തര്‍ക്കം രൂക്ഷം; കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പെര്‍മിറ്റില്‍ വന്‍ ഇടിവ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ നല്‍കിയ പഠന പെര്‍മിറ്റുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. പഠന പെര്‍മിറ്റുകളുടെ എണ്ണം 2023 സെപ്റ്റംബര്‍ പാദത്തിലെ 1.08 ലക്ഷത്തില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ 86 ശതമാനം ഇടിവോടെ 14,910 ആയി കുറഞ്ഞു.
തര്‍ക്കങ്ങള്‍ മുറുകിയതോടെ
കാനഡയിലെ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നയതന്ത്ര തര്‍ക്കങ്ങള്‍ മുറുകിയതോടെ പഠനാനുമതിക്കുള്ള പെര്‍മിറ്റ് പ്രോസസ് ചെയ്യുന്ന കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനാനുമതി കുറഞ്ഞതെന്ന് കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.
ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് വിഘടനവാദി നേതാവായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നതിനുള്ള തെളിവുകളുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 2023 ജൂണില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകാന്‍ തുടങ്ങിയത്.
പിന്നീട് ഒക്ടോബറില്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്തരവനുസരിച്ച് 41 നയതന്ത്രജ്ഞരെ ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കാന്‍ കാനഡ നിര്‍ബന്ധിതരായി. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനാനുമതികളുടെ എണ്ണത്തില്‍ ഇത്രയും കുറവുണ്ടായത്. ഇന്ത്യക്കാര്‍ക്കുള്ള പഠനാനുമതികളുടെ എണ്ണം ഉടന്‍ ഉയരാന്‍ സാധ്യതയില്ലെന്നും മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.
കാരണങ്ങളേറെ
ഇന്ത്യ-കാനഡ തര്‍ക്കം മുറുകിയത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മറ്റ് രാജ്യങ്ങളില്‍ പോയി പഠിക്കാന്‍ പ്രേരിപ്പിച്ചു. മാത്രമല്ല ചില കനേഡിയന്‍ സ്ഥാപനങ്ങളില്‍ താമസ സൗകര്യങ്ങളും മതിയായ അധ്യാപന സൗകര്യങ്ങളും ഇല്ലെന്ന ആശങ്ക മൂലം പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കാനഡയ്ക്ക് പുറമെ മറ്റ് വഴികളും തേടി തുടങ്ങിയിരുന്നു. കനേഡിയന്‍ സര്‍ക്കാരും രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.