കാനഡയിലെ മലയാളികള്‍ക്ക് അടക്കം സന്തോഷവാര്‍ത്ത, പൗരത്വ നിയമം പരിഷ്‌കരിച്ചു; എന്താണ് സി-3

മാതാപിതാക്കളില്‍ ആരെങ്കിലും കനേഡിയന്‍ പൗരന്മാരാണെങ്കില്‍ അവര്‍ക്ക് വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിക്കുന്നതാണ് പുതിയ നിയമം
Canada
Image : Canva
Published on

മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക് പൗരത്വം കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന സിറ്റിസണ്‍ഷിപ്പ് ബൈ ഡിസന്റ് നിയമം പ്രാബല്യത്തിലാക്കി കാനഡ. ഇന്നലെയാണ് (ഡിസംബര്‍ 15) നിയമം പ്രാബല്യത്തില്‍ വന്നത്.

മാതാപിതാക്കളില്‍ ആരെങ്കിലും കനേഡിയന്‍ പൗരന്മാരാണെങ്കില്‍ അവര്‍ക്ക് വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിക്കുന്നതാണ് പുതിയ നിയമം. വര്‍ഷങ്ങളായി പലരെയും അലട്ടിയിരുന്ന പ്രശ്‌നത്തിനാണ് പുതിയ നിയമത്തിലൂടെ പരിഹാരം ലഭിച്ചിരിക്കുന്നത്. കാനഡയില്‍ താമസിക്കുന്ന മലയാളികള്‍ക്കും ഇതുവഴി ഗുണമുണ്ടാകും.

2009ലെ നിയമം അനുസരിച്ച്, കനേഡിയന്‍ മാതാപിതാക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍ അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്കോ അതല്ലെങ്കില്‍ അവിടെ നിന്നു ദത്തെടുത്ത കുട്ടികള്‍ക്കോ കനേഡിയന്‍ പൗരത്വം ലഭിക്കില്ലായിരുന്നു.

പുതിയ നിയമം നിലവില്‍ വന്നതോടു കൂടി ഈ പ്രശ്‌നം പരിഹരിക്കപ്പെടും. പുതിയ നിയമ പ്രകാരം വിദേശത്ത് ജനിച്ച ഒരു കനേഡിയന്‍ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയില്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടിക്കും കനേഡിയന്‍ പൗരത്വം ലഭിക്കും.

2025 ഡിസംബര്‍ 15ന് മുന്‍പ് ജനിച്ചവര്‍, മുന്‍പ് നിലവിലുണ്ടായിരുന്ന ഫസ്റ്റ് ജനറേഷന്‍ ലിമിറ്റ് തുടങ്ങിയ നിയന്ത്രണങ്ങള്‍ മൂലം കനേഡിയന്‍ പൗരത്വം ലഭിക്കാതിരുന്നവര്‍ ഇനി സ്വാഭാവികമായി കനേഡിയന്‍ പൗരന്മാരായി പരിഗണിക്കപ്പെടും. ഇവര്‍ക്ക് പുതിയ അപേക്ഷ നല്‍കാതെ തന്നെ പൗരത്വ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.

എന്തുകൊണ്ടാണ് ഈ പരിഷ്‌കാരം ആവശ്യമായത്?

2009ല്‍ നടപ്പാക്കിയ ഫസ്റ്റ് ജനറേഷന്‍ നിയമം മൂലം, വിദേശത്ത് ജനിച്ച കനേഡിയന്‍ പൗരന്മാരുടെ മക്കള്‍ക്ക് പൗരത്വം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ വ്യവസ്ഥക്കെതിരെ ശക്തമായ നിയമ-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് ഉയര്‍ന്നത്. 2023 ഡിസംബറില്‍, ഒന്റാരിയോ സുപീരിയര്‍ കോടതി ഈ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു.

ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ, അതേസമയം കനേഡിയന്‍ പൗരന്മാരായവര്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും താമസിച്ച് ജോലി ചെയ്യുന്നുണ്ട്.

പഴയ നിയമം മൂലം പൗരത്വം ലഭിക്കാതിരുന്ന ഇവരുടെ വിദേശത്ത് ജനിച്ച കുട്ടികള്‍ക്ക്, ഇനി കനേഡിയന്‍ പൗരത്വം നേടാനുള്ള വഴിയൊരുങ്ങും. 2025 ഡിസംബര്‍ 15ന് മുന്‍പ് ജനിച്ചവര്‍ക്കും പുതുക്കിയ വ്യവസ്ഥകള്‍ പ്രകാരം അര്‍ഹത തെളിയിക്കുന്നവര്‍ക്കും ഈ നിയമം വലിയ ആശ്വാസമാണ്.

Canada’s new citizenship law allows children born abroad to Canadian parents to obtain citizenship, benefiting many including Malayali immigrants

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com