കോഴിക്കോട് വിമാനത്താവളം വികസനത്തിന്റെ കുതിപ്പിലേക്ക്; വലിയ വിമാനങ്ങളിറങ്ങാന്‍ അധിക സമയം എടുക്കില്ല; റണ്‍വേ വികസനത്തിന് പാരിസ്ഥിതിക അനുമതി

കോഴിക്കോട് വിമാനത്താവളം വികസനത്തിന്റെ പുതിയ ദിശകളിലേക്ക് കുതിക്കുകയാണ്. 21 ആളുകളുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത് ആളുകള്‍ അല്‍പ്പം ആശങ്കയോടെയാണ് കണ്ടത്. റണ്‍വേയുടെ പോരായ്മകളാണ് വിദഗ്ധര്‍ ഇത്ര ഭയാനകമായ അപകടം ഉണ്ടാകാന്‍ കാരണമായി വിലയിരുത്തിയത്.

ടേബിൾടോപ്പ് വിമാനത്താവളം

കോഴിക്കോട് കരിപ്പൂരില്‍ ഒരു കുന്നിന്‍ മുകളിലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കുന്നിടിച്ച് നിരത്തി വിമാനത്താവളം നിര്‍മിച്ചതിനാല്‍ റണ്‍വേയുടെ അഗ്രങ്ങള്‍ ചെങ്കുത്തായ താഴ് വാരമാണ്. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഓടി നില്‍ക്കാനുളള മതിയായ സൗകര്യം ഇല്ലാത്തതിനാല്‍ വലിയ വിമാനങ്ങള്‍ ഇവിടെ ഇറക്കുന്നതിന് പരിമിതികളുണ്ട്. ഇത് ഒഴിവാക്കുന്നതിനും ഏറ്റവും പുതിയ മോഡലുകളില്‍ ഉളള എയര്‍ബസ് വിമാനങ്ങള്‍ ഇറക്കുന്നതിനും റണ്‍വേ വികസിപ്പിക്കേണ്ടതാണെന്ന് വിദഗ്ധരും പൊതുജനങ്ങളും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു.
റണ്‍വേ വികസനത്തിനായി പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കുക എന്ന നടപടിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടറ്റത്തും റൺവേയുടെ നീളം കൂട്ടണമെന്നാണ് (എൻഡ് സേഫ്റ്റി ഏരിയ) പരിസ്ഥിതി ക്ലിയറൻസ് വിദഗ്‌ധ സമിതി ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളത്തിലെ സി.എൻ.എസ് (കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ്) സൗകര്യങ്ങൾ പുതുക്കുന്നതിനും വർധിപ്പിക്കുന്നതിനും ഉളള നിര്‍ദേശങ്ങളും സമിതി നല്‍കിയിട്ടുണ്ട്. വിമാനങ്ങൾ വന്നിറങ്ങുമ്പോഴും പുറപ്പെടുമ്പോഴും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ആർ.ഇ.എസ്.എ (Runway End Safety Area) വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

14.5 ഏക്കർ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തി

14.5 ഏക്കർ ഭൂമിയാണ് വിദഗ്ധ സമിതി നിര്‍ദേശിച്ച റണ്‍വേ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുളളത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുളളത്. റൺവേയുടെ പടിഞ്ഞാറ് ഭാഗത്ത് 7 ഏക്കർ സ്ഥലവും കിഴക്കെ ഭാഗത്ത് 7.5 ഏക്കർ ഭൂമിയുമാണ് പദ്ധതിക്കായി ആവശ്യമുളളത്.
ഇന്ത്യയിലെ ടേബിൾടോപ്പ് മാതൃകയിലുളള വിമാനത്താവളങ്ങളിലൊന്നാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ടേബിൾടോപ്പ് മാതൃകയിലാണ് വിമാനത്താവളത്തിന്റെ ഭൂപ്രകൃതി എന്നത് ഇവിടെ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഇതിനു പരിഹാരം എന്ന നിലയിലാണ് റണ്‍വേ വികസനം ആവശ്യപ്പെട്ടിരിക്കുന്നത്. 372.54 ഏക്കർ വിസ്‌തൃതിയാണ് കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
വിമാന ദുരന്തത്തിനു ശേഷം പ്രവര്‍ത്തനം നിര്‍ത്തിയ വിമാനങ്ങളില്‍ കോഡ് സി നാരോ ബോഡി വിമാനങ്ങള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കോഡ് ഡി, ഇ വിഭാഗത്തില്‍ വരുന്ന വൈഡ് ബോഡി വിമാനങ്ങള്‍ ഇപ്പോഴും വിമാനത്താവളത്തിലേക്കുളള സര്‍വീസ് തത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 484 കോടി രൂപയുടെ അനുമതി

ഫെബ്രുവരിയിലാണ് വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചത്. ഇപ്പോള്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ലഭിച്ചിരിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ 484 കോടി രൂപയുടെ അനുമതിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.
ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് വന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം AXB 1344 ലാന്‍ഡിങ്ങിനിടെ മോശം കാലാവസ്ഥ മൂലം അപകടം സംഭവിച്ച് തകരുന്നത് 2020 ഓഗസ്റ്റ് 7 നാണ്. റെണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം റണ്‍വേ മറികടന്ന് മുന്നോട്ട് നീങ്ങുകയും 35 അടി താഴേക്ക് വീഴുകയുമായിരുന്നു. അപകടത്തെ തുടർന്ന് രൂപീകരിച്ച വിദഗ്‌ധ സമിതി കണ്ടെത്തലുകൾക്ക് അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നിലവില്‍ വിമാനത്താവളത്തില്‍ പുരോഗമിക്കുകയാണ്.
സൗദി അറേബ്യ എയര്‍ലൈന്‍സിന്റെ ജംബോ ജെറ്റ്, എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍, ഖത്തർ എയർലൈൻസ് ഡബിൾ ഡെക്കർ ജംബോ ജെറ്റ് തുടങ്ങിയ വിമാനങ്ങള്‍ 2004-2015 കാലയളവിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു. എന്നാല്‍ ദാരുണമായ അപകടത്തിനു ശേഷം അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ തങ്ങളുടെ വലിയ വിമാനങ്ങള്‍ ഇവിടെ ഇറക്കുന്നതിന് വിമുഖത പ്രകടിപ്പിച്ചിരുന്നു. റണ്‍വേ വികസിപ്പിക്കുന്നതിലൂടെ നിർത്തലാക്കിയ സർവീസുകള്‍ക്ക് പുറമെ പുതിയ സര്‍വീസുകളും ആരംഭിക്കാനാകുമെന്ന പ്രതീക്ഷ വിമാനത്താവള അധികൃതര്‍ പങ്കുവെക്കുന്നു.

Related Articles

Next Story

Videos

Share it