റബര്‍ മുതല്‍ ഏലം വരെ... നാണ്യവിളകള്‍ക്ക് 'പൊന്നുവില', കര്‍ഷകര്‍ക്ക് മുഖപ്രസാദം, തൊഴിലാളികള്‍ക്കും നേട്ടം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വ്

കാര്‍ഷിക മേഖല വളരുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ വാഹന വിപണിക്ക് വരെ അത് നേട്ടം സമ്മാനിക്കുമെന്നതാണ് മുന്‍കാല അനുഭവം.
റബര്‍ മുതല്‍ ഏലം വരെ... നാണ്യവിളകള്‍ക്ക് 'പൊന്നുവില', കര്‍ഷകര്‍ക്ക് മുഖപ്രസാദം, തൊഴിലാളികള്‍ക്കും നേട്ടം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വ്
Published on

ആഗോള വിപണിയിലെ ചലനങ്ങളും ആഭ്യന്തര വിപണിയിലെ ആവശ്യകതയും ഒത്തുചേര്‍ന്നതോടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ആവേശം. റബര്‍ മുതല്‍ ഏലം വരെയുള്ള പ്രധാന വിളകള്‍ക്കെല്ലാം മികച്ച വില ലഭ്യമായതോടെ കേരളത്തിലെ ഗ്രാമീണ-മലയോര മേഖലകളില്‍ വലിയ സാമ്പത്തിക ഉണര്‍വാണ് ദൃശ്യമാകുന്നത്.

പ്രതിസന്ധികളില്‍ തളര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് പുതിയ വിലവര്‍ധന വലിയ ആശ്വാസമാകുമ്പോള്‍, അത് മലയോര സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കാണ് വഴിതുറക്കുന്നത്.

ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലും വിപണിയിലെ ഈ 'പൊന്നുംവില' കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. കാര്‍ഷിക മേഖല വളരുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ വാഹന വിപണിക്ക് വരെ അത് നേട്ടം സമ്മാനിക്കുമെന്നതാണ് മുന്‍കാല അനുഭവം.

റബറിന് റെക്കോഡ് വില

2024ല്‍ റബര്‍ വില 200 കടന്നെങ്കിലും കൂടുതല്‍ കാലം നീണ്ടുനിന്നിരുന്നില്ല. നിലവില്‍ റബര്‍ വില കിലോഗ്രാമിന് 270 രൂപയ്ക്ക് മുകളിലാണ്. വിലയില്‍ സ്ഥിരതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കേരളത്തില്‍ റബര്‍ ഏറെയുള്ളത് കോട്ടയം, ഇടുക്കി, പത്തനംത്തിട്ട, എറണാകുളം ജില്ലകളിലാണ്. പ്രത്യേകിച്ച് മലയോര മേഖലകളില്‍. റബര്‍ വില ഉയരുമ്പോള്‍ മലയോര മേഖലകളിലെ കച്ചവടസ്ഥാപനങ്ങളില്‍ വില്പന ഉയരുന്നതാണ് പൊതുട്രെന്റ്.

ഹോട്ടല്‍ മുതല്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളില്‍ വരെ റബര്‍ വില വര്‍ധനയുടെ നേട്ടം പ്രതിഫലിക്കും. റബര്‍ വില റെക്കോഡിലേക്ക് നീങ്ങിയതോടെ വര്‍ഷങ്ങളായി ടാപ്പിംഗ് നിലച്ചു കിടന്ന തോട്ടങ്ങള്‍ വരെ സജീവമായി.

റബറിന്റെ വില കൂടിയത് കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമാണ്. എന്നാല്‍, ഇതിനൊപ്പം തൊഴിലാളികളുടെ കൂലിയും അസംസ്‌കൃത വസ്തുക്കളുടെ വിലയും വര്‍ധിച്ചു. സര്‍ക്കാര്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കണം. ഇതിനൊപ്പം റബര്‍ ബോര്‍ഡ് റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കാന്‍ നല്കുന്ന തുകയും വര്‍ധിപ്പിക്കണം.

