

രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ പണമിടപാടുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നു. ടോള്‍ ഗേറ്റുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം. ഇതോടെ ഫാസ്ടാഗ് (FASTag) മുഖേനയുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ മാത്രമാകും ടോള്‍ പ്ലാസകളില്‍ പ്രാഥമികമായി അനുവദിക്കുക.
ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കോ അല്ലെങ്കില്‍ പ്രവര്‍ത്തനരഹിതമായ ടാഗ് ഉള്ളവര്‍ക്കോ നിലവില്‍ ടോള്‍ പ്ലാസകളില്‍ യുപിഐ (UPI) വഴി പണമടയ്ക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം, യുപിഐ വഴി പണമടയ്ക്കുന്ന യാത്രക്കാര്‍ നിശ്ചിത ടോള്‍ തുകയുടെ 1.25 മടങ്ങ് തുക നല്‍കേണ്ടി വരും. അതായത്, 100 രൂപ ടോള്‍ നല്‍കേണ്ട സ്ഥാനത്ത് യുപിഐ വഴി പണമടയ്ക്കുമ്പോള്‍ 125 രൂപ നല്‍കണം.
ഏപ്രില്‍ 10 മുതല്‍ ടോള്‍ ബൂത്തുകളില്‍ ക്യാഷ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. ഫാസ്ടാഗ് ആണ് ടോള്‍ നല്‍കാനുള്ള പ്രധാന മാര്‍ഗ്ഗം. ഇത് ഇല്ലാത്തവര്‍ക്ക് പിഴയോട് കൂടി മാത്രമേ യാത്ര തുടരാനാകൂ.
നിര്‍ദ്ദേശിച്ച രീതിയില്‍ ടോള്‍ നല്‍കാന്‍ തയ്യാറാകാത്ത പക്ഷം, നിയമപ്രകാരം അത്തരം വാഹനങ്ങളെ ഹൈവേയില്‍ നിന്ന് നീക്കം ചെയ്യാനോ പ്രവേശനം നിഷേധിക്കാനോ അധികൃതര്‍ക്ക് അധികാരമുണ്ടാകും.
വാര്‍ഷിക പാസ് നിരക്കിലും മാറ്റം വരുത്തിയിരുന്നു. ഏപ്രില്‍ 1 മുതല്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് 3,000 രൂപയില്‍ നിന്ന് 3,075 രൂപയായാണ് ഉയര്‍ത്തിയത്. സ്വകാര്യ കാറുകള്‍ക്ക് വര്‍ഷത്തില്‍ 200 തവണ വരെ ഈ പാസ് ഉപയോഗിച്ച് ടോള്‍ കടക്കാം. ഓഗസ്റ്റ് 15-ന് ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ മൊത്തം 26.55 കോടി ഇടപാടുകള്‍ നടന്നിട്ടുണ്ട്.
ടോള്‍ പ്ലാസകളിലെ തര്‍ക്കങ്ങള്‍ കുറയ്ക്കാനും ഇന്ധനലാഭമുണ്ടാക്കാനും പൂര്‍ണമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിലൂടെ സാധിക്കുമെന്ന് ദേശീയപാത അതോറിറ്റി (NHAI) പ്രതീക്ഷിക്കുന്നു. ടോള്‍ പ്ലാസകളിലൂടെ നിര്‍ത്താതെ കടന്നുപോകാന്‍ സഹായിക്കുന്ന 'മള്‍ട്ടി ലെയ്ന്‍ ഫ്രീ-ഫ്‌ലോ' സംവിധാനത്തിലേക്കുള്ള ചുവടുവെപ്പുകൂടിയാണിത്.
ദേശീയപാത അതോറിറ്റിയുടെ ഫാസ്ടാഗ് വാര്‍ഷിക പാസ് വരിക്കാരുടെ എണ്ണം അടുത്തിടെ 50 ലക്ഷം കടന്നിരുന്നു. നിലവില്‍ രാജ്യത്തെ വിവിധ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലുമായി 1,150-ലധികം ടോള്‍ പ്ലാസകളാണുള്ളത്.
India to eliminate cash at toll plazas from April 10, mandating FASTag while imposing extra charges on UPI payments.
Read DhanamOnline in English
Subscribe to Dhanam Magazine