കോവിഡ് ലോക്ഡൗണ്‍ കാലത്തെ റീഫണ്ട് ഇനിയും കൊടുത്തു തീര്‍ന്നില്ല; 'യാത്ര' ഓണ്‍ലൈനിന്റെ ചെവിക്കു പിടിച്ച് അധികൃതര്‍

കോവിഡ് ലോക്ഡൗണ്‍ കാലത്ത് വിമാന യാത്ര ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചു കൊടുക്കാന്‍ 'യാത്ര' ഓണ്‍ലൈന്‍ ബുക്കിങ് കമ്പനിയോട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി നിര്‍ദേശിച്ചു. നാലു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും രണ്ടര കോടി രൂപ കമ്പനി ഇനിയും റീഫണ്ട് നല്‍കാനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്.

ലോക്ഡൗണ്‍ മൂലം കാന്‍സലായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്തിട്ടില്ലെന്ന് ദേശീയ ഉപഭോക്തൃ ഹെല്‍പ്‌ലൈനായ 1915ല്‍ നിരവധി പേര്‍ പരാതിപ്പെട്ടിരുന്നു. വിമാനക്കമ്പനിയില്‍ നിന്ന് തുക കിട്ടിയില്ലെന്ന വിശദീകരണമാണ് യാത്ര മുടങ്ങിയവര്‍ക്ക് നല്‍കിപ്പോന്നത്.

ലോക്ഡൗണ്‍ കാലത്ത് ട്രാവല്‍ ഏജന്റുമാര്‍ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനക്കമ്പനി ഉടനടി തുക തിരിച്ചു കൊടുക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്രസര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി 2020ല്‍ നല്‍കിയ കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ തുക ഏജന്റുമാര്‍ ഉടനടി യാത്രക്കാര്‍ക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. ഈ വിധി അടിസ്ഥാനപ്പെടുത്തി 'യാത്ര'ക്കും മറ്റുമെതിരെ ഉപഭോക്തൃ സംരക്ഷണ അതോറിട്ടി സ്വമേധയാ കേസെടുക്കുകയായിരുന്നു.

റീഫണ്ട് വൈകാതെ നല്‍കുമെന്ന് ബന്ധപ്പെട്ട യാത്രക്കാരെ അറിയിക്കണം

2021ല്‍ 36,276 പരാതികളിലായി 26.26 കോടി രൂപയാണ് റീഫണ്ട് ഇനത്തില്‍ യാത്ര ഓണ്‍ലൈന്‍ കമ്പനിയില്‍ കെട്ടിക്കിടന്നത്. 2024 ജൂണ്‍ 21ലെ കണക്കു പ്രകാരം 4,837 ബുക്കിംഗുകളിലായി നല്‍കാന്‍ ബാക്കി നിന്ന തുക 2.53 കോടി രൂപയായി കുറഞ്ഞു. ഈ തുക ഉടനടി കൊടുത്തു തീര്‍ക്കാനാണ് നിര്‍ദേശം. ഇതിനു മാത്രമായി നാഷനല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്‌ലൈനില്‍ പ്രത്യേക ക്രമീകരണം കമ്പനി ഒരുക്കണം. അഞ്ചു പേരെ നിയോഗിച്ചു കൊണ്ട് റീഫണ്ട് വൈകാതെ നല്‍കുമെന്ന് ബന്ധപ്പെട്ട യാത്രക്കാരെ അറിയിക്കണം. അതിന്റെ ചെലവ് 'യാത്ര' വഹിക്കണം. വിമാനക്കമ്പനികള്‍ യാത്രക്ക് തുക നല്‍കാനുണ്ടെങ്കില്‍ കൊടുത്തു തീര്‍ക്കണം.

അതോറിട്ടി മുമ്പാകെ നടന്ന വാദംകേള്‍ക്കലിനെ തുടര്‍ന്ന് മേക്ക് മൈ ട്രിപ്, ഈസ് മൈ ട്രിപ്, ക്ലിയര്‍ ട്രിപ്, ഇക്‌സിഗോ, തോമസ് കുക്ക് എന്നീ കമ്പനികള്‍ തുക മുഴുവനായും റീഫണ്ട് ചെയ്തിരുന്നു.

Related Articles

Next Story

Videos

Share it