ബാബു ജോസഫ് - ജനറല്‍ സെക്രട്ടറി, നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി

കേരളത്തില്‍ റബര്‍ മേഖലയുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും 10 ലക്ഷം പേര്‍ ഉപജീവനം കണ്ടെത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ചെറുകിട കര്‍ഷകര്‍ മുതല്‍ ടാപ്പിംഗ് തൊഴിലാളികളും കച്ചവടക്കാരും ഉള്‍പ്പെടുന്നതാണിത്. റബര്‍ വില വര്‍ധിക്കുന്നത് അനുസരിച്ച് ടാപ്പിംഗ് തൊഴിലാളികളുടെ കൂലിയും ഉയരും. കൂടുതല്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് പുനരാരംഭിക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

കുരുമുളക് കര്‍ഷകര്‍ ഹാപ്പി

ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം മെച്ചപ്പെടാത്തതാണ് കുരുമുളക് കര്‍ഷകരുടെ പ്രശ്‌നം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നഷ്ടമില്ലാത്ത വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കിലോഗ്രാമിന് 690 രൂപയ്ക്ക് മുകളിലാണ് കുരുമുളകിന്റെ വില.

ആഗോളതലത്തില്‍ ഉത്സവകാലത്തേക്കുള്ള ചരക്ക് ശേഖരണം നടക്കുകയാണ്. അതിനാല്‍ വില ഇനിയും കൂടിയേക്കുമെന്നാണ് പ്രതീക്ഷ. സാധാരണ ഈ സമയത്ത് വില കുറഞ്ഞു നില്ക്കുന്നതായിരുന്നു മുന്‍കാല പ്രവണത. എന്നാല്‍, ആവശ്യകത വര്‍ധിച്ചു നില്‍ക്കുന്നത് വിലയിലും പ്രതിഫലിക്കുന്നു.

ഗ്രാമീണ മേഖലകളില്‍ കുരുമുളക് കര്‍ഷകര്‍ വലിയ പ്രതീക്ഷയിലാണ്. വര്‍ഷങ്ങളോളം സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുമെന്നതിനാല്‍ കര്‍ഷകര്‍ പലരും വില കൂടുതല്‍ ലഭിക്കാനായി ചരക്ക് ശേഖരിക്കുകയാണ്. ചെറുകിട കര്‍ഷകര്‍ തനിയെയാണ് കുരുമുളക് പറിക്കലും മെതിക്കലും ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നത്.

വില കൂടിയതോടെ മലഞ്ചരക്ക് കച്ചവട സ്ഥാപനങ്ങള്‍ ഉണര്‍ന്നിട്ടുണ്ട്. വളങ്ങളുടെ മുതല്‍ കുരുമുളക് ചെടികള്‍ക്കും താങ്ങായി നിര്‍ത്തുന്ന കൊന്ന, മുരിക്ക് എന്നിവയുടെ കമ്പുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.

ഏലത്തിലും പ്രതീക്ഷയുടെ പച്ചപ്പ്

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏലം വില സ്ഥിരതയോടെയാണ് നില്‍ക്കുന്നത്. കിലോയ്ക്ക് 2,500-2,600 രൂപക്കടുത്താണ് നിലവിലെ വില. കര്‍ഷകര്‍ക്ക് ഭേദപ്പെട്ട വിലയാണിത്. അടുത്ത ഉത്സവകാലത്തിന് മുമ്പ് ഇനിയുള്ള വിളവെടുപ്പ് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ്. ലഭ്യതക്കുറവ് മൂലം വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷ ഏലം കര്‍ഷകര്‍ക്കുണ്ട്.

കേരളത്തിലെ ഏലക്കൃഷിയുടെ 90 ശതമാനവും ഇടുക്കി ജില്ലയിലാണ്. അതേസമയം, തൊഴിലാളിക്ഷാമം കൂടിയിട്ടുണ്ടെന്ന് നെടുങ്കണ്ടം തിങ്കള്‍ക്കാട് സ്വദേശിയായ ഏലം വ്യവസായി സൗരഭ് ഫ്രാന്‍സിസ് ധനംഓണ്‍ലൈനോട് പറഞ്ഞു. നാട്ടിലേക്ക് പോയ തൊഴിലാളികള്‍ തിരിച്ചുവന്നില്ലെങ്കില്‍ വളമിടല്‍ മുതല്‍ കായെടുപ്പ് വരെയുള്ള ജോലികള്‍ പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച വില ലഭിച്ചു തുടങ്ങിയതോടെ ഏലം അധിഷ്ഠിത കാര്‍ഷിക മേഖലയായ നെടുങ്കണ്ടം, രാജക്കാട്, രാജകുമാരി, കട്ടപ്പന തുടങ്ങിയ മലയോര മേഖലകളിലെല്ലാം വലിയതോതില്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കച്ചടവസ്ഥാപനങ്ങളിലെല്ലാം നല്ലതോതില്‍ വില്പനയും കൂടി.

Higher prices for rubber, pepper, and cardamom are boosting farmer incomes, employment opportunities, and rural economic activity across Kerala

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com