പി.എം കിസാന്‍: തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകര്‍ക്കുള്ള 6,000 രൂപ ധനസഹായം കൂട്ടാന്‍ മോദി സര്‍ക്കാര്‍

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെറുകിട കര്‍ഷകര്‍ക്കുള്ള ധനസഹായം ഉയര്‍ത്താന്‍ പദ്ധതിയിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ചെറുകിട കര്‍ഷകര്‍ക്കുള്ള വാര്‍ഷിക ധനസഹായം 6,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇത് 8,000 രൂപയായി ഉയര്‍ത്തുന്നതോടെ നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയ 60,000 കോടി രൂപയ്ക്ക് പുറമേ 20,000 കോടി രൂപയുടെ അധിക ചെലവ് വരും.

കര്‍ഷകര്‍ക്ക് ആശ്വാസം, പിന്തുണ നിര്‍ണായകം

അരി കയറ്റുമതിയുമായി ബന്ധപ്പെട്ട് നിരോധനം പോലെയുള്ള പണപ്പെരുപ്പ നിയന്ത്രണ നടപടികള്‍ ഗ്രാമീണ വരുമാനം കുറച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ മണ്‍സൂണും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ഇവയെല്ലാം കര്‍ഷകരുടെ വരുമാനം കുറച്ചു. ഈ സാഹചര്യം കണക്കിലെടുത്താല്‍ ചെറുകിട കര്‍ഷകര്‍ക്കുള്ള ഈ ധനസഹായം വര്‍ധിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും. ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ 65 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. അതിനാല്‍ മൂന്നാം തവണയും അധികാരത്തിലേറാന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഗ്രാമപ്രദേശങ്ങളിലുള്ള കര്‍ഷകരുടെ പിന്തുണ നിര്‍ണായകമാണ്.

ധനസഹായ പദ്ധതി ഇതുവരെ

ചെറുകിട കര്‍ഷകര്‍ക്കുള്ള ഈ ധനസഹായ പദ്ധതി (Pradhan Mantri Kisan Samman Nidhi) 2018 ഡിസംബറിലാണ് ആരംഭിച്ചത്. പദ്ധതിക്ക് കീഴില്‍ ഇതുവരെ 11 കോടി ഗുണഭോക്താക്കള്‍ക്കായി മൊത്തം 2.42 ലക്ഷം കോടി രൂപ നല്‍കി. നിലവില്‍ ഈ ധനസഹായ പദ്ധതിയുടെ തുക വര്‍ധിപ്പിക്കുന്നതിനൊപ്പം ദരിദ്ര കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള സൗജന്യ ധാന്യ പദ്ധതി അടുത്ത വര്‍ഷത്തേക്ക് നീട്ടുക, ചെറിയ നഗരങ്ങളിലെ ഭവനങ്ങള്‍ക്ക് സബ്സിഡിയുള്ള വായ്പകള്‍ നല്‍കുക എന്നീ കാര്യങ്ങളും പരിഗണിക്കുന്നുണ്ട്. അടുത്തിടെ പാചക വാതകത്തിന്റെ (എല്‍.പി.ജി) സബ്സിഡി വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it