Begin typing your search above and press return to search.
ഇന്ത്യയുമായി നിലപാട് മയപ്പെടുത്തി കാനഡ, ഇന്ത്യയിലേക്കുളള യാത്രക്കാര്‍ക്ക് അധിക സ്ക്രീനിംഗ് വേണ്ട, മാധ്യമ റിപ്പോര്‍ട്ട് തളളി ട്രൂഡോ സര്‍ക്കാര്‍
ഇന്ത്യയിലേക്കുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ അധിക സ്ക്രീനിംഗിന് വിധേയമാക്കുന്ന നടപടി പിന്‍വലിച്ചതായി കാനഡ. ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ അധിക സ്‌ക്രീനിംഗിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ സുരക്ഷാ കാരണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിയത്.
സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന് അവകാശപ്പെടുന്ന കനേഡിയൻ മാധ്യമ റിപ്പോർട്ട് അപവാദ പ്രചരണം ആണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കേണ്ടെന്ന തീരുമാനമാണ് കാനഡയെ നടപടി പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തുന്നു.
അധിക സുരക്ഷാ സ്ക്രീനിംഗ് നടപടികൾ യാത്രക്കാർക്ക് കുറച്ച് കാലതാമസമുണ്ടാക്കുമെന്ന് മനസിലാക്കുന്നതായി കാനഡ ഗതാഗത മന്ത്രി അനിത ആനന്ദ് നേരത്തെ പറഞ്ഞിരുന്നു.
റിപ്പോര്‍ട്ട് നിഷേധിച്ച് കനേഡിയൻ സർക്കാർ
മുൻനിര ഇന്ത്യൻ നേതാക്കളെ കാനഡയിലെ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്ന 'ഗ്ലോബ് ആൻഡ് മെയിൽ' പത്രത്തിലെ റിപ്പോർട്ട് ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഇന്ന് നിഷേധിച്ചു. റിപ്പോര്‍ട്ട് കൃത്യമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് കാനഡ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു.
കാനഡയില്‍ നടക്കുന്ന ഗുരുതര ക്രിമിനൽ പ്രവർത്തനങ്ങളുമായി പ്രധാനമന്ത്രി മോദിയെയോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയോ ബന്ധിപ്പിക്കുന്ന തെളിവുകളെക്കുറിച്ചും തങ്ങളുടെ പക്കലില്ലെന്നും നതാലി ഡ്രൂയിൻ പറഞ്ഞു.
കോൺസുലർ ക്യാമ്പുകൾ
സുരക്ഷാ കാരണങ്ങളാൽ കാനഡയിലെ ടൊറൻ്റോ പരിസര പ്രദേശങ്ങളില്‍ കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി. പരിപാടിക്ക് സുരക്ഷാ പരിരക്ഷ നൽകുന്നതിന് പ്രാദേശിക സുരക്ഷാ ഏജൻസികള്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ക്യാമ്പുകള്‍ ഇന്ത്യൻ കോൺസുലേറ്റ് റദ്ദാക്കിയത്.
കോൺസുലർ ക്യാമ്പുകൾ ഇന്ത്യൻ പ്രവാസികൾക്ക് നിർണായകമാണ്. അവശ്യ സേവനങ്ങൾക്കായി പ്രായമായവര്‍ ഈ ക്യാമ്പുകളെയാണ് ആശ്രയിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ പെൻഷനുകൾക്കും മറ്റ് ഭരണപരമായ പ്രക്രിയകൾക്കും ഡോക്യുമെൻ്റേഷൻ ആവശ്യമാണ്. ലൈഫ് സർട്ടിഫിക്കറ്റുകൾ പോലുള്ള വിവിധ സേവനങ്ങളിൽ ഇന്ത്യക്കാരെ സഹായിക്കുന്നതിനായാണ് കോൺസുലർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
സാമുദായിക സംഘടനകള്‍ക്ക് സൗകര്യങ്ങളുളള സ്ഥലങ്ങളില്‍ കോൺസുലർ ക്യാമ്പുകളുമായി മുന്നോട്ട് പോകുമെന്ന് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
Next Story
Videos