നിര്‍മാണ മേഖല സജീവം, സിമന്റ് വിലയില്‍ വര്‍ധനയ്ക്ക് വഴിയൊരുങ്ങുന്നു; മത്സരം പൊടിപാറിക്കാന്‍ കമ്പനികള്‍

രാജ്യത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ മണ്‍സൂണ്‍ ദൈര്‍ഘ്യമേറിയതും കൂടുതല്‍ സജീവമായിരുന്നു. ഇത് പല നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു
നിര്‍മാണ മേഖല സജീവം, സിമന്റ് വിലയില്‍ വര്‍ധനയ്ക്ക് വഴിയൊരുങ്ങുന്നു; മത്സരം പൊടിപാറിക്കാന്‍ കമ്പനികള്‍
Published on

രാജ്യത്ത് സിമന്റ് വില വര്‍ധിച്ചേക്കും. മണ്‍സൂണ്‍ മാന്ദ്യത്തിനു ശേഷം നിര്‍മാണ മേഖല ഉണര്‍ന്നതോടെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഇത് വില ഉയരുന്നതിന് വഴിയൊരുക്കുമെന്ന് സിസ്റ്റമാറ്റിക്‌സ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ വില വര്‍ധിക്കുമെന്നാണ് സൂചന.

രാജ്യത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ മണ്‍സൂണ്‍ ദൈര്‍ഘ്യമേറിയതും കൂടുതല്‍ സജീവമായിരുന്നു. ഇത് പല നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ഡിമാന്‍ഡ് കുറഞ്ഞതോടെ വില കുറയ്ക്കാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരായി.

നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് നിര്‍മാണം കൂടുതല്‍ സ്തംഭിച്ചത്. ഇത് കമ്പനികളുടെ വിലയുയര്‍ത്തല്‍ ശേഷിയെ ബാധിച്ചു. സര്‍ക്കാരിന്റെ അടിസ്ഥാന വികസന പദ്ധതികളില്‍ പലതും മണ്‍സൂണ്‍ കാലത്ത് തടസം നേരിടുകയും ചെയ്തു.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിമന്റ് വിലയില്‍ ചാക്കിന് 10-15 രൂപയോളം കുറഞ്ഞു. ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18ലേക്ക് താഴ്ന്നതുവഴി 30 രൂപയോളം ചാക്കില്‍ കുറയുകയും ചെയ്തു. പശ്ചിമ ബംഗാളില്‍ പല മേഖലകളിലും 10-12 രൂപ വില താഴ്ന്നു. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് ബിഹാറില്‍ നിര്‍മാണ മേഖലയെ ബാധിച്ചു.

കേരളത്തിലും ഉഷാറാകുന്നു

റിയല്‍ എസ്റ്റേറ്റ് മേഖല അത്ര ഉഷാറല്ലെങ്കിലും വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ഗ്രാമീണ, നഗര മേഖലകളില്‍ നിര്‍മാണം പൊടിപൊടിക്കുന്നുണ്ട്. ഇത് സിമന്റ് ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണ മേഖലയില്‍ പതിവു ആവേശമില്ലെങ്കിലും മറ്റ് നിര്‍മാണ മേഖലകളില്‍ ആവേശം പ്രകടമാണ്. ഇത് സിമന്റ് വില്പനയ്ക്ക് ഉത്തേജനം പകരുന്നു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയം സംസ്ഥാനത്ത് സിമന്റ് വില്പന താഴ്ന്ന നിലയിലായിരുന്നു.

ജിഎസ്ടി കുറച്ചതോടെ ജനുവരിക്ക് മുമ്പ് സിമന്റ് വില കൂടാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 2025ന്റെ ആദ്യ പകുതിയില്‍ നിന്ന് വിഭിന്നമായി രണ്ടാംപകുതിയില്‍ സിമന്റ് ഇന്‍ഡസ്ട്രി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

രണ്ടാംപാദത്തില്‍ നേട്ടം

സിമന്റ് കമ്പനികളുടെ രണ്ടാംപാദ ഫലങ്ങള്‍ അനുകൂലമാണ്. ഒട്ടുമിക്ക കമ്പനികളുടെയും വരുമാനവും ലാഭവും ഉയര്‍ന്നു. അള്‍ട്രാടെക് സിമന്റ്‌സ് (UltraTech Cement) സെപ്റ്റംബര്‍ പാദത്തില്‍ 1,238 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍വര്‍ഷം സമാനപാദത്തിലിത് 708 കോടി രൂപ മാത്രമായിരുന്നു.

ശ്രീസിമന്റ്‌സിനും രണ്ടാംപാദം മോശമായില്ല. വരുമാനം 4,054 കോടി രൂപയില്‍ നിന്ന് 4,761 കോടി രൂപയായി ഉയര്‍ന്നു. ലാഭം 77 കോടിയില്‍ നിന്ന് 310 കോടി രൂപയായും വര്‍ധിച്ചു. വലിയ നേട്ടം കൊയ്ത മറ്റൊരു കമ്പനി എസിസി സിമന്റ്‌സ് ആണ്. സെപ്റ്റംബറില്‍ ലാഭം 200 കോടി രൂപയില്‍ നിന്ന് 1,119 കോടി രൂപയായി ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com