

വ്യവസായ പ്രമുഖന്‍ അനില്‍ അംബാനിക്കും യെസ് ബാങ്ക് ഉന്നതര്‍ക്കും കുരുക്ക് മുറുക്കി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍സിഎഫ്എല്‍), റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍) എന്നീ കമ്പനികള്‍ക്ക് ക്രമവിരുദ്ധമായി വായ്പ ലഭിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം. ഈ ഇടപാട് വഴി യെസ് ബാങ്കിന് 2,796 കോടി രൂപ നഷ്ടമായിട്ടുണ്ട്.
അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കൊപ്പം യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ ബന്ധുക്കളായ ബിന്ദു കപൂര്‍, രാധ കപൂര്‍, രോഷ്‌നി കപൂര്‍ എന്നിവര്‍ക്കൊപ്പം ഇരു കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. സി.ബി.ഐയുടെ മുംബൈ സ്‌പെഷ്യല്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
യെസ് ബാങ്കിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ നല്കിയ പരാതിയില്‍ 2022ലാണ് സി.ബി.ഐ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ യെസ് ബാങ്ക് സ്ഥാപകനും അന്നത്തെ സി.ഇ.ഒയുമായ റാണ കപൂറിനെതിരേയായിരുന്നു അന്വേഷണം. പിന്നീടാണ് അനില്‍ അംബാനി ഉള്‍പ്പെടെയുള്ളവരിലേക്ക് എത്തുന്നത്.
സാമ്പത്തിക സ്ഥിതി മോശമായതും പ്രതികൂലമായ വിപണി വിലയിരുത്തലും ഉണ്ടായിരുന്നിട്ടും 2017ല്‍ റാണ കപൂറിന്റെ അംഗീകാരത്തോടെ യെസ് ബാങ്ക് ആര്‍സിഎഫ്എല്ലിന്റെ നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളിലും വാണിജ്യ കടങ്ങളിലും ഏകദേശം 2,045 കോടിയും ആര്‍എച്ച്എഫ്എല്ലിന്റെ നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളിലും 2,965 കോടിയും നിക്ഷേപിക്കുകയായിരുന്നു.
ആര്‍സിഎഫ്എല്ലിലും ആര്‍എച്ച്എഫ്എല്ലിലും യെസ് ബാങ്ക് നിക്ഷേപിച്ച ഫണ്ട് പിന്നീട് പലഘട്ടങ്ങളില്‍ പല രീതിയില്‍ വകമാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ മാസം മറ്റൊരു കേസില്‍ അനില്‍ അംബാനിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലായിരുന്നു ഇത്. വായ്പാ തട്ടിപ്പിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് അനില്‍ അംബാനിക്കെതിരേ അന്ന് അന്വേഷണം നടത്തിയത്.
ജൂണ്‍ 13-ന് അനില്‍ അംബാനിയെയും റിലയന്‍സ് കമ്മ്യൂണിക്കേഷനെയും തട്ടിപ്പുകാരായി എസ്ബിഐ രേഖപ്പെടുത്തുകയും തുടര്‍ന്ന് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine