
ഇന്ത്യന്‍ പെയിന്റ് വിപണിയിലെ കിടമല്‍സരം പുതിയ തര്‍ക്കങ്ങളിലേക്ക്. അധാര്‍മികമായ വഴികളിലൂടെ വിപണിയില്‍ ആധിപത്യം നേടാന്‍ ഏഷ്യന്‍ പെയിന്റ്‌സ് ശ്രമിച്ചതായുള്ള പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷണം നടത്തും. ഡീലര്‍മാര്‍ക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കി എതിരാളികളെ തളര്‍ത്താനാണ് എഷ്യന്‍ പെയിന്റ്‌സ് ശ്രമിക്കുന്നതെന്നാണ് ആരോപണം. വിപണിയില്‍ അടുത്തിടെ രംഗപ്രവേശനം ചെയ്ത ഗ്രാസിം ഇന്‍ഡസ്ട്രീസ് ആണ് പരാതിക്കാര്‍.
ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ പെയിന്റ് ബ്രാന്‍ഡായ ബിര്‍ള ഒപസിന് വിപണിയില്‍ മുന്നേറാന്‍ കഴിയാതെ വന്നതോടെയാണ് പരാതിയുമായി മുന്നോട്ടു വന്നത്. പുതിയ ബ്രാന്‍ഡുകളെ വിപണിയിലേക്ക് കടന്നു വരാന്‍ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലുകളാണ് എഷ്യന്‍ പെയിന്റ്‌സ് നടത്തുന്നതെന്നാണ് ആരോപണം. മറ്റു കമ്പനികള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നതില്‍ നിന്ന് വിതരണക്കാരെ തടയുന്നത് ഉള്‍പ്പടെയുള്ള നീക്കങ്ങള്‍ ഏഷ്യന്‍ പെയിന്റ്‌സിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതായും പരാതിയില്‍ പറയുന്നു.
ഡീലര്‍മാര്‍ക്ക് സൗജന്യ വിദേശ യാത്രകളും അമിതമായ ഡിസ്‌കൗണ്ടുകളും നല്‍കിയതായി ഗ്രാസിം ഇന്ർഡസ്ട്രീസ് ആരോപിക്കുന്നു. കമ്മീഷന്‍ ഡയറക്ടര്‍ ജനറലിന്റെ മേല്‍നോട്ടത്തിലാണ് വിശദമായ അന്വേഷണം ആരംഭിക്കുന്നത്. 90 ദിവസത്തിനകം കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരാതിയില്‍ കമ്മീഷന്‍ ഇതുവരെ നടത്തിയ നിരീക്ഷണങ്ങള്‍ അന്തിമമല്ലെന്നും തുടരന്വേഷണത്തെ സ്വാധീനിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമക്കി.
എഷ്യന്‍ പെയിന്റ്‌സിനെതിരെ 2020 ല്‍ ജെഎസ്ഡബ്ല്യു പെയിന്റ്‌സും സമാന സ്വഭാവമുള്ള പരാതി നല്‍കിയിരുന്നു. മറ്റു ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ഡീലര്‍മാര്‍ക്ക് ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ചാണ് എഷ്യന്‍ പെയിന്റ്‌സ് വിപണി പിടിക്കുന്നതെന്നായിരുന്നു അന്നത്തെ ആരോപണം. ഇത് സംബന്ധിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ അന്വേഷിച്ചെങ്കിലും തെറ്റൊന്നും കണ്ടെത്തിയിരുന്നില്ല.
Read DhanamOnline in English
Subscribe to Dhanam Magazine