കാനഡയിലെ കോളജുകളില്‍ 10,000 ജീവനക്കാരെ പിരിച്ചു വിടുന്നു; കാരണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവ് ഇടിഞ്ഞത്

ഒരുകാലത്ത് മലയാളി വിദ്യാര്‍ത്ഥികളുടെ സ്വപ്‌നഭൂമിയായിരുന്നു കാനഡ. എന്നാല്‍, ഇപ്പോള്‍ പഴയ പകിട്ട് കാനഡയ്ക്കില്ല
Canada
Image : Canva
Published on

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കാനഡയ്ക്ക് വലിയതോതില്‍ വരുമാനം നേടിക്കൊടുത്തിരുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തി തുടങ്ങിയതോടെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത തട്ടിക്കൂട്ട് കോളജുകളും കാനഡയില്‍ ഉദയം ചെയ്തിരുന്നു. ഇത്തരം കോളജുകളിലെ കോഴ്‌സുകളില്‍ ചേര്‍ന്ന പലര്‍ക്കും ധനനഷ്ടവും സാമ്പത്തികനഷ്ടവും നേരിടേണ്ടി വരികയും ചെയ്തു. ഇപ്പോഴിതാ കാനഡയിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഞെട്ടിക്കുന്നൊരു വാര്‍ത്ത വരുന്നു.

കാനഡയിലെ കോളജുകളില്‍ ഈ വര്‍ഷം ഇതുവരെ 10,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്ക്. ഇതുവരെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതും സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം കൊണ്ടുവന്നതുമാണ് ഇതിനു കാരണം.

ജൂണ്‍ 19 വരെ വിവിധ കോളജുകള്‍ 8,000ത്തോളം പേരെ പിരിച്ചുവിട്ടെന്ന് ഒന്റാറിയോ പബ്ലിക് സര്‍വീസ് എംപ്ലോയ്‌സ് യൂണിയന്‍ പ്രസിഡന്റ് ജെ.പി ഹോര്‍ണിക് പറഞ്ഞു. ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതത്തിന് വഴിയൊരുക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കാരുടെ വരവ് കുറഞ്ഞതിന് കാരണം?

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവില്‍ 31 ശതമാനം ഇടിവാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ സ്റ്റുഡന്റ് പെര്‍മിറ്റ് കിട്ടിയവരുടെ എണ്ണം 30,640 ആണ്. മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 44,295 ആയിരുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഇന്ത്യക്കാരുടെ വരവ് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.

അനിയന്ത്രിതമായ വിദ്യാര്‍ത്ഥി പ്രവാഹം കാനഡയില്‍ വീട്ടുവാടക, തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തദ്ദേശീയരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി, കുടിയേറ്റം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായത്.

ഇൗ വര്‍ഷം ഇതുവരെ 96,015 സ്റ്റുഡന്റ്‌സ് പെര്‍മിറ്റാണ് കാനഡ നല്കിയിട്ടുള്ളത്. മുന്‍വര്‍ഷം ഇത് 1,21,070 ആയിരുന്നു. ഈ വര്‍ഷം ആകെ സ്റ്റഡി പെര്‍മിറ്റ് 4,37,000ത്തില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം കുറവാണിത്. കാനഡയിലെ വിദ്യാഭ്യാസ ഹബ്ബായ ഒന്റാറിയോയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 60 ശതമാനവും ഇന്ത്യക്കാരാണെന്നാണ് കണക്ക്.

മലയാളികള്‍ക്കും കാനഡ താല്പര്യമില്ല

ഒരുകാലത്ത് മലയാളി വിദ്യാര്‍ത്ഥികളുടെ സ്വപ്‌നഭൂമിയായിരുന്നു കാനഡ. എന്നാല്‍, ഇപ്പോള്‍ പഴയ പകിട്ട് കാനഡയ്ക്കില്ല. പഠനശേഷം കാനഡയില്‍ വലിയ തൊഴിലവസരങ്ങളില്ലെന്നതും ജീവിതചെലവ് കൂടിയതുമാണ് കനേഡിയന്‍ സ്വപ്‌നങ്ങള്‍ക്ക് തടയിട്ടത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിരന്തരം ആക്രമണത്തിന് ഇരയാക്കപ്പെടുന്നതും കാനഡയിലേക്കുള്ള പോക്കിനെ പിന്നോട്ടു വലിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com