മെറ്റ, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മീഷോ എന്നിവയ്ക്ക് ₹10 ലക്ഷം വീതം പിഴ, അനധികൃതമായ വില്‍പനയാണ് പ്രശ്‌നം

ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് മൂന്നാം കക്ഷി വില്‍പ്പനക്കാരെ ചൂണ്ടിക്കാട്ടി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഈ നടപടിയിലൂടെ സിസിപിഎ നല്‍കുന്നത്
മെറ്റ, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മീഷോ എന്നിവയ്ക്ക് ₹10 ലക്ഷം വീതം പിഴ, അനധികൃതമായ വില്‍പനയാണ് പ്രശ്‌നം
Published on

അനധികൃതമായി വാക്കി-ടോക്കികള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) കര്‍ശന നടപടി സ്വീകരിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം-2019ഉം ടെലികോം നിയമങ്ങളും ലംഘിച്ചതിന് എട്ട് സ്ഥാപനങ്ങള്‍ക്കെതിരെ അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിച്ച സിസിപിഎ, മൊത്തം 44 ലക്ഷം പിഴയാണ് ചുമത്തിയത്.

ദേശീയ സുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും ഭീഷണിയാകാവുന്ന വിധത്തില്‍ അനുമതിയില്ലാത്ത വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയതായാണ് കണ്ടെത്തല്‍. അന്തിമ ഉത്തരവില്‍ മെറ്റ പ്ലാറ്റ്‌ഫോംസ് (ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലേസ്), ഫ്‌ളിപ്കാര്‍ട്ട്, മീഷോ എന്നിവയ്ക്ക് 10 ലക്ഷം വീതം പിഴ ചുമത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍ബന്ധമായും ആവശ്യമായ ടെലികോം ലൈസന്‍സുകളും ഫ്രീക്വന്‍സി അനുമതികളും ഇല്ലാത്ത വാക്കി-ടോക്കികളുടെ വില്‍പനയാണ് നടന്നതെന്ന് അതോറിട്ടി ചൂണ്ടിക്കാട്ടി.

16,970ലധികം നിയമവിരുദ്ധ ലിസ്റ്റിംഗുകള്‍

സിസിപിഎ നടത്തിയ പരിശോധനയില്‍ വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലായി 16,970ലധികം നിയമവിരുദ്ധ ഉല്‍പ്പന്ന ലിസ്റ്റിംഗുകള്‍ കണ്ടെത്തി. വ്യക്തിഗത ഉപയോഗത്തിനും വിനോദത്തിനും വ്യാപാര ആവശ്യങ്ങള്‍ക്കും കുട്ടികള്‍ക്കായി പോലും വില്‍പ്പന ചെയ്ത വാക്കി-ടോക്കികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പല ഉല്‍പ്പന്നങ്ങളും 'ലൈസന്‍സ് ആവശ്യമില്ല' എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളോടെയാണ് വില്‍പ്പനയ്ക്ക് വെച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇതിനു മുന്‍പ് ചിമിയ, ജിയോ മാര്‍ട്ട്, ടോക്ക് പ്രോ, മീഷോ, മാസ്‌ക്മാന്‍ ടോയ്‌സ്, ട്രേഡ്ഇന്ത്യ, അന്തരീക്ഷ് ടെക്നോളജീസ്, വര്‍ദാന്‍മാര്‍ട്ട്, ഇന്ത്യമാര്‍ട്ട്, മെറ്റ പ്ലാറ്റ്ഫോംസ് (ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലേസ്), ഫ്‌ളിപ്കാര്‍ട്ട്, കൃഷ്ണ മാര്‍ട്ട്, ആമസോണ്‍ എന്നിവ ഉള്‍പ്പെടെ 13 ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് സിസിപിഎ നോട്ടീസ് നല്‍കിയിരുന്നു. ലഭിച്ച വിശദീകരണങ്ങള്‍ പരിശോധിച്ചതിന് ശേഷം എട്ട് സ്ഥാപനങ്ങള്‍ നിയമപരമായ ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്.

എന്തുകൊണ്ട് വാക്കി-ടോക്കികള്‍ക്ക് നിയന്ത്രണം?

വാക്കി-ടോക്കികള്‍ വയര്‍ലെസ് ടെലഗ്രാഫി നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. ഇവ ഉപയോഗിക്കാന്‍ ടെലികോം വകുപ്പ് (DoT), വയര്‍ലെസ് പ്ലാനിംഗ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ വിംഗ് (WPC) എന്നിവയുടെ അനുമതി നിര്‍ബന്ധമാണ്. അനധികൃത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അടിയന്തര സേവനങ്ങളുടെ ആശയവിനിമയം തടസ്സപ്പെടുത്താനും സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പ്

മൂന്നാം കക്ഷി വില്‍പ്പനക്കാരെ ചൂണ്ടിക്കാട്ടി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഈ നടപടിയിലൂടെ സിസിപിഎ നല്‍കുന്നത്. പ്ലാറ്റ്ഫോമുകള്‍ അവരുടെ സൈറ്റുകളിലെ ഉല്‍പ്പന്നങ്ങള്‍ നിയമപരമാണെന്ന് ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. അനധികൃത വാക്കി-ടോക്കികള്‍ ഉടന്‍ ഡീലിസ്റ്റ് ചെയ്യാനും, ആഭ്യന്തര പരിശോധനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും, നിയമലംഘനം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സിസിപിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ വ്യാപാരം വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍, നിയന്ത്രണ വിധേയ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും സമാനമായ നടപടികള്‍ തുടര്‍ന്നേക്കാമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com