

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവ് ആഗോളതലത്തില്‍ കമ്പനികളെ ബാധിക്കുന്നതിന്റെ കൂടുതല്‍ സൂചനകള്‍ പുറത്തുവരുന്നു. ഓണ്‍ലൈന്‍ ഡിസൈനിംഗ്, പബ്ലിഷിംഗ് രംഗത്തെ മുന്‍നിര കമ്പനിയായ കാന്‍വ (Canva) ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഒരുങ്ങുന്നു.
കമ്പനിയിലെ 22 ശതമാനം ജീവനക്കാരെ കുറയ്ക്കാനാണ് സിഡ്‌നി ആസ്ഥാനമായ കമ്പനി ഒരുങ്ങുന്നത്. ഏകദേശം 1,200ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. കേരളത്തില്‍ അടക്കം കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് കാന്‍വ.
കാന്‍വയുടെ വളര്‍ച്ച പത്ത് വര്‍ഷത്തിനിടെ ആദ്യമായി മന്ദഗതിയിലായതോടെയാണ് കടുത്ത നടപടികളിലേക്ക് കമ്പനി നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗ്രാഫിക്, ഡിസൈനിംഗ് സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഡിസൈനുകള്‍ തയാറാക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോം എന്ന നിലയിലാണ് കാന്‍വ ശ്രദ്ധേയമായത്.
എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച ഡിസൈന്‍ സോഫ്റ്റ്വെയര്‍ രംഗത്തെ മത്സരത്തിന്റെ സ്വഭാവം മാറ്റി. പരമ്പരാഗത സോഫ്റ്റ്വെയറുകളും പ്രത്യേക വൈദഗ്ധ്യവും ആവശ്യമായിരുന്ന പല ജോലികളും ഇന്ന് എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇത് സബ്‌സ്‌ക്രിപ്ഷന്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കാന്‍ കാരണമായി.
ലോകത്തെ പ്രമുഖ ഓണ്‍ലൈന്‍ ഡിസൈനിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ കാന്‍വയില്‍ നിലവില്‍ ഏകദേശം 5,800 ജീവനക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. 2025ല്‍ കാന്‍വയുടെ വരുമാനം 350 കോടി ഡോളറായിരുന്നു (ഏകദേശം 31,500 കോടി). 2025 അവസാനത്തോടെ കാന്‍വയ്ക്ക് പ്രതിമാസം 26.5 കോടിയിലധികം സജീവ ഉപയോക്താക്കളും 3.1 കോടിയിലധികം പണമടയ്ക്കുന്ന ഉപയോക്താക്കളുമുണ്ടായിരുന്നു.
വലിയ ഉപയോക്തൃ അടിത്തറയും ശക്തമായ വരുമാനവുമുണ്ടായിട്ടും വളര്‍ച്ചയുടെ വേഗം കുറയുന്നതും എഐ അധിഷ്ഠിത ഡിസൈന്‍ ടൂളുകളില്‍ നിന്നുള്ള മത്സരം വര്‍ധിക്കുന്നതുമാണ് കമ്പനിയെ പ്രവര്‍ത്തനരീതി പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ആഗോള ടെക് വ്യവസായത്തില്‍ തൊഴില്‍ പുനഃസംഘടനകളും പിരിച്ചുവിടലുകളും തുടരുകയാണ്. ടെക് രംഗത്ത് ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ നടന്ന വര്‍ഷമായി 2026 മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെക് മേഖലയിലെ തൊഴില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ നിരീക്ഷിക്കുന്ന Layoffs.fyi റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഇതുവരെ 341 കമ്പനികളിലായി 1,38,314 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine