

ഒരു കാലത്ത് ഇന്ത്യക്കാരുടെ പ്രധാന കുടിയേറ്റ കേന്ദ്രമായിരുന്നു കാനഡ. മലയാളികള്‍ അടക്കം നിരവധി പേരാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കാനഡയില്‍ എത്തി കുടിയേറിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഈ പ്രവണതയില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. 2024 ൽ 52 ശതമാനം വിദ്യാർത്ഥി വീസകളായിരുന്നു നിരസിക്കപ്പെട്ടത്. 2025 ൽ ഇത് 62 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. 10 ൽ 8 ഇന്ത്യൻ വിദ്യാർത്ഥികളും വീസ നിരസിക്കൽ നേരിടുകയാണ്.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നിയമം കൂടുതല്‍ കര്‍ശനമാക്കിയതാണ് വീസ നിരസിക്കലിനുളള പ്രധാന കാരണം. സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങളാണ് കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. താമസിക്കാന്‍ വീടുകള്‍ ലഭ്യമല്ലാത്ത അവസ്ഥ, ആരോഗ്യ സൗകര്യങ്ങളുടെ പരിമിതി, വിദ്യാർത്ഥികളുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയവ രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
2023 ൽ കാനഡയിൽ കുടിയേറ്റക്കാരുടെ എണ്ണം റെക്കോർഡ് നിലവാരത്തില്‍ എത്തിയിരുന്നു. ഇത് ഭവന, ആരോഗ്യ, പാർട്ട് ടൈം തൊഴിൽ മേഖലകളെ ബുദ്ധിമുട്ടിലാക്കി. ഈ വർഷം ഏകദേശം 80 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികള്‍ക്കും വീസ നിരസിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ഐ.ആര്‍.സി.സി കണക്കുകള്‍ വ്യക്തമാക്കുന്നു.
കാനഡയിലേക്ക് പ്രവേശനം ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായതോടെ ഇന്ത്യൻ വിദ്യാർത്ഥികൾ അവരുടെ ലക്ഷ്യസ്ഥാനങ്ങൾ വൈവിധ്യവൽക്കരിക്കുകയാണ്. ജർമ്മനി ഒരു ശക്തമായ ബദലായി ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള എൻറോൾമെന്റുകൾ 2023 ലെ 49,500 ൽ നിന്ന് 2024–25 ൽ ഏകദേശം 60,000 ആയി ഉയർന്നു.
കാനഡയില്‍ കുടിയേറാനുളള വിദ്യാര്‍ത്ഥികളുടെ സ്വപ്നം ഇപ്പോഴും സാധ്യമാണ്. പക്ഷേ നിയന്ത്രണ പരിധി എക്കാലത്തേക്കാളും ഉയർന്ന നിലയില്‍ എത്തിയിരിക്കുകയാണ്. അപേക്ഷകർ സാമ്പത്തിക തയ്യാറെടുപ്പ് കൂടാതെ അക്കാദമിക് ഉദ്ദേശ്യം, കരിയർ വ്യക്തത, ഭാഷാപരമായ കഴിവ് തുടങ്ങിയവയിലും വലിയ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണ്.
Canada's student visa rejection rate for Indian students hits 80% amid housing and economic pressures, pushing students toward alternatives like Germany.
Read DhanamOnline in English
Subscribe to Dhanam Magazine