Begin typing your search above and press return to search.
ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ അടച്ചുപൂട്ടല്‍ നീക്കത്തിന് സി.സി.ഐയുടെ 'ആപ്പ്'; അംബാനിക്ക് തലവേദന
ഇന്ത്യന്‍ ഒ.ടി.ടി രംഗത്തെ വന്‍ സംഭവമായി മാറുന്ന ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍-റിലയന്‍സ് ലയനത്തിന് വെല്ലുവിളിയായി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സി.സി.ഐ) ഇടപെടല്‍. ലയനശേഷം ഡിസ്‌നി ഹോട്ട്‌സ്റ്റാറിനെ അടച്ചുപൂട്ടി റിലയന്‍സ് ജിയോ സിനിമ എന്ന ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോം മാത്രം നിലനിര്‍ത്താനായിരുന്നു നീക്കം.
ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ ഉള്ളടക്കവും വന്‍കിട സ്‌പോര്‍ട്‌സ് ഇവന്റുകളുടെ സംപ്രേക്ഷണ അവകാശവുമെല്ലാം ഇതോടെ സംയുക്ത സംരംഭത്തിലേക്ക് മാറ്റപ്പെടും. ഇന്ത്യന്‍ ഒ.ടി.ടി വിനോദ മാധ്യമരംഗത്ത് റിലയന്‍സിന്റെ കുത്തകയായിരിക്കുമെന്ന ഭയമാണ് സി.സി.ഐയെ അസ്വസ്ഥരാക്കുന്നത്. വിഷയത്തില്‍ ഇരു കമ്പനികളോടും കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് സി.സി.ഐ കത്തയച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കാര്യങ്ങള്‍ എളുപ്പമാകില്ല
മുകേഷ് അംബാനിയുടെ കമ്പനിക്ക് പുതിയ ഏറ്റെടുക്കല്‍ അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റെടുക്കല്‍ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ 30 ദിവസത്തെ സാവകാശം സി.സി.ഐ ഇരുകമ്പനികള്‍ക്കും നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ടെലിവിഷന്‍, ഒ.ടി.ടി രംഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് ക്രിക്കറ്റാണ്. ഹോട്ട്‌സ്റ്റാറിനും ജിയോ സിനിമയ്ക്കുമാണ് ക്രിക്കറ്റിലെ പ്രധാന ഇവന്റുകളുടെ അവകാശം. അതുകൊണ്ട് തന്നെ വിപണിയില്‍ കുത്തകവല്‍ക്കരണത്തിന് ഇടയാക്കുമെന്ന ആശങ്ക സി.സി.ഐയ്‌ക്കൊപ്പം പരസ്യ മേഖലയ്ക്കുമുണ്ട്. പരസ്യ നിരക്കുകളും സബ്‌സ്‌ക്രിപ്ഷനും തോന്നുംപടി വര്‍ധിപ്പിക്കാതിരിക്കാനുള്ള നീക്കങ്ങളുമായി സി.സി.ഐ മുന്നോട്ടു പോയാല്‍ റിലയന്‍സിന് കാര്യങ്ങള്‍ എളുപ്പമാകില്ല.
സീയും സോണിയും നേരിട്ട പ്രതിസന്ധിക്ക് സമം
ഡിസ്‌നി ഹോട്ട്‌സ്റ്റാറും റിലയന്‍സും ചേര്‍ന്ന് ഒരൊറ്റ കമ്പനിയായി മാറുന്നതോടെ മൊത്തം ടി.വി, ഒ.ടി.ടി മാര്‍ക്കറ്റിന്റെ 40 ശതമാനം വിപണിവിഹിതം ഈ കമ്പനിക്കായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് വിനോദ മാധ്യമ വ്യവസായത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കുള്ളത്.
മുമ്പ് സീയും (zee) സോണിയും ചേര്‍ന്ന് സംയുക്ത സംരംഭത്തിന് ശ്രമിച്ചപ്പോഴും സി.സി.ഐ സമാന ഇടപെടല്‍ നടത്തിയിരുന്നു. അനുമതി ലഭിക്കുന്നതിനായി ചില ചാനലുകള്‍ വില്‍ക്കാമെന്നും ഇതിനുശേഷം ലയനമാകാമെന്നും സീയും സോണിയും തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് മറ്റ് പ്രശ്‌നങ്ങള്‍ മൂലം ലയനം നടന്നില്ല.
Next Story
Videos