണ്. 2025ല്‍ ഇത് 3,95,000വും 2026ല്‍ 3,80,000വും ആക്കി നിജപ്പെടുത്താനാണ് സര്‍ക്കാരിന്റെ പദ്ധതി. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ നഷ്ടമായ ജനസമ്മതി തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളാണ് ട്രൂഡോ നടത്തുന്നത്.

ട്രൂഡേയ്‌ക്കെതിരേ വിമതര്‍

പ്രധാനമന്ത്രി ട്രൂഡോയ്‌ക്കെതിരേ അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കുള്ളിലും വലിയ ചേരി രൂപപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം എം.പിമാര്‍ രംഗത്തെത്തി. ഒക്ടോബര്‍ 28നകം തീരുമാനം ഉണ്ടാകണമെന്നാണ് വിമതരുടെ അന്ത്യശാസനം. ഹൗസ് ഓഫ് കോമണ്‍സ് സെഷനോടൊപ്പം നടക്കാറുള്ള പ്രതിവാര കോക്കസ് മീറ്റിംഗുകളുടെ ഭാഗമായുള്ള ഒത്തുചേരലിലായിരുന്നു ട്രൂഡോയോടുള്ള വിയോജിപ്പുകളും പാര്‍ട്ടിക്കുള്ളിലെ അതൃപ്തികളും ലിബറല്‍ എംപിമാര്‍ നേരിട്ട് അറിയിച്ചത്.

രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട കരാറില്‍ 24 എംപിമാര്‍ ഒപ്പുവെച്ചതായാണ് വിവരം. മീറ്റിംഗില്‍ ബ്രിട്ടീഷ് കൊളംബിയ എംപി പാട്രിക് വെയ്ലര്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു പോലെ ട്രൂഡോയുടെ രാജിയിലൂടെ ലിബറല്‍ പാര്‍ട്ടിക്കും തിരിച്ചുവരവിന് അവസരം ലഭിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

താല്‍ക്കാലിക ജോലിക്കാര്‍ക്കും കുരുക്ക്

കഴിഞ്ഞ ദിവസമാണ് കാനഡ താല്‍ക്കാലിക ജോലികള്‍ വിദേശീയര്‍ക്ക് നല്‍കുന്നത് കുറയ്ക്കാന്‍ ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമില്‍ (ടി.എഫ്.ഡബ്ല്യു) പരിഷ്‌കാരം കൊണ്ടുവന്നത്. ഈ നിയമം അനുസരിച്ച് കനേഡിയന്‍ കമ്പനികള്‍ക്ക് യോഗ്യതയുള്ള കനേഡിയന്‍ തൊഴിലാളികളെ ലഭിക്കാത്ത പക്ഷം താല്‍ക്കാലികമായി വിദേശ ജോലിക്കാരെ കൊണ്ടുവരാമായിരുന്നു. എന്നാല്‍ നവംബര്‍ എട്ടു മുതല്‍ ഈ നിയമത്തില്‍ മാറ്റംവരും. പുതിയ നിയമം അനുസരിച്ച് താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ പ്രതിഫലത്തില്‍ മണിക്കൂറിന് 5 മുതല്‍ 8 ഡോളര്‍ വരെ അധികമായി നല്‍കണം.

വിദേശികളായ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഇത്രയും ഉയര്‍ന്ന പ്രതിഫലം നല്‍കാന്‍ തൊഴിലുടമകള്‍ മടിക്കും. സ്വഭാവികമായി തദ്ദേശീയ തൊഴിലാളികളെ കുറഞ്ഞ പ്രതിഫലത്തില്‍ ജോലിക്ക് എടുക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകും. പുതിയ തീരുമാനം കാനഡയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാണ്.

ഈ വര്‍ഷം ആദ്യം വരെ കുടിയേറ്റക്കാരെ മാടിവിളിച്ച രാജ്യമായിരുന്നു കാനഡ. പ്രധാനമന്ത്രി ട്രൂഡോയുടെ കുടിയേറ്റ അനുകൂല നയങ്ങള്‍ തദ്ദേശീയരുടെ തൊഴില്‍ കാര്‍ന്നെടുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പ്രതിഷേധം കനത്തത്. കുടിയേറ്റക്കാര്‍ കാനഡയില്‍ സാമൂഹിക അന്തരീക്ഷം മലിനമാക്കുന്നുവെന്ന പരാതിയും അവിടുത്തുകാര്‍ക്കുണ്ട്.
Related Articles
Next Story
Videos
Share it