

തദ്ദേശീയമായി നിര്‍മിച്ച വാച്ചുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ആരംഭിച്ച് കാസിയോ ഇന്ത്യ. മൂന്ന് മോഡലുകളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. വൈകാതെ കൂടുതല്‍ മോഡലുകളുടെ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുമെന്നും ജപ്പാന്‍ കേന്ദ്രമായ കാസിയോ കംപ്യൂട്ടര്‍ കമ്പനി ലിമിറ്റഡിന്റെ ഉപകമ്പനി അറിയിച്ചു. രാജ്യത്തെ വിപണിയില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
സ്മാര്‍ട്ട് വാച്ചുകളോടുള്ള കമ്പം കുറഞ്ഞതോടെ വിപണിയില്‍ ഡിജിറ്റല്‍, ക്വാര്‍ട്‌സ് വാച്ചുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് നിലവിലുള്ളത്. കാസിയോയുടെ പല പഴയ മോഡലുകള്‍ക്കും മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുമെന്ന് 2023ല്‍ തന്നെ കാസിയോ പ്രഖ്യാപിച്ചു. ഇന്ത്യയെ പ്രാധാന്യമുള്ള വിപണിയെന്ന നിലയിലാണ് കമ്പനി പരിഗണിക്കുന്നത്.
1996ലാണ് ജാപ്പനീസ് ബ്രാന്‍ഡായ കാസിയോ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ടൈംപീസ്, ഡെസ്‌ക്ടോപ് ആന്‍ഡ് സയന്റിഫിക്ക് കാല്‍കുലേറ്റര്‍, ലേബല്‍ പ്രിന്റര്‍, ക്ലോക്ക് തുടങ്ങിയ നിരവധി ഉത്പന്നങ്ങളാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതില്‍ തന്നെ ചില വാച്ചുകള്‍ക്ക് ഏറെ ആരാധകരുണ്ട്. ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റിയതോടെ മികച്ച വിലയില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്താനും കമ്പനിക്ക് കഴിയും.
Read DhanamOnline in English
Subscribe to Dhanam Magazine