ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ 'ഡാര്‍ക്ക് പാറ്റേണ്‍'; ഇന്‍ഡിഗോയും സെപ്റ്റോയും ഫിസിക്സ് വാലയും ഉള്‍പ്പെടെ ഒന്‍പത് പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ

മുന്‍നിര ആപ്പുകളായ സെപ്‌റ്റോ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഫിസിക്‌സ് വാല എന്നിവയുള്‍പ്പെടെ ഒന്‍പത് വമ്പന്‍ കമ്പനികളില്‍ നിന്നായി 20 ലക്ഷത്തോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പിഴയായി ഈടാക്കിയത്.
ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ 'ഡാര്‍ക്ക് പാറ്റേണ്‍'; ഇന്‍ഡിഗോയും സെപ്റ്റോയും ഫിസിക്സ് വാലയും ഉള്‍പ്പെടെ ഒന്‍പത് പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ
Published on

സെപ്‌റ്റോയില്‍ സാധനം ഓര്‍ഡര്‍ ചെയ്യുമ്പോഴോ, ഇന്‍ഡിഗോയില്‍ ടിക്കറ്റെടുക്കുമ്പോഴോ നിങ്ങളെ തുടക്കത്തില്‍ അറിയിക്കാതെ അധിക തുക നല്‍കേണ്ടി വന്നിട്ടുണ്ടോ? ഡിജിറ്റല്‍ ലോകത്തെ ഇത്തരം വഞ്ചനാപരമായ നീക്കങ്ങള്‍ക്കെതിരേ നടപടി കടുപ്പിച്ചിരിക്കുകയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA).

മുന്‍നിര ആപ്പുകളായ സെപ്‌റ്റോ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ഫിസിക്‌സ് വാല എന്നിവയുള്‍പ്പെടെ ഒന്‍പത് വമ്പന്‍ കമ്പനികളില്‍ നിന്നായി 20 ലക്ഷത്തോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പിഴയായി ഈടാക്കിയത്.

ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ തെറ്റായി സ്വാധീനിക്കുകയും അറിയാതെ അധിക പണം ചെലവഴിപ്പിക്കുകയും ചെയ്യുന്ന 'ഡാര്‍ക്ക് പാറ്റേണ്‍' രീതികള്‍ പിന്തുടര്‍ന്ന കമ്പനികള്‍ക്കാണ് പിഴ നേരിടേണ്ടി വന്നിരിക്കുന്നത്.

എന്താണ് ഡാര്‍ക്ക് പാറ്റേണ്‍?

ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ തീരുമാനങ്ങളെ കൃത്രിമമായി സ്വാധീനിക്കുന്ന തരത്തില്‍ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും രൂപകല്‍പന ചെയ്യുന്ന യൂസര്‍ ഇന്റര്‍ഫേസുകളെയാണ് ഡാര്‍ക്ക് പാറ്റേണ്‍ എന്ന് വിളിക്കുന്നത്.

ഉപഭോക്താവ് ഉദ്ദേശിക്കാത്ത ഉല്‍പന്നങ്ങളോ സേവനങ്ങളോ വാങ്ങിപ്പിക്കുക, അവസാനഘട്ടത്തില്‍ അധിക ചാര്‍ജുകള്‍ ഈടാക്കുക, സബ്സ്‌ക്രിപ്ഷനുകളില്‍ കുടുക്കുക, വേഗത്തില്‍ തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക തുടങ്ങിയവയാണ് ഇത്തരം രീതികളുടെ ലക്ഷ്യം. 2023ല്‍ പുറത്തിറക്കിയ ഡാര്‍ക്ക് പാറ്റേണ്‍ നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഇന്ത്യയില്‍ 13 തരത്തിലുള്ള വഞ്ചനാപരമായ ഓണ്‍ലൈന്‍ ഡിസൈനുകള്‍ നിരോധിച്ചിട്ടുണ്ട്.

പ്രധാന ഡാര്‍ക്ക് പാറ്റേണ്‍ രീതികള്‍

ഡ്രിപ്പ് പ്രൈസിംഗ്: ഉല്‍പന്നത്തിനോ സേവനത്തിനോ തുടക്കത്തില്‍ കുറഞ്ഞ വില കാണിക്കുകയും പണമടയ്ക്കുന്ന ഘട്ടത്തില്‍ അധിക ചാര്‍ജുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന രീതി.

ബാസ്‌കറ്റ് സ്നീക്കിംഗ്: ഉപഭോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ കാര്‍ട്ടിലേക്ക് മെമ്പര്‍ഷിപ്പ്, ഇന്‍ഷുറന്‍സ്, സംഭാവന തുടങ്ങിയ അധിക സേവനങ്ങള്‍ ചേര്‍ക്കുന്നത്.

സബ്സ്‌ക്രിപ്ഷന്‍ ട്രാപ്പ്: സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നത് എളുപ്പമാക്കുകയും അത് റദ്ദാക്കുന്നത് സങ്കീര്‍ണമാക്കുകയും ചെയ്യുന്ന രീതി.

സെപ്റ്റോയ്ക്ക് 7 ലക്ഷം പിഴ

ഡ്രിപ്പ് പ്രൈസിംഗ്, ബാസ്‌കറ്റ് സ്നീക്കിംഗ് തുടങ്ങിയ രീതികള്‍ ഉപയോഗിച്ചതിനാണ് സെപ്റ്റോ മാര്‍ക്കറ്റ്പ്ലേസിന് 7 ലക്ഷം പിഴ ചുമത്തിയത്. ഓര്‍ഡറിന്റെ അവസാനഘട്ടത്തില്‍ ഹാന്‍ഡ്ലിംഗ് ചാര്‍ജ് കൂട്ടിച്ചേര്‍ക്കുകയും മെമ്പര്‍ഷിപ്പ് ഫീസ് സ്വമേധയാ കാര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍.

എഡ്‌ടെക് പ്ലാറ്റ്ഫോമായ ഫിസിക്സ് വാലയ്ക്ക് 5 ലക്ഷം പിഴ ചുമത്തി. കമ്പനിയുടെ ഫൗണ്ടേഷന്‍ പദ്ധതിയിലേക്ക് 10 സംഭാവന നല്‍കാനുള്ള ഓപ്ഷന്‍ മുന്‍കൂട്ടി തിരഞ്ഞെടുത്ത നിലയില്‍ പ്രദര്‍ശിപ്പിച്ചതും സൗജന്യ കോഴ്സുകള്‍ ലഭിക്കുന്നതിന് വ്യക്തിഗത വിവരങ്ങള്‍ നിര്‍ബന്ധമാക്കിയതുമാണ് നടപടിക്ക് കാരണമായത്.

ഫസ്റ്റ്ക്രൈയ്ക്ക് 2 ലക്ഷവും ഫാര്‍മഈസി, മകാഫി, സ്പൈസ്ജെറ്റ് എന്നിവയ്ക്ക് 1 ലക്ഷം വീതവും പിഴ ചുമത്തി. മറഞ്ഞിരിക്കുന്ന നിരക്കുകള്‍, ഓട്ടോ റിന്യൂവല്‍ സബ്സ്‌ക്രിപ്ഷനുകള്‍, അനാവശ്യ ആഡ്-ഓണുകള്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചൂണ്ടിക്കാട്ടപ്പെട്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